Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപ്പ് ലംഘിച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ അണ്ണാ ഡിഎംകെ ആവശ്യപ്പെടില്ലെന്നു സൂചന

01-che-standing-table-dc

ചെന്നൈ ∙ പാർട്ടി വിപ്പ് ലംഘിച്ച് വിശ്വാസവോട്ടെടുപ്പിൽ എതിർത്തു വോട്ടുചെയ്യുകയും വിട്ടുനിൽക്കുകയും ചെയ്ത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് സ്പീക്കറോട് അണ്ണാ ഡിഎംകെ ആവശ്യപ്പെട്ടേക്കില്ല. പാർട്ടി എംഎൽഎമാരിൽ 12 പേരാണു വിപ്പ് ലംഘിച്ചത്. മുൻ മുഖ്യമന്ത്രി പനീർസെൽവമുൾപ്പെടെ 11 പേർ എതിർത്തു വോട്ടു ചെയ്തപ്പോൾ കോയമ്പത്തൂരിൽ നിന്നുള്ള എംഎൽഎ പി.ആർ.ജി. അരുൺകുമാർ വിട്ടുനിൽക്കുകയായിരുന്നു.

നിലവിൽ നിയമസഭയിൽ സ്പീക്കറൊഴികെ 134 അണ്ണാ ഡിഎംകെ അംഗങ്ങളാണുള്ളത്. വിപ്പ് ലംഘിച്ച മുഴുവൻ പേർക്കുമെതിരെ നടപടിയെടുത്താൽ 12 അണ്ണാ ഡിഎംകെ അംഗങ്ങൾക്കു നിയമസഭാംഗത്വം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഒഴിവുവരുന്ന സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പു നടന്നാൽ വിജയിക്കുമെന്ന ആത്മവിശ്വാസം ഇപ്പോൾ അണ്ണാ ഡിഎംകെയ്ക്കില്ല. അത്തരമൊരു സാഹചര്യമുണ്ടായാൽ പ്രതിപക്ഷത്ത് എണ്ണം കൂടാനാണു സാധ്യത.

ഇപ്പോൾ പളനിസാമിക്കൊപ്പമുള്ള 122 പേർ എപ്പോഴും കൂടെ നിൽക്കുമെന്നു കരുതാനും വയ്യ. അതുകൊണ്ടുതന്നെ പനീർസെൽവം പക്ഷത്തേക്കു പോയ എംഎൽഎമാരെ ശശികല പക്ഷം പൂർണമായും എഴുതിത്തള്ളിയിട്ടില്ല. പനീർസെൽവത്തെയും കെ. പാണ്ഡ്യരാജനെയും മാത്രമേ പാർട്ടിയിൽ നിന്നു പുറത്താക്കിയിട്ടുള്ളൂ. ബാക്കിയുള്ളവർക്ക് എപ്പോൾ വേണമെങ്കിലും മടങ്ങിവരാൻ വാതിലുകൾ തുറന്നിട്ടിട്ടുണ്ട്.

പനീർസെൽവത്തെയും പാണ്ഡ്യരാജനെയും മാത്രം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടാനും കഴിയില്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ തൽക്കാലത്തേക്ക് അണ്ണാ ഡിഎംകെ മൗനം പാലിക്കാനാണു സാധ്യത. അതേസമയം, വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കുള്ളിൽ നടന്ന സംഭവങ്ങളെക്കുറിച്ചു വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണർ സി. വിദ്യാസാഗർ റാവു നിയമസഭാ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

വിശ്വാസവോട്ടെടുപ്പ് റദ്ദാക്കണമെന്ന് ഡിഎംകെ; 22ന് നിരാഹാര സമരം

ചെന്നൈ ∙ തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പ് അസാധുവാക്കണമെന്നു ഗവർണർ സി. വിദ്യാസാഗർ റാവുവിനോട് ഡിഎംകെ ആവശ്യപ്പെട്ടു. പാർട്ടിയുടെ രാജ്യസഭാംഗങ്ങളായ ആർ.എസ്. ഭാരതി, ടി.കെ.എസ്. ഇളങ്കോവൻ, തിരുച്ചി എൻ. ശിവ എന്നിവർ ഗവർണറെ നേരിട്ടു കണ്ടാണ് ആവശ്യമുന്നയിച്ചത്.

വിശ്വാസ വോട്ടെടുപ്പു നടത്തിയതു ജനാധിപത്യവിരുദ്ധ രീതിയിലാണെന്ന് ആരോപിച്ച് 22നു സംസ്ഥാനത്തുടനീളം ഡിഎംകെ നിരാഹാരസമരം നടത്തും. നിയമസഭയിലെ പ്രശ്നങ്ങൾ രാഷ്ട്രപതി പ്രണബ് മുഖർജിയെ ധരിപ്പിക്കാൻ ശ്രമിക്കുമെന്ന് പ്രതിപക്ഷ നേതാവും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എം.കെ. സ്റ്റാലിൻ പറഞ്ഞു. അതിനിടെ, നിയമം ലംഘിച്ചു മറീന ബീച്ചിൽ സംഘടിച്ചതിന് സ്റ്റാലിൻ ഉൾപ്പെടെ 64 ഡിഎംകെ എംഎൽഎമാർക്കെതിരെ പൊലീസ് കേസെടുത്തു.

നിയമസഭയിലെ സംഭവങ്ങൾ വിശദീകരിച്ചു മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയും വിശ്വാസവോട്ടെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു
മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവവും ഇന്നലെ ഗവർണറെ സന്ദർശിച്ചു. അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനും 13 മുതിർന്ന മന്ത്രിമാർക്കുമൊപ്പമാണു പളനിസാമി ഗവർണറെ കണ്ടത്.

അതേസമയം, പളനിസാമി സർക്കാരിനെ അനുകൂലിച്ചു വോട്ട് ചെയ്ത അണ്ണാ ഡിഎംകെ എംഎൽഎമാർക്കെതിരെ ചില മണ്ഡലങ്ങളിൽ പ്രതിഷേധം. പെരിയകുളത്ത് എംഎൽഎ കെ. കതിർകാമുവിനെതിരെ കറുത്ത കൊടികളേന്തി അണികൾ പ്രകടനം നടത്തി. സേലം സൗത്ത് എംഎൽഎ എ.ബി. ശക്തിവേലുവിന്റെ ഓഫിസിനു മുന്നിൽ വനിതാ പ്രവർത്തകർ ധർണ നടത്തി. മണ്ഡലത്തിലെ വോട്ടർമാരോടു കൂടിയാലോചിക്കാതെ പളനിസാമി സർക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്തുവെന്നും സമരക്കാർ ആരോപിച്ചു.

തന്നെ ചിലർ വിളിച്ചു ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി കോയമ്പത്തൂർ സൗത്ത് എംഎൽഎ കെ. അർജുനനും രംഗത്തെത്തി. മുഖ്യമന്ത്രി പളനിസാമിയും മറ്റു മന്ത്രിമാരും ഇന്നു സെക്രട്ടേറിയറ്റിലെത്തി ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പളനിസാമി വൈകാതെ കൂടിക്കാഴ്ച നടത്തുമെന്നാണു സൂചന. 

Your Rating: