Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടിക്കിടെ എടപ്പാടി

01-che-dmk-mla3 കസേരകളിക്ക്...: തമിഴ്നാട് നിയമസഭയ്ക്കകത്ത് ഇന്നലെയുണ്ടായ സംഘർഷത്തിനിടെ കസേരയെടുത്ത് ഉയർത്തുന്ന ‍ഡിഎംകെ എംഎൽഎമാർ.

ചെന്നൈ ∙ തമിഴ്നാട് നിയമസഭയെ പിടിച്ചുകുലുക്കിയ ബഹളത്തിനു പിന്നാലെ ഡിഎംകെ അംഗങ്ങളെ പുറത്താക്കി നടത്തിയ വിശ്വാസ വോട്ടെടുപ്പിൽ എടപ്പാടി കെ.പളനിസാമി സർക്കാർ വിജയിച്ചു. 122 അണ്ണാ ഡിഎംകെ എംഎൽഎമാർ പിന്തുണച്ചു; പനീർസെൽവം പക്ഷത്തെ 11 പേർ എതിർത്തു. കോൺഗ്രസ്, ലീഗ് അംഗങ്ങൾ വോട്ടെടുപ്പു ബഹിഷ്കരിച്ചു. ഡിഎംകെ അംഗങ്ങളുടെ കയ്യാങ്കളിയെ തുടർന്നു നിർത്തിവച്ചും വീണ്ടും ചേർന്നും സമ്മേളനം അഞ്ചു മണിക്കൂറിലേറെ നീണ്ടു. ഒടുവിൽ അവരെ പുറത്താക്കിയശേഷം വിശ്വാസവോട്ടെടുപ്പ് മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കി.

ശശികല പക്ഷത്തുണ്ടായിരുന്ന കോയമ്പത്തൂർ നോർത്ത് എംഎൽഎ പി.ആർ.ജി.അരുൺകുമാർ നിയമസഭയിലെത്തിയില്ല. അതുകൊണ്ടാണു പളനിസാമി പ്രതീക്ഷിച്ചതിൽ നിന്ന് ഒരാളുടെ പിന്തുണ കുറഞ്ഞത്.

രാവിലെ 11നു സമ്മേളിച്ചപ്പോൾ മുതൽ കലുഷിതമായിരുന്ന നിയമസഭ സിനിമയെ വെല്ലുന്ന രംഗങ്ങൾക്കാണു സാക്ഷ്യംവഹിച്ചത്. രഹസ്യവോട്ടെടുപ്പ് ഇല്ലെങ്കിൽ വിശ്വാസ വോട്ട് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കത്തിക്കയറിയ ഡിഎംകെ അംഗങ്ങൾ സഭയെ പ്രകമ്പനം കൊള്ളിച്ചു. ബലംപ്രയോഗിച്ചു പുറത്താക്കിയതിനു പിന്നാലെ പ്രതിപക്ഷ നേതാവ് സ്റ്റാലിൻ ഗവർണറെ കാണാനാണു പോയത്. ഇടയ്ക്കു വാഹനത്തിൽനിന്നു നാടകീയമായി ഇറങ്ങി, ബലപ്രയോഗത്തിൽ കീറിയ തന്റെ ഷർട്ട് ജനങ്ങളെയും മാധ്യമങ്ങളെയും കാണിക്കാനും മറന്നില്ല. അതേ ഷർട്ടിട്ടു രാജ്ഭവനിലെത്തി സഭയിലെ സംഭവങ്ങളിലുള്ള പ്രതിഷേധം ഗവർണർ സി.വിദ്യാസാഗർ റാവുവിനെ അറിയിച്ചു. അഞ്ഞൂറോളം പൊലീസുകാർ സഭയിൽ അതിക്രമിച്ചു കയറിയാണു ഡിഎംകെ എംഎൽഎമാരെ നീക്കം ചെയ്തതെന്നും ആരോപിച്ചു.

രാജ്ഭവനിൽനിന്നു നേരെ മറീന ബീച്ചിലെ ഗാന്ധി പ്രതിമയ്ക്കു സമീപമെത്തിയ സ്റ്റാലിൻ ഡിഎംകെ എംഎൽഎമാർക്കൊപ്പം നിരാഹാരമിരിക്കാൻ പോകുകയാണെന്നു പ്രഖ്യാപിച്ചു. ഇതോടെ ഡിഎംകെ പ്രവർത്തകർ മറീനയിലേക്കു കുതിച്ചു. അപകടം മണത്ത പൊലീസ് സ്റ്റാലിൻ ഉൾപ്പെടെയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്തു നീക്കി.

നേരത്തേ, സംഘർഷസാധ്യത കണക്കിലെടുത്തു നിയമസഭാ മന്ദിരത്തിനു ചുറ്റും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. സ്റ്റാലിന്റെ വാഹനം പരിശോധനയ്ക്കായി തടഞ്ഞതിൽ ഡിഎംകെ പ്രതിഷേധിക്കുകയും ചെയ്തു. ചാനൽ ക്യാമറാമാൻമാർക്കും പത്ര ഫൊട്ടോഗ്രഫർമാർക്കും പ്രവേശനം വിലക്കിയിരുന്നെങ്കിലും ദൃശ്യങ്ങൾ പിന്നീട് ജയ ടിവിക്കു കൈമാറി. ഡിഎംകെ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ അങ്ങനെ പുറത്തെത്തുകയും ചെയ്തു. സഭയിലെ ബഹളം ശക്തമായപ്പോൾ മന്ദിരത്തിനു മുന്നിലൂടെയുള്ള ഗതാഗതം നിർത്തിവച്ചു.

Your Rating: