Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും വരും, ജെല്ലിക്കെട്ട്; മുഖ്യമന്ത്രിയുടെ ഉറപ്പു വകവയ്ക്കാതെയും പ്രതിഷേധം

Jallikkattu protest ജെല്ലിക്കെട്ടിനായുള്ള പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ മറീന ബീച്ചിലെത്തിയവർ. മൂന്നു ലക്ഷത്തോളം പേർ ഇന്നലെ സമരത്തിൽ പങ്കെടുത്തതെന്നാണു കണക്ക്. ചിത്രം മനോരമ

ചെന്നൈ ∙ ജെല്ലിക്കെട്ട് നടത്തുന്നതിനായി രണ്ടു ദിവസത്തിനുള്ളിൽ പ്രത്യേക ഓർഡിനൻസ് പുറത്തിറക്കുമെന്നും അതിനുശേഷം താൻതന്നെ അത് ഉദ്ഘാടനം ചെയ്യുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീർസെൽവം. ഇതേസമയം, മുഖ്യമന്ത്രിയുടെ ഉറപ്പു വകവയ്ക്കാതെ വിദ്യാർഥി–യുവജന പ്രക്ഷോഭം പടർന്നുപിടിക്കുന്നു. ചെന്നൈ മറീന ബീച്ചിൽ എത്തിയവരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞതായാണു സൂചന. ജെല്ലിക്കെട്ടു നടന്നിട്ടേ വീട്ടിലേക്കു മടങ്ങൂ എന്നാണു നിലപാട്.

ഓർഡിനൻസിനായി സംസ്ഥാനം സമർപ്പിച്ച കരടുരൂപം കേന്ദ്ര നിയമ–പരിസ്ഥിതി മന്ത്രാലയം ചില ഭേദഗതികളോടെ അംഗീകരിച്ചിട്ടുണ്ട്. ഇതേസമയം, ഓർഡിനൻസ് പുറത്തുവന്നാൽ ഇതിനെതിരെയുള്ള നടപടികളെടുക്കാൻ മൃഗക്ഷേമ സംഘടനയായ ‘പെറ്റ’ ഒരുക്കം തുടങ്ങി.

Stalin മാമ്പലം സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞ പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിൻ അറസ്റ്റു വരിച്ചപ്പോൾ. ചിത്രം–മനോരമ

ജെല്ലിക്കെട്ട് കേസിൽ വിധി പറയുന്നത് ഒരാഴ്ചത്തേക്കു മാറ്റിവയ്ക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവരുന്നതിനാൽ വിധി പറയുന്നതു നീട്ടിവയ്ക്കണമെന്ന് അറ്റോണി ജനറൽ മുകുൾ റോഹത്ഗി ആവശ്യപ്പെട്ടതനുസരിച്ചാണിത്. സമരം അഞ്ചാം ദിവസത്തിലേക്കു കടക്കുമ്പോൾ ലക്ഷക്കണക്കിനു യുവതീയുവാക്കളാണു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവിലിറങ്ങിയിട്ടുള്ളത്. പിന്തുണയുമായി പൊതുസമൂഹവും രംഗത്തെത്തിയതോടെ തമിഴകം ഇന്നലെ സ്തംഭിച്ചു.

വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത സമരം ബന്ദായി മാറി. കടകൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങളും ഏതാനും സിറ്റി ട്രാൻസ്പോർട്ട് ബസുകളും മാത്രമാണ് ഓടിയത്. ഡിഎംകെയുടെ ട്രെയിൻ തടയൽ സമരം കേരളത്തിലേക്ക് ഉൾപ്പെടെയുള്ള സർവീസുകളെ ബാധിച്ചു. ദീർഘദൂര ബസുകളും മുടങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. രജനീകാന്ത് ഉൾപ്പെടെയുള്ള ചലച്ചിത്ര താരങ്ങൾ ഉപവസിച്ചു. സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ നിരാഹാരം നടത്തി.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ട്രെയിൻ തടഞ്ഞ സംസ്ഥാന പ്രതിപക്ഷ നേതാവും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡിഎംകെ നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. വിനോദത്തിനു വേണ്ടി പ്രദർശിപ്പിക്കാൻ പാടില്ലാത്ത മൃഗങ്ങളുടെ പട്ടികയിൽനിന്നു കാളയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ഡിഎംകെ എംപിമാരും എംഎൽഎമാരും ഇന്ന് ഉപവസിക്കും.

Your Rating: