Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയയുടെ മരണത്തെക്കുറിച്ച് പ്രസംഗിച്ച വനിത അറസ്റ്റിൽ

PTI12_6_2016_000240B

ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ചു തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് എസ്.രാമസീതയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ജയയുടെ സഹോദരപുത്രി ദീപ ജയകുമാർ ആർകെ നഗറിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിച്ച രാമസീത താൻ അപ്പോളോ ആശുപത്രിയിൽ ഡോക്ടറായിരുന്നുവെന്നും മരിച്ചനിലയിലാണു ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ആരോപിച്ചിരുന്നു.

ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തു താനായിരുന്നു എമർജൻസി വിഭാഗത്തിലുണ്ടായിരുന്നതെന്നും അന്വേഷണ കമ്മിഷൻ രൂപീകരിക്കുകയാണെങ്കിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്താൻ തയാറാണെന്നും രാമസീത പറഞ്ഞിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. എന്നാൽ, രാമസീത എന്നൊരു ഡോക്ടർ ആശുപത്രിയിൽ ജോലി ചെയ്തിട്ടില്ലെന്നു കാണിച്ച് അപ്പോളോ അധികൃതർ പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്നാണ് അവരെ അറസ്റ്റ് ചെയ്തത്.  

അണ്ണാ ഡിഎംകെ എംഎൽഎയുടെ കാറിനു നേരെ ചെരിപ്പേറ്

ചെന്നൈ ∙ അണ്ണാ ഡിഎംകെ എംഎൽഎയും നടനുമായ കരുണാസിന്റെ കാറിനു നേരെ ചെരിപ്പേറ്. ശിവഗംഗ ജില്ലയിലെ സ്വന്തം മണ്ഡലമായ തിരുവാടണൈയിൽ സന്ദർശനത്തിനെത്തിയപ്പോഴാണു സംഭവം. സ്വാതന്ത്ര്യ സമര സേനാനി പശുംപൊൻ മുത്തുരാമലിംഗ തേവരുടെ പ്രതിമയിൽ ഹാരാർപ്പണം നടത്താൻ എത്തിയപ്പോൾ അജ്ഞാതൻ എറിഞ്ഞ ചെരിപ്പ് കാറിനു മുകളിലാണു ചെന്നു വീണത്.

‘മുക്കുളത്തോർ പുരട്ചി പട’ നേതാവായ കരുണാസ് അണ്ണാ ഡിഎംകെ സഖ്യത്തിൽ രണ്ടില ചിഹ്നത്തിൽ മൽസരിച്ചാണ് എംഎൽഎയായത്. പനീർസെൽവം വിമത ഭീഷണി മുഴക്കിയപ്പോൾ ശശികല പക്ഷത്തു നിലയുറപ്പിച്ച കരുണാസിനെതിരെ സമൂഹ മാധ്യമത്തിലുൾപ്പെടെ രൂക്ഷ വിമർശനമുയർന്നിരുന്നു.  

ഓഫിസുകളിൽ നിന്നു ജയയുടെ ചിത്രം നീക്കണമെന്ന് ഡിഎംകെ; പരാമര്‍ശത്തിനെതിരെ അണ്ണാ ഡിഎംകെ


ചെന്നൈ ∙ അനധികൃത സ്വത്തു കേസിൽ സുപ്രീം കോടതി ശിക്ഷിച്ച ജയലളിതയുടെ ചിത്രം സർക്കാർ ഓഫിസുകളിൽ നിന്നു നീക്കം ചെയ്യണമെന്നു പ്രതിപക്ഷ നേതാവും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ പദ്ധതികൾക്കു ജയലളിതയുടെ പേര് നൽകുന്നതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജയലളിതയ്ക്കെതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിച്ചു സ്റ്റാലിൻ മാപ്പു പറയണമെന്ന് അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ ആവശ്യപ്പെട്ടു. ഡിഎംകെ നേതാവിന്റെ സംസ്കാര ശൂന്യതയാണ് അതു കാണിക്കുന്നതെന്ന് ദിനകരൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഓഫിസുകളിലും സെക്രട്ടേറിയറ്റിലെ മറ്റ് ഓഫിസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമെല്ലാം ജയലളിതയുടെ ചിത്രമുണ്ട്. ഇതു നീക്കം ചെയ്യണമെന്നാണ് സ്റ്റാലിന്റെ ആവശ്യം. ഇല്ലെങ്കിൽ ഇക്കാര്യത്തിൽ കോടതിയെ സമീപിക്കും. ജനപ്രതിനിധികളുടെ മാത്രമല്ല, ജനങ്ങളുടെ തന്നെ ആവശ്യമാണിത്. ഇതു ക്രമസമാധാന പ്രശ്നങ്ങൾക്കു കാരണമാകുമെന്നും സ്റ്റാലിൻ പറഞ്ഞു.

ജയലളിതയുടെ 69–ാം പിറന്നാളിനോ‍ടനുബന്ധിച്ചു സംസ്ഥാന സർക്കാർ പരസ്യം നൽകിയതിനെയും സ്റ്റാലിൻ വിമർശിച്ചു. അന്ന് സർക്കാർ നടത്തിയ വൃക്ഷത്തൈ നടീല്‍ പരിപാടിയിൽ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇതു ശരിയല്ലെന്നും സ്റ്റാലിൻ പറഞ്ഞു. അതേസമയം, ലോകമെമ്പാടുമുള്ള തമിഴർ സ്നേഹപൂർവം ‘അമ്മ’ എന്നു വിളിക്കുന്ന ജയലളിതയുടെ മരണത്തില്‍ അവരെ ആരാധിക്കുന്ന ആയിരക്കണക്കിനു ജനങ്ങൾ വിഷമിക്കുമ്പോഴാണ് സ്റ്റാലിന്‍ ഇത്തരം അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നു ടി.ടി.വി.ദിനകരൻ പറഞ്ഞു.