Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികലയെയും പളനിസാമിയെയും ‘പുറത്താക്കി’ മറുപക്ഷം

Sasikala

ചെന്നൈ ∙ പാർട്ടി പിടിച്ചെടുക്കാൻ അണ്ണാ ഡിഎംകെയിലെ ഇരുപക്ഷങ്ങളും തമ്മിലുള്ള പോര് രൂക്ഷമായി. ജനറൽ സെക്രട്ടറി ശശികല, സഹോദരീപുത്രനും പാർട്ടി ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരൻ, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈ, ശശികലയുടെ സഹോദരപുത്രൻ എസ്. വെങ്കടേഷ് തുടങ്ങി 14 പേരെ പുറത്താക്കിയതായി പനീർസെൽവം പക്ഷത്തുള്ള പ്രസീഡിയം ചെയർമാൻ ഇ. മധുസൂദനൻ അറിയിച്ചു.

മധുസൂദനനെയും പനീർസെൽവത്തെയും ശശികല നേരത്തെ പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു. ഇതിനിടെ, അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായുള്ള നിയമനം ചോദ്യം ചെയ്തു പനീർസെൽവം പക്ഷം നൽകിയ പരാതിയിൽ ശശികലയ്ക്കു തിരഞ്ഞെടുപ്പു കമ്മിഷൻ നോട്ടീസ് അയച്ചു.

ശശികലയെ പനീർ ‘പുറത്താക്കി’യത് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്

ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കുറ്റപ്പെടുത്തിയാണു ശശികലയെയും സംഘത്തെയും ‘അണ്ണാ ഡിഎംകെയിൽ നിന്നു പുറത്താക്കി’യുള്ള പനീർസെൽവം പക്ഷത്തിന്റെ നടപടി. പനീറിന്റെ പക്ഷത്തേക്കു മാറിയ പ്രസീഡിയം ചെയർമാൻ മധുസൂദനനാണ് അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ലെറ്റർ ഹെഡിൽ പുറത്താക്കൽ നോട്ടിസ് ഇറക്കിയത്.

മാപ്പ് എഴുതി നൽകിയതിനു ശേഷമാണു 2012ൽ ശശികലയെ മുൻ മുഖ്യമന്ത്രി ജയലളിത പാർട്ടിയിൽ തിരികെ പ്രവേശിപ്പിച്ചതെന്ന കാര്യവും ഓർമിപ്പിക്കുന്നു. ശശികല, സഹോദരി പുത്രനും പാർട്ടി ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ടി.ടി.വി.ദിനകരൻ, മുഖ്യമന്ത്രി പളനിസാമി, ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ തമ്പിദുരൈ, ശശികലയുടെ സഹോദര പുത്രൻ എസ്.വെങ്കടേഷ്, മന്ത്രിമാരായ ഡിണ്ടിഗൽ സി.ശ്രീനിവാസൻ, പി.തങ്കമണി, സി.വി.ഷൺമുഖം, കെ.രാജു, ആർ.ബി.ഉദയകുമാർ, രാജ്യസഭ എംപി എ.നവനീത കൃഷ്ണൻ തുടങ്ങി 14 പേരെയാണു ‘പുറത്താക്കിയത്’. ഇവരുമായി ഒരു ബന്ധവും പാടില്ലെന്നാണ് അണികൾക്കുള്ള നിർദേശം.

അതേസമയം, മധുസൂദനനെ പ്രസീഡിയം ചെയർമാൻ പദവയിൽ നിന്നും പ്രാഥമികാംഗത്വത്തിൽ നിന്നും ഒരാഴ്ച മുൻപു പുറത്താക്കിയ ശശികല, കഴിഞ്ഞ ദിവസം പനീർസെൽവം, പാണ്ഡ്യരാജൻ എന്നിവരെയും പുറത്താക്കി ഉത്തരവിട്ടിരുന്നു.

related stories
Your Rating: