Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികല തന്നെ തലൈവി

PTI12_29_2016_000057B

ചെന്നൈ ∙ ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനമെത്തി; അണ്ണാ ഡിഎംകെയ്ക്കു ‘ചിന്നമ്മ’ തന്നെ നേതാവ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല നടരാജനെ പാർട്ടി ജനറൽ സെക്രട്ടറിയായി നിശ്ചയിച്ചു. ജയ സ്ഥിരമായി ഉപയോഗിച്ചിരുന്ന തേക്ക് കസേരയെ ‘സാക്ഷിയാക്കി’ നടന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് ഐകകണ്ഠ്യേന പ്രമേയം അംഗീകരിച്ചത്. 

പിന്നീട്, മുഖ്യമന്ത്രി ഒ.പനീർസെൽവം ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ വസതിയിലെത്തി ഇക്കാര്യം അറിയിച്ചപ്പോൾ തീരുമാനം അംഗീകരിച്ചതായി ശശികല പ്രതികരിച്ചു. പ്രമേയത്തിന്റെ പകർപ്പ് ജയലളിതയുടെ ചിത്രത്തിനു മുന്നിൽ വച്ചു പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു ചിന്നമ്മയുടെ പ്രതികരണം. ജയയ്ക്കു പ്രിയപ്പെട്ട പച്ചസാരിയണിഞ്ഞാണു ശശികലയെത്തിയത്.

നാളെ ചുമതലയേൽക്കും. പിന്നാലെ സംസ്ഥാന പര്യടനവും ആരംഭിച്ചേക്കും. പാർട്ടി നിയമാവലിപ്രകാരമുള്ള തിരഞ്ഞെടുപ്പിലൂടെ നേതാവിനെ തീരുമാനിക്കുന്നതു വരെയാണിപ്പോൾ ശശികലയുടെ നിയമനമെന്നാണ് അറിയിപ്പ്. ജയലളിതയ്ക്കു ഭാരതരത്നവും മാഗ്സസെ അവാർഡും സമാധാനത്തിനുള്ള നൊബേൽ സമ്മാനവും നൽകണമെന്നു ജനറൽ കൗൺസിൽ യോഗം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജയയുടെ ജന്മദിനം ‘ദേശീയ കർഷകദിന’മായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി ചരൺ സിങ്ങിന്റെ ജന്മദിനമായ ഡിസംബർ 23 ആണു നിലവിൽ ‘കിസാൻ ദിവസ്.’

വേദിയുടെ മധ്യത്തിൽ തേക്ക് കസേരയിൽ വച്ച ‘അമ്മ’യുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണു യോഗം ആരംഭിച്ചത്. ഡൽഹിയിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചകളിൽ പോലും ഈ കസേരയിലേ ജയ ഇരിക്കുമായിരുന്നുള്ളൂ. 

Your Rating: