Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖം മിനുക്കാൻ ക്രൈം ബ്രാഞ്ച്

പാലക്കാട് ∙ കേസന്വേഷണം വേഗത്തിലും കാര്യക്ഷമമായും പൂ‍ർത്തിയാക്കാൻ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ ഘടന പരിഷ്കരിക്കാൻ നീക്കം. സ്ഥാനമൊഴിയുന്ന ക്രൈംബ്രാഞ്ച് ഡിജിപി എ. ഹേമചന്ദ്രന്റെ ശുപാർശകൾ ചർച്ച ചെയ്യാൻ ഡിജിപി ലേ‍ാക്നാഥ് ബെഹ്റയുടെ അധ്യക്ഷതയിൽ ഈ ആഴ്ച ഉന്നത ഉദ്യേ‍ാഗസ്ഥരുടെ യേ‍ാഗം ചേരും. 

പ്രധാന പരിഷ്കാര നിർദേശങ്ങൾ ഇങ്ങനെ:

∙ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ മൂന്ന് ഐജിമാർക്കു കേ‍ാഴിക്കേ‍ാട്, തിരുവനന്തപുരം, എറണാകുളം മേഖലയുടെ ചുമതല 

∙ മുഴുവൻ ജില്ലകളിലും എല്ലാ കേസുകളും അന്വേഷിക്കാൻ എസ്പിമാരുടെ കീഴിൽ സംഘം 

∙ ക്രൈംബ്രാഞ്ചിലെ ആഭ്യന്തര സുരക്ഷാവിഭാഗം കേ‍ാഴിക്കേ‍ാട്ടേക്കും ആന്റിപൈറസി സെൽ കെ‍ാച്ചിയിലേക്കും മാറ്റണം. അവിടത്തെ എസ്പിമാർക്കു ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ ചുമതല കൂടി നൽകുന്നതും സജീവ പരിഗണനയിൽ.

സാമ്പത്തികച്ചെലവില്ലാതെ പുനഃസംഘടന നടത്താൻ കഴിയുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അതതു വിഷയങ്ങളിൽ താൽപര്യമുള്ളവരെ മാത്രം അന്വേഷണസംഘത്തിൽ നിയമിക്കണമെന്നു പ്രത്യേകം നിർദേശവുമുണ്ട്.

മൂന്നു വിഭാഗമാക്കിയത് 2009ൽ

സാമ്പത്തിക കുറ്റകൃത്യങ്ങൾ, കെ‍ാലപാതകങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ എന്നീ മൂന്നു വിഭാഗങ്ങളായി 2009ലാണു ക്രൈംബ്രാഞ്ചിന്റെ പ്രവർത്തനഘടന മാറ്റിയത്. ഇത് അശാസ്ത്രീയമാണെന്ന് ഉന്നത ഉദ്യേ‍ാഗസ്ഥർ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനും കൊലപാതകക്കേസുകൾക്കും മൂന്നു വീതവും സംഘടിത കുറ്റകൃത്യങ്ങൾക്കു നാലും എസ്പിമാരാണുള്ളത്. ഭൂരിഭാഗം ജില്ലകളിലും എല്ലാ വിഭാഗവും ഇല്ലാത്തതിനാൽ വയനാട്, ഇടുക്കി ജില്ലകളിൽ നിന്നുൾപ്പെടെയുളള കേസുകൾ അന്വേഷിക്കാൻ ഉദ്യേ‍ാഗസ്ഥർ പ്രയാസപ്പെടുന്നു. അന്വേഷണം പൂർത്തിയാവാത്ത കേസുകളു‍ടെ എണ്ണം കുറയ്ക്കാൻ രണ്ടു വർഷം മുൻപു ജില്ലാതല ക്രൈംബ്രാഞ്ചുകൾ നിലവിൽ വന്നെങ്കിലും ഗുണമുണ്ടായില്ലെന്നാണു വിലയിരുത്തൽ. 

related stories