Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംതിയാസ് വധം: മരട് അനീഷ് അടക്കം മുഴുവൻ പ്രതികളേയും വിട്ടയച്ചു

Law | Justice | Court

കൊച്ചി∙ തെക്കൻ ചിറ്റൂർ ഡിവൈൻനഗറിൽ വാടകയ്‌ക്കു താമസിച്ചിരുന്ന പുളിക്കലത്ത് ഇംതിയാസ് ഖാനെ (36) കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ മരട് അനീഷ് അടക്കം മുഴുവൻ പ്രതികളേയും വിചാരണ കോടതി വിട്ടയച്ചു. കേസിൽ സാഹചര്യത്തെളിവുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് കുറ്റം തെളിയിക്കാൻ പോന്ന ശാസ്ത്രീയ തെളിവുകളല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതിയുടെ നടപടി. 

കൊച്ചിയിലെ രണ്ടു ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. 2015 ഏപ്രിലിൽ കുറ്റപത്രം സമർപ്പിച്ച കേസിലെ വിചാരണ നടപടികൾ 2017 ജനുവരിയിലാണ് തുടങ്ങിയത്. കേസിൽ 98 സാക്ഷികളെ വിസ്തരിച്ചു. ഭായ് നസീർ, മരട് അനീഷ് എന്നിവർ തമ്മിലുള്ള ഗുണ്ടാപ്പകയാണു നസീറിന്റെ അടുത്ത കൂട്ടാളിയായിരുന്ന ഇംതിയാസിനെ വധിക്കാനുള്ള കാരണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

അനീഷിനു പുറമെ ഗുണ്ടകളായ പാലാരിവട്ടം അജിത്ത് (28), പാലക്കാട് ആലത്തൂർ സനീഷ് (30), മധുര സ്വദേശി ഭൂവനേശ്വർ (28), ശിവകാശി സോനൈകുമാർ (28), പാലക്കാട് നെന്മാറ രാജീവ് (30), കോയമ്പത്തൂർ രാജ്‌കുമാർ (22) എന്നിവരായിരുന്നു പ്രതികൾ. ഇവർക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ, ആൾമാറാട്ടം നടത്തി വ്യാജ സിം കാർഡ് സംഘടിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരുന്നത്.

2012 ഡിസംബർ 26 നു രാത്രിയാണു ഇംതിയാസ് ഖാൻ കൊല്ലപ്പെട്ടത്. സാന്താക്ലോസ് വേഷം ധരിച്ച കൊലയാളികൾ കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കാറിൽ ചിറ്റൂരിലെ വീടിനു സമീപം ഉപേക്ഷിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള സോനൈകുമാർ, ഭൂവനേശ്വർ (ഈശ്വർ), രാജ്‌കുമാർ എന്നിവരും അനീഷിന്റെ സംഘത്തിലെ ഗുണ്ടകളുമാണു കൊല നടത്തിയതെന്നു ലോക്കൽ പൊലീസ്  കണ്ടെത്തിയിരുന്നു. പിന്നീട് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും മരട് അനീഷ് ഉൾപ്പെടെയുള്ളവരെ പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്.

related stories