Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂർ പൂരത്തിനു സമാപ്തി

pooram തൃശൂർ പൂരത്തിനു സമാപനം കുറിച്ചു പാറമേക്കാവ്–തിരുവമ്പാടി ദേവിമാർ വടക്കുന്നാഥ ക്ഷേത്ര ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലി പിരിയുന്നു.

തൃശൂർ ∙ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിയുമ്പോൾ പൂരപ്രേമികൾ തിരിച്ചറിഞ്ഞു, ഇഷ്ടപൂരം പിരിഞ്ഞിരിക്കുന്നു. അടുത്ത പൂരമെത്തുംവരെ ഇനി ഓർമകളിൽ നഷ്ടപ്പൂരപ്പെരുക്കം നിറഞ്ഞു നിൽക്കും.

അഹിതകരമായ ഓർമകൾക്കൊന്നും അവസരമ‍ുണ്ടാക്കാതെ ആഹ്ലാദം മാത്രം ശേഷിപ്പിച്ച പൂരത്തിനു മംഗളകരമായ പരിസമാപ്തി. അടുത്ത പൂരത്തിനുള്ള ‘കൗണ്ട് ഡൗണി’നു തുടക്കമിട്ടു പൂരപ്രേമികൾ മടങ്ങി. 

ഇരുഭഗവതിമാരും പൂരപ്പിറ്റേന്നു രാവിലെ ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളിയതോടെയാണ് പകൽപ്പൂരത്തിനു തുടക്കമായത്. 15 ആനകളുടെയും നടപ്പാണ്ടിമേളത്തിന്റെയും അകമ്പടിയോടെയാണ് പാറമേക്കാവിലമ്മ നിലപാടുതറയിലേക്ക് എഴുന്നള്ളിയത്. 15 ആനകളുടെ അകമ്പടിയോടെ കുടമാറ്റവുമായി തിരുവമ്പാടി ഭഗവതിയും എഴുന്നള്ളിയെത്തി.

തിരുവമ്പാടിക്കു കിഴക്കൂട്ട് അനിയൻ മാരാരും പാറമേക്കാവിനു പെരുവനം കുട്ടൻ മാരാരും മേളപ്രമാണം വഹിച്ചു. ഇരുമേളങ്ങളും ശ്രീമൂലസ്ഥാനത്തെത്തിയപ്പോൾ ജനം ഹർഷാരവം മുഴക്കി. ഭഗവതിമാർ വടക്കുന്നാഥനെ വണങ്ങി നടുവിലാൽ ഗണപതിയെ തൊഴുതു ശ്രീമൂലസ്ഥാനവും നിലപാടുതറയും വണങ്ങി മുഖാമുഖം നിന്നതോടെ ഉപചാരം ചൊല്ലിപ്പിരിയുന്ന നിമിഷമായി.

പാറമേക്കാവ് ഭഗവതിയുടെ കോലമേറ്റിയ പാറമേക്കാവ് പദ്മനാഭനും തിരുവമ്പാടി ഭഗവതിയുടെ കോലമേറ്റിയ തിരുവമ്പാടി ശിവസുന്ദറും മുഖാമുഖം നിന്നു തുമ്പിക്കൈ ഉയർത്തി യാത്ര ചോദിച്ചു. ജനസാഗരം ആർത്തിരമ്പി. അടുത്ത വർഷം പൂരത്തിനു കാണാമെന്ന മൗനപ്രാർഥനയോടെ ഭഗവതിമാർ മടങ്ങി, പൂരപ്രേമികളും.