Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തങ്ങയിൽ നിന്നു പിടിച്ച സ്ഫോടകവസ്തു ശേഖരം: ക്രൈംബ്രാഞ്ച് റെയ്ഡിൽ എട്ടു ടൺ കൂടി കണ്ടെടുത്തു

Explosives കർണാടകയിലെ രാമനഗർ ജില്ലയിൽപെട്ട ചെമ്മനഹള്ളിയിൽ നിന്ന് കണ്ടെടുത്ത സ്ഫോടകവസ്തുക്കൾ അവിടുത്തെ ഗോഡൗണിൽ.

ബത്തേരി∙ മുത്തങ്ങയിൽ നിന്ന് ഒരാഴ്ച മുൻപ് 10 ടൺ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതിന് പിന്നാലെ വീണ്ടും വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. അന്ന് പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ബെംഗളൂരുവിനടുത്ത് രാമനഗർ ചെമ്മനഹള്ളിയിലെ ഗോഡൗണിൽ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് എട്ടു ടണ്ണോളം വരുന്ന പുതിയ സ്ഫോടകവസ്തുശേഖരം കണ്ടെടുത്തത്.

ഇതോടെ ഒരാഴ്ചയ്ക്കുള്ളിൽ 18 ടൺ ‌സ്ഫോടക വസ്തുവാണ് വയനാട് പൊലീസ് പിടികൂടിയത്.

ചെമ്മനഹള്ളിയിലെ ക്രഷർ യൂണിറ്റിനോട് ചേർന്ന ഗോഡൗണിൽ രഹസ്യമായി സൂക്ഷിച്ച 31 പെട്ടി സേഫ്റ്റി ഫ്യൂസ്, 13500 ഇലക്ട്രിക് ഡിറ്റനേറ്ററുകൾ, 222 നിയോജെൽ സ്റ്റിക്കുകൾ, നിരോധിക്കപ്പെട്ട ഒരു ചാക്ക് അമോണിയം നൈട്രേറ്റ് എന്നിവയാണ് പിടിച്ചെടുത്തത്. ഇവ കർണാടക രാമനഗർ ബഡ്ഡി പൊലീസ് സ്റ്റേഷൻ അധികൃതർക്ക് കൈമാറി.

കഴിഞ്ഞ ആറിന് മുത്തങ്ങയിൽ ലോറിയിൽ 10 ടൺ സ്ഫോടകവസ്തു കടത്തിയ സംഭവത്തിൽ റിമാൻഡിലായ ലോറി ക്ലീനർ തൃശൂർ തലപ്പള്ളി ദേശമംഗലം ചെറുവത്തൂർ കൃഷ്ണകുമാർ(40), ലോറിയെ അനുഗമിച്ച കാറിലുണ്ടായിരുന്ന തമിഴ്നാട് ധർമ്മപുരി ഹരൂർ അച്ചിവാടി ഒട്സാൽപെട്ടി സ്വദേശികളായ രംഗനാഥൻ(37), സുരളി രാജൻ(37) എന്നിവരെ കസ്റ്റഡിയിൽ വാങ്ങിയാണ് പൊലീസ് ബെംഗളൂരുവിന് തിരിച്ചത്. സുരളിരാജനിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി വി.പി. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ബെംഗളൂരുവിൽ റെയ്ഡ് നടന്നതും സ്ഫോടകവസ്തു ശേഖരം പിടികൂടിയതും. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുൻപ് ഇതേ സംഘം കേരളത്തിലേക്ക് സ്ഫോടകവസ്തുക്കൾ കടത്തിയെന്നു പറയുന്നു. കേരളത്തിൽ സ്ഫോടകവസ്തുക്കൾ വാങ്ങിയവരെ പൊലീസ് തേടുന്നുണ്ട്.