Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈക്കൂലി വാങ്ങുമ്പോൾ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് ഓടിച്ചുപിടിച്ചു

village-officer ചൂർണിക്കര വില്ലേജ് അസിസ്റ്റന്റ് ടി.ബി. അനിൽകുമാറിനെ വിജിലൻസ് പിടികൂടിയപ്പോൾ.

ആലുവ∙ ഭൂമി പോക്കുവരവു നടത്താൻ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് സംഘം പിടികൂടി. ചൂർണിക്കര വില്ലേജ് ഓഫിസിൽ വില്ലേജ് അസിസ്റ്റന്റായ ടി.ബി. അനിൽകുമാറിനെ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തു പൊലീസ് ഓടിച്ചു പിടിക്കുകയായിരുന്നു.

അശോകപുരം തറയിൽ ജിജോ ഫ്രാൻസിസിൽനിന്ന് 6,500 രൂപ കൈക്കൂലി വാങ്ങുമ്പോഴാണു സംഭവം. വീടിരിക്കുന്ന ഏഴര സെന്റ് സ്ഥലത്തിന്റെ പോക്കുവരവിനു ജിജോ 1,500 രൂപ നൽകിയെങ്കിലും 15,000 രൂപ വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടതായി പറയുന്നു. പിന്നീട് അതു കുറച്ച് 6,500 രൂപയാക്കി. ഇത്രയും തുക നൽകാനുള്ള സാമ്പത്തികശേഷി ജിജോയുടെ കുടുംബത്തിനില്ല. അപകടത്തിൽ പരുക്കേറ്റു കിടപ്പിലാണു പിതാവ്.

തുടർന്നു ജിജോ വിജിലൻസിൽ പരാതിപ്പെട്ടു. അവരുടെ നിർദേശപ്രകാരം റെയിൽവേ സ്റ്റേഷൻ റോഡിൽ ഉച്ചയ്ക്ക് ഒന്നോടെ പണം കൈമാറി. വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ 6,500 രൂപയാണു ജിജോ കൊടുത്തത്. പണം കൈപ്പറ്റിയ ഉടൻ ഡിവൈഎസ്പി എം.എൻ. രമേശ് പിടിക്കാൻ തുനിഞ്ഞപ്പോഴാണ് അനിൽകുമാർ ഓടിയത്. പക്ഷേ, ചുറ്റും നിന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ വളഞ്ഞു കീഴ്പ്പെടുത്തി.

കരസേനയിൽ ഹവിൽദാറായിരുന്ന പ്രതി ഏഴു വർഷം മുൻപാണു വിമുക്ത ഭടന്മാർക്കുള്ള സംവരണ ആനുകൂല്യത്തിൽ റവന്യു സർവീസിൽ കയറിയത്. ചൂർണിക്കരയിൽ എത്തിയിട്ട് അഞ്ചു മാസമേ ആയുള്ളൂ. നേരത്തേ ആലുവ വെസ്റ്റ് വില്ലേജ് ഓഫിസിൽ പ്രവർത്തിക്കുമ്പോഴും ഇയാൾക്കെതിരെ പരാതി ഉണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

സിഐ കെ.വി. ബെന്നി, എസ്ഐമാരായ മനോജ്, ഹരിക്കുട്ടൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. അനിൽകുമാറിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി.

related stories