Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രമ്യ വധക്കേസ്: ഭർത്താവ് ഷമ്മികുമാറിനു ജീവപര്യന്തം തടവും പിഴയും

remya-murder

തലശേരി∙ ഭാര്യയെ ലോഡ്ജ്മുറിയിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനു ജീവപര്യന്തം തടവും പിഴയും. കാട്ടാമ്പള്ളി അമ്പൻ ഹൗസിൽ രവീന്ദ്രന്റെ മകൾ രമ്യയെ ലോഡ്ജ്മുറിയിൽ കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ഒന്നാം പ്രതിയുമായ കണ്ണൂർ അഴീക്കോട്ടെ പാലോട്ട്‌വയലിൽ ഷമ്മികുമാറിനു(40) ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

ഷമ്മികുമാറി​ന്റെ അമ്മയും രണ്ടാം പ്രതിയുമായ പത്മാവതി(70)യെ രണ്ടുവർഷം കഠിനതടവിനും 50,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. മറ്റൊരു പ്രതിയും ഷമ്മികുമാറി​ന്റെ സഹോദരനുമായ ലതീഷ്കുമാറിനെ (58) വിട്ടയച്ചു. പയ്യന്നൂരിലെ ലോഡ്ജ്മുറിയിൽ ഷാൾ കഴുത്തിൽ മുറുക്കിയ ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണു കേസ്.

ഭാര്യയെയും ഇളയ കുട്ടിയെയും കൂട്ടി ലോഡ്ജിൽ മുറിയെടുത്ത ഷമ്മികുമാർ ഭാര്യയെ കൊലപ്പെടുത്തി കുഞ്ഞിനെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു ഗൾഫിലേക്കു കടക്കുകയായിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെയാണു പിന്നീട് പൊലീസ് ഇയാളെ പിടികൂടിയത്. 2010 ജനുവരി 22നാണ് കേസിനാസ്​പദമായ സംഭവം.

കൊലപാതകക്കുറ്റത്തിന് ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും ഗാർഹിക പീഡനത്തിനു​ മൂന്നുവർഷം കഠിനതടവും 50,000 രൂപ പിഴയും തെളിവു നശിപ്പിച്ച കുറ്റത്തിന്​ ഏഴു വർഷം കഠിനതടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. പത്മാവതിയെ​ ഗാർഹിക പീഡനത്തിനാണു ശിക്ഷിച്ചിട്ടുള്ളത്. ഷമ്മികുമാർ പിഴയടച്ചില്ലെങ്കിൽ നാലു വർഷം കൂടി കഠിനതടവ്​ അനുഭവിക്കണം.

എന്നാൽ തടവുശിക്ഷ ഒന്നിച്ച്​ അനുഭവിച്ചാൽ മതി. പിഴയടച്ചാൽ മുഴുവൻ തുകയും രമ്യയുടെ മൂന്നു മക്കൾക്കായി നൽകാനും കോടതി ഉത്തരവിട്ടു. പത്​മാവതിക്കു കോടതി ജാമ്യം അനുവദിച്ചു. ഷമ്മികുമാറി​നു കാലിനു​ മുറിവുള്ളതിനാൽ വൈദ്യസഹായം നൽകാനും അഡീഷനൽ ആൻഡ്​ സെഷൻസ്​ കോടതി (ഒന്ന്​) നിർദേശിച്ചു.

related stories