Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഞ്ചുകുഞ്ഞിനെ കൊന്ന കേസിൽ പിതാവ് അറസ്റ്റിൽ

killer അനിൽ.

ചെറുതോണി∙ മൂന്നര മാസം പ്രായമായ പെൺകുഞ്ഞു മരിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. തൊട്ടിലിൽ കിടക്കുകയായിരുന്ന കുഞ്ഞിനെ കതകിന്റെ കട്ടിളപ്പടിയിൽ ഇടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. മരിയാപുരം പൂതക്കുഴിയിൽ വാടകയ്ക്കു താമസിക്കുന്ന അനിൽ (41) ആണ് മകൾ അനാമികയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. ഭാര്യ ഗ്രീഷ്മയ്ക്കു മാനസികാസാസ്ഥ്യമുണ്ടെന്ന് പ്രചരിപ്പിച്ച് കുറ്റം അവരുടെ മേൽ കെട്ടിവയ്ക്കാൻ ഇയാൾ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി.  

ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ അനിൽ ജോലി കഴിഞ്ഞ് വന്നതിനുശേഷം കാപ്പി നൽകാത്തതിന്റെ പേരിൽ ഗ്രീഷ്മയുമായി വഴക്കുണ്ടാക്കി.പിന്നീട്  പുറത്തു പോയി രാത്രി ഏഴോടെ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഗ്രീഷ്മ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. ഈ സമയം വീണ്ടും കാപ്പി ആവശ്യപ്പെട്ട അനിലിനോട്, കുഞ്ഞിന്റെ കരച്ചിൽ മാറട്ടെയെന്ന് ഗ്രീഷ്മ പറഞ്ഞു. ഇതോടെ വീണ്ടും വാക്കേറ്റമായി.  വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന്   ഗ്രീഷ്മ അഞ്ചു കിലോമീറ്റർ അകലെയുള്ള ചെറുതോണി ഗാന്ധി നഗർ കോളനിയിലെ ബന്ധു വീട്ടിലേക്കു പോയി. ഗ്രീഷ്മ പോയശേഷം തൊട്ടിലിൽ കിടന്ന കുഞ്ഞ് ഉച്ചത്തിൽ കരഞ്ഞു. ആദ്യം അനിൽ തൊട്ടിലാട്ടിയെങ്കിലും കുഞ്ഞിന്റെ കരച്ചിൽ കൂടി.  ദേഷ്യം വന്ന അനിൽ തൊട്ടിൽ ശക്തിയായി കതകിന്റെ കട്ടിളപ്പടിയിൽ ഇടിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഇടിയുടെ, ആഘാതത്തിൽ കുഞ്ഞിന്റെ തലയോട്ടിക്ക് പൊട്ടൽ സംഭവിച്ചു.  ചെവിയിലൂടെയും, മൂക്കിലൂടെയും രക്തം പുറത്തേക്ക് ഒഴുകിയെങ്കിലും വക വയ്ക്കാതെ അനിൽ കുളിക്കുന്നതിനായി പോയി. കുളി കഴിഞ്ഞെത്തിയ ഇയാൾ കയ്യബദ്ധം പറ്റിയതായി സുഹൃത്തിനെ വിളിച്ചറിയിച്ചു. തുടർന്ന് ബന്ധുക്കളെ കൂട്ടി ഇടുക്കി ജില്ലാ ആശുപത്രിയിലും തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും കുഞ്ഞിനെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

താൻ പുറത്തേക്കു പോയ സമയം ഗ്രീഷ്മ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് അനിൽ പൊലീസിനോട് പറഞ്ഞത്. പഞ്ചായത്തിലെ സ്വീപ്പറായ ഭാര്യയ്ക്ക് ജോലിക്കു പോകുന്നതിന് തടസ്സമായതാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്നും മുൻപ് രണ്ടു പ്രാവശ്യം കുഞ്ഞിനെ അപായപ്പെടുത്താൻ ഭാര്യ ശ്രമിച്ചിരുന്നതായും ഭാര്യയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും ഇയാൾ പൊലീസിനോടു പറഞ്ഞു. ഗ്രീഷ്മയെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. 

ഇരുവരുടേയും രണ്ടാമത്തെ വിവാഹമാണിത്. പെൺകുഞ്ഞ് ജനിച്ചതിൽ അനിൽ ദേഷ്യപ്പെട്ടിരുന്നതായും കുഞ്ഞിനെ കൊണ്ടു പോയി കളയാൻ ആവശ്യപ്പെട്ടിരുന്നതായും ഗ്രീഷ്മ പൊലീസിനു മൊഴി നൽകി. ഇടുക്കി സിഐ: സിബിച്ചൻ ജോസഫ് നടത്തിയ ചോദ്യം ചെയ്യലിൽ അനിൽ കുറ്റം സമ്മതിച്ചു. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തി.

related stories