Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വത്ത് തട്ടിയെടുത്ത കേസ്: അഭിഭാഷകയും ഭർത്താവും ഉടൻ അറസ്റ്റിലായേക്കും

Balakrishnan പൊലീസ് കണ്ടെടുത്ത ബാലകൃഷ്ണന്റെ ഫോട്ടോ.

പയ്യന്നൂർ ∙ റിട്ട. സഹകരണ ഡപ്യൂട്ടി റജിസ്ട്രാർ പി.ബാലകൃഷ്ണന്റെ ദുരൂഹ മരണവും സ്വത്തു തട്ടിയെടുക്കാൻ വ്യാജരേഖ തയാറാക്കിയതും സംബന്ധിച്ച കേസിലെ പ്രധാന പ്രതികളായ പയ്യന്നൂരിലെ അഡ്വ. കെ.വി.ശൈലജ, ഭർത്താവ് പി.കൃഷ്ണകുമാർ എന്നിവരെ രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്നു പൊലീസ്. ശൈലജയ്ക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ശൈലജയുടെ സഹോദരി കെ.വി.ജാനകി, സംഭവം നടക്കുന്ന സമയത്തെ പയ്യന്നൂർ വില്ലേജ് ഓഫിസർ, തളിപ്പറമ്പ് താലൂക്ക് ഓഫിസർ എന്നിവരും കേസിൽ പ്രതികളാണ്.  

അവിവാഹിതനായിരുന്ന ബാലകൃഷ്ണൻ 2011ൽ കൊടുങ്ങല്ലൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായും പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയെന്ന് അവകാശപ്പെട്ടു പയ്യന്നൂർ സ്വദേശിയായ കെ.വി.ജാനകി രംഗത്തുവന്നു പെൻഷനും സ്വത്തുക്കളും തന്റെ പേരിലാക്കുകയും ചെയ്തുവെന്ന പരാതിയിൽ കോടതി നിർദേശപ്രകാരമാണു പൊലീസ് കേസെടുത്തത്. 

പിന്തുടർച്ചാ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളെപ്പറ്റിയുള്ള അന്വേഷണത്തിനിടെ, വില്ലേജ് ഓഫിസിലെ ചില രേഖകൾ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥനായ എം.പി.ആസാദിനു ലഭിച്ചിരുന്നു. ഇവ വിദഗ്ധ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചപ്പോൾ വ്യാജരേഖയുണ്ടാക്കുന്നതിൽ അഭിഭാഷകയ്ക്കു നിർണായക പങ്കുണ്ടെന്നതിനു തെളിവു ലഭിച്ചിട്ടുണ്ട്. ബാലകൃഷ്ണന്റെ മരണശേഷം പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കി ജാനകിയും ശൈലജയും ചേർന്നു തിരുവനന്തപുരം പേട്ടയിലെ വീട് 19.50 ലക്ഷം രൂപയ്ക്കു വിറ്റതായും കാനറ ബാങ്കിലെ അക്കൗണ്ടിൽ നിന്ന് 66,000 രൂപ പിൻവലിച്ചതായും പരിയാരം അമ്മാനപ്പാറയിലെ ആറ് ഏക്കർ ശൈലജയുടെ പേരിലേക്കു മാറ്റിയതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലന്റെ സാന്നിധ്യത്തിൽ  ഉദ്യോഗസ്ഥർ അന്വേഷണ പുരോഗതി വിലയിരുത്തി. എസ്പിയുടെ സ്ക്വാഡിലെ എട്ടു പേരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. കെ.വി.ശൈലജ മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങി. 

അതേസമയം, കെ.വി.ജാനകിയുടെ കുടുംബ പെൻഷൻ ത‍ടഞ്ഞുകൊണ്ട് ജില്ലാ ട്രഷറി ഓഫിസർ ഉത്തരവിട്ടു. പയ്യന്നൂർ സബ് ട്രഷറിയിൽ നിന്നാണ് ഇവർ കുടുംബ പെൻഷൻ വാങ്ങുന്നത്. ജീവിച്ചിരിപ്പുണ്ടെന്നു വ്യക്തൂമാക്കുന്ന ലൈഫ് സർട്ടിഫിക്കറ്റ് ഒന്നര വർഷമായി ജാനകി ഹാജരാക്കാത്ത കാരണം കാണിച്ചാണു പെൻഷൻ തടഞ്ഞത്. 

ജാനകിയുടെ പെൻഷൻ 10,842 രൂപ ട്രഷറിയിൽ നിന്ന് ഏറ്റുവാങ്ങുന്നതു ശൈലജയാണെന്നു വ്യക്തമായിട്ടുണ്ട്. തളിപ്പറമ്പിലെ ജനകീയ ആക്‌ഷൻ കമ്മിറ്റി നൽകിയ പരാതിയിലാണു കഴിഞ്ഞ മാസം 22നു കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. 

30 വർഷമായി ബാലകൃഷ്ണൻ തിരുവനന്തപുരം പേട്ടയിലെ വലിയവീട് ലൈനിലെ വീട്ടിലായിരുന്നു താമസം. പേട്ടയിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ തുടർ ചികിത്സയ്ക്കു കോഴിക്കോട്ടേക്കെന്നു പറഞ്ഞു ബാലകൃഷ്ണനെ കൃഷ്ണകുമാറും ശൈലജയും നിർബന്ധിതമായി ഡിസ്ചാർജ് ചെയ്യിച്ചതിലും യാത്രയ്ക്കിടെ  2011 സെപ്റ്റംബർ 11നു കൊടുങ്ങല്ലൂരിൽ വച്ചു ബാലകൃഷ്ണന്റെ മരണം സംഭവിച്ചതിലും ഷൊർണൂരിൽ സംസ്കാരം നടത്തിയതിലും ഒരു വിവരവും അടുത്ത ബന്ധുക്കളെ പോലും അറിയിക്കാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് ആക്‌ഷൻ കമ്മിറ്റിയുടെ ആക്ഷേപം.

കുടുംബ പെൻഷൻ കൈപ്പറ്റുന്നതും അഭിഭാഷക!

പയ്യന്നൂർ ∙ കെ.വി.ജാനകിയുടെ കുടുംബ പെൻഷൻ ട്രഷറിയിൽ നിന്ന് ഏറ്റുവാങ്ങുന്നതു ശൈലജയാണെന്നു പൊലീസ് കണ്ടെത്തി. പെൻഷൻ തുകയിൽ ഒരു രൂപ പോലും തനിക്കു കിട്ടുന്നില്ലെന്നു ജാനകി പൊലീസിനു മൊഴി നൽകിയിരുന്നു.

 ജാനകി ഒപ്പിട്ട ചെക്ക് കൊണ്ടുവന്നാണ് ഇവർ പെൻഷൻ വാങ്ങുന്നതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ട്രഷറി ഓഫിസ് സൂപ്രണ്ട് പെൻഷൻ ബുക്കിൽ രേഖപ്പെടുത്തിയ ഫോൺനമ്പറിൽ വിളിച്ചപ്പോൾ അഭിഭാഷകയാണു ഫോൺ എടുത്തതത്രെ. അടുത്ത ദിവസം ആൾ നേരിട്ടു വരുമെന്നു പറഞ്ഞുവെങ്കിലും അവർ വരാത്തതിനെത്തുടർന്ന് വീണ്ടും വിളിച്ചുവെങ്കിലും ഫോൺ എടുത്തില്ലത്രേ.

അതേസമയം കുടുംബ പെൻഷൻ ലഭിക്കുന്നതിനു ട്രഷറിയിൽ ജാനകി നൽകിയ ഫോട്ടോയിലും ഒപ്പുകളിലും കൗണ്ടർ സൈൻ ചെയ്ത ഗസ്റ്റഡ് ഓഫിസർ പയ്യന്നൂർ ഗേൾസ് ഗവ. ഹയർസെക്കൻഡറി സ്കൂളിലുണ്ടായിരുന്ന ഒരു അധ്യാപകനാണെന്നു പൊലീസ് കണ്ടെത്തി. തന്നെ തെറ്റിദ്ധരിപ്പിച്ച് ഒപ്പിടുവിച്ചതെന്നാണ് അധ്യാപകൻ പൊലീസിനോടു പറഞ്ഞിട്ടുള്ളത്.

കുടുംബ പെൻഷൻ ആവശ്യത്തിലേക്കായി കെ.വി.ജാനകി പുനർവിവാഹിതയല്ലെന്നു വില്ലേജ് ഓഫിസർ 2012ൽ സർട്ടിഫിക്കറ്റ് നൽകിയിരുന്നതായി പൊലീസ് കണ്ടെത്തി.

related stories