Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിവിൽ സർവീസ് കോപ്പിയടി: അന്വേഷണം കേരളത്തിലും

ips-officer സിവില്‍ സര്‍വീസ് പരീക്ഷയിലെ കോപ്പിയടിക്കു പിടിയിലായ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഫീര്‍ കരീമും ഭാര്യ ജോയ്സിയും

ചെന്നൈ ∙ സിവിൽ സർവീസ് മെയിൻ പരീക്ഷയിലെ ഹൈടെക് കോപ്പിയടിയുമായി ബന്ധപ്പെട്ട അന്വേഷണം കേരള പിഎസ്‌സി, ഐഎസ്ആർഒ പരീക്ഷകളിലേക്കും വ്യാപിപ്പിക്കുന്നു. സമാന തട്ടിപ്പ് മുൻപു നടന്നിട്ടുണ്ടോയെന്നാണു പരിശോധിക്കുന്നത്.

രണ്ടു പരീക്ഷകളുടെയും ചോദ്യക്കടലാസും ഉത്തര സൂചികയും ഹൈദരാബാദിൽനിന്നു പിടികൂടിയ ലാപ്ടോപ്പിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. തട്ടിപ്പിനു പിടിയിലായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ സഫീർ കരീമിന്റെ നെടുമ്പാശേരി വയൽക്കരയിലെ വീട്ടിലും കൊച്ചിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങളിലും തമിഴ്നാട് പൊലീസ് പരിശോധന നടത്തി. തിരുവനന്തപുരത്തെ പരിശീലനകേന്ദ്രത്തിലും പരിശോധന നടത്തും.

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ അറസ്റ്റിലായ സഫീറിന്റെ സുഹൃത്ത് ഡോ. പി. രാംബാബുവിനെ ചെന്നൈയിൽ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇയാളിൽനിന്നു നിർണായക വിവരങ്ങൾ ലഭിച്ചതായാണു വിവരം.

ചില കേരള പിഎസ്‌സി പരീക്ഷകൾ, ഐഎസ്ആർഒയുടെ യുഡി ക്ലാർക്ക് പരീക്ഷ എന്നിവയുടെ ചോദ്യക്കടലാസുകളുമാണു ഹൈദരാബാദിൽ ലാപ്ടോപ്പിൽനിന്നു കണ്ടെടുത്തത്. ഐഎസ്ആർഒ പരീക്ഷ സഫീറിന്റെ അടുത്ത ബന്ധുവും എഴുതിയിരുന്നു.

ചോദ്യക്കടലാസും ഉത്തരസൂചികയും ലഭിച്ചെന്നു കരുതി ക്രമക്കേട് നടന്നതായി അർഥമില്ലെന്ന് അന്വേഷണസംഘം വിശദീകരിക്കുന്നു. ഈ ദിശയിലും അന്വേഷണം നടത്തുന്നുവെന്നേയുള്ളൂ. കൂടുതൽ പേർക്കു സംഭവത്തിൽ പങ്കുണ്ടാകാനുള്ള സാധ്യതയോ അറസ്റ്റിനുള്ള സാധ്യതയോ പൊലീസ് തള്ളിക്കളയുന്നതുമില്ല. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് സർക്കാരിൽനിന്നു റിപ്പോർട്ട് തേടി.

കുഞ്ഞും ജയിലിൽ

ചെന്നൈ ∙ ഹൈടെക് കോപ്പിയടിക്കു സഫീർ കരീമിനെ സഹായിച്ചതിന് അറസ്റ്റിലായ ഭാര്യ ജോയ്സി ജോയ്സ് ജയിലിലേക്കു പോയത് ഒന്നര വയസ്സുള്ള മകളെയും കൂട്ടി. കോടതിയിൽ ഹാജരാക്കിയ ഇവരെ 15 ദിവസത്തെ ജു‍ഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്താണു പുഴൽ വനിതാ ജയിലിലടച്ചത്. ഇവിടെ പുരുഷന്മാരുടെ ജയിലിലാണു സഫീറിനെ പാർപ്പിച്ചിരിക്കുന്നത്. മൂന്നു വർഷം മുൻപ്, സിവിൽ സർവീസ് മെയിൻ പരീക്ഷയിൽ ധാർമികത, സത്യസന്ധത, അഭിരുചി എന്നിവ ഉൾപ്പെട്ട നാലാം പേപ്പറിൽ ഉന്നത വിജയം നേടിയ ആളാണു സഫീറെന്നു പൊലീസ് അറിയിച്ചു.

അതേസമയം, ഹൈദരാബാദ് പൊലീസ് അക്കാദമിയിലെ പരിശീലന കാലത്തു പ്രകടനം ശരാശരിയിലും താഴെയായിരുന്നുവെന്ന് അധ്യാപകർ പറയുന്നു. ഇലക്ട്രോണിക് എൻജിനീയറിങ് ബിരുദധാരിയായ ഇയാൾ മാനേജ്മെന്റ് പഠനത്തിനുള്ള ക്യാറ്റ് പ്രവേശനപരീക്ഷയിൽ മികച്ച റാങ്ക് നേടിയിരുന്നു. എന്നാൽ പിന്നീട് എംബിഎയ്ക്കു ചേരാതെ സിവിൽ സർവീസ് പരിശീലനത്തിനു ഡൽഹിയിലേക്കു പോകുകയായിരുന്നു.