Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിവിൽ സർവീസ് ഹൈടെക്ക് കോപ്പിയടി: കേരളത്തിൽ രണ്ടുപേർ അറസ്റ്റിൽ

Safeer Karim

തിരുവനന്തപുരം ∙ സിവിൽ സർവീസ് മെയിൻ പരീക്ഷയിലെ ഹൈടെക് കോപ്പിയടിയുമായി ബന്ധപ്പെട്ട് കേരളത്തിലും അറസ്റ്റ്. ഹൈടെക് കോപ്പിയടിക്ക് ഐപിഎസ് ഉദ്യോഗസ്ഥനായ സഫീർ കരീമിനെ സഹായിച്ച ജംഷാദ്, മുഹമ്മദ് ഷരീബ് ഖാൻ എന്നിവരെയാണു തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റു ചെയ്തത്. കോപ്പിയടിക്കു സാങ്കേതിക സഹായം നൽകിയെന്നു കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഐഎഎസ് പരിശീലന കേന്ദ്രം നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയും മാനേജരുമാണ് ഇവർ. സ്ഥാപനത്തിലെ ഹാർഡ് ഡിസ്ക്കുകൾ പൊലീസ് പിടിച്ചെടുത്തു.

വെള്ളിയാഴ്ച രാത്രിയാണ് അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട് പൊലീസ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്തെ ഐഎഎസ് പരിശീലന കേന്ദ്രത്തിൽ പരിശോധന നടത്തിയ സംഘം ശനിയാഴ്ച പുലർച്ചെയാണ് ജംഷാദ്, മുഹമ്മദ് ഷരീബ് ഖാൻ എന്നിവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചെന്നൈയിലേക്കു കൊണ്ടുപോയ ഇവരെ വിശദമായ ചോദ്യം ചെയ്യൽ നടത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

ഹൈടെക് കോപ്പിയടിക്കു സഫീർ കരീമിനെ സഹായിച്ചതിന് ഭാര്യ ജോയ്സി, സഫീറിന്റെ സുഹൃത്ത് ഡോ. പി. രാംബാബു എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നര വയസ്സുള്ള മകളെയും കൂട്ടിയാണ് ജോയ്സി ജയിലിലേക്കു പോയത്. പിന്നീട് കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജോയ്സിക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു.

മൂന്നു വർഷം മുൻപ്, സിവിൽ സർവീസ് മെയിൻ പരീക്ഷയിൽ ധാർമികത, സത്യസന്ധത, അഭിരുചി എന്നിവ ഉൾപ്പെട്ട നാലാം പേപ്പറിൽ ഉന്നത വിജയം നേടിയ ആളാണു സഫീർ. സഫീർ കരീമിന്റെ നെടുമ്പാശേരി വയൽക്കരയിലെ വീട്ടിലും കൊച്ചിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങളിലും തമിഴ്നാട് പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. 

തട്ടിപ്പ് ഇങ്ങനെ  

∙ സഫീർ ഷർട്ടിന്റെ പോക്കറ്റിൽ മൈക്രോ ക്യാമറ ഘടിപ്പിച്ചു. 

∙ ക്യാമറ ഗൂഗിൾ ഡ്രൈവിലേക്കു കണക്ട് ചെയ്തു. 

∙ ക്യാമറ വഴി ചോദ്യക്കടലാസ് സ്കാൻ ചെയ്തു ഗൂഗിൾ ഡ്രൈവിലൂടെ ഹൈദരാബാദിൽ ഭാര്യ ജോയ്സിക്ക് അയച്ചുകൊടുത്തു. 

∙ ജോയ്സി പറഞ്ഞുകൊടുക്കുന്ന ഉത്തരം ബ്ലൂടൂത്ത് ഡിവൈസ് വഴി സഫീറിന്റെ കാതിലെ ചെറിയ ഇയർ ഫോണിലേക്ക്. 

∙ ഉത്തരം വ്യക്തമല്ലെങ്കിൽ സഫീർ കടലാസിൽ പെൻസിൽ ഉപയോഗിച്ച് എഴുതും. ഇതു വീണ്ടും സ്കാൻ ചെയ്തു ജോയ്‌സിയുടെ അടുത്തേക്ക്. അവർ വ്യക്തമായി ഉത്തരം പറഞ്ഞുനൽകുന്നു. 

പ്രചോദനം ‘മുന്നാഭായ്?’  

സഞ്ജയ് ദത്ത് നായകനായ ‘മുന്നാഭായ് എംബിബിഎസ്’ എന്ന സിനിമയിൽ നിന്നാണു തട്ടിപ്പിനുള്ള ആശയം ലഭിച്ചതെന്നു ജോയ്സിയും രാം ബാബുവും പൊലീസിനു മൊഴി നൽകിയതായാണു സൂചന. സഞ്ജയ് ദത്തിന് എംബിബിഎസ് പരീക്ഷയ്ക്കു പ്രഫസർമാർ ബ്ലൂടൂത്ത് വഴി ഉത്തരം പറഞ്ഞുകൊടുക്കുന്നതായി ചിത്രത്തിലുണ്ട്. 

‘കമ്മിഷണർ’ വഴി ഐപിഎസിൽ  

മലയാള ചിത്രം ‘കമ്മിഷണർ’ കണ്ടതോടെയാണ് ഐപിഎസ് മോഹം മനസ്സിലുദിച്ചതെന്നു സഫീർ മുൻപ് അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സുരേഷ് ഗോപിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുമുണ്ട്.