Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനിലെ അനധികൃത കച്ചവടം: പിഴ ഈടാക്കിയത് 1.28 കോടി

കോട്ടയം ∙ ട്രെയിനിലെ പുകവലിക്കാർ, വെറുതെ ചെയിൻവലിച്ചു ട്രെയിൻ നിർത്തിക്കുന്നവർ, അനധികൃത കച്ചവടക്കാർ എന്നിവരിൽനിന്ന് ഈടാക്കുന്ന പിഴയാണു യാത്രാ, ചരക്കുകൂലി കഴിഞ്ഞാൽ റെയിൽവേയുടെ ഏറ്റവും വലിയ വരുമാനം. ഭിക്ഷക്കാരെ പിടിച്ചു പിഴയീടാക്കുന്നതും നല്ല വരുമാനം തന്നെ. അനാവശ്യമായി ചെയിൻ വലിച്ചതിനു ദക്ഷിണ റെയിൽവേയുടെ കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ 2015 മുതൽ 2017 ഒക്ടോബർ വരെ 1695 കേസുകൾ റജിസ്റ്റർ ചെയ്തു. 10.43 ലക്ഷം രൂപയാണു പിഴയായി ലഭിച്ചത്.

പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽനിന്നും മധുര ഡിവിഷനിൽ കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽനിന്നുമാണ് ഇൗ തുക. തിരുവനന്തപുരം ഡിവിഷനിലാണു കൂടുതൽ പിഴ ലഭിച്ചത്. 1019 കേസുകളിൽ 6.10 ലക്ഷം രൂപ. 500 രൂപവച്ചാണ് ഒരാൾക്കു പിഴ ചുമത്തുന്നത്. പുകവലിച്ചതിനു കഴിഞ്ഞ മൂന്ന് വർഷം 5960 പേരെ പിടികൂടി 6.17 ലക്ഷം ഈടാക്കി.

ഭിക്ഷാടനത്തിനു പിഴയീടാക്കിയത് പാലക്കാടു ഡിവിഷനിൽ മാത്രമാണ്. 51 പേരിൽനിന്ന് 44000 രൂപ. അനധികൃത കച്ചവടക്കാരിൽനിന്നാണ് മറ്റൊരു പ്രധാന വരുമാനം–31,420 പേരിൽനിന്ന് 1.28 കോടി രൂപ. കൂടുതൽ തിരുവനന്തപുരം ഡിവിഷനിൽനിന്നാണ്–58 ലക്ഷം രൂപ. ഉറക്കംതൂങ്ങി ഇറങ്ങേണ്ട സ്റ്റേഷനിൽ ഇറങ്ങാതെ ചെയിൻവലിച്ചു നിർത്തിച്ചവരും സ്റ്റോപ്പ് ഇല്ലാത്ത സ്റ്റേഷനുകൾക്കു സമീപം ചാടിയിറങ്ങാൻ ചെയിൻവലിച്ചു നിർത്തിച്ചു സേനയുടെ പിടിയിലായവരുമാണു ശിക്ഷിക്കപ്പെട്ടവരിൽ കൂടുതലും. അനധികൃത കച്ചവടക്കാരും ഇത്തരത്തിൽ ചെയിൻവലിച്ചു നിർത്തുന്നതു പതിവാണ്.

ജനാലയ്ക്കടുത്തിരുന്നു ഫോൺ വിളിക്കുമ്പോൾ മൊബൈൽ ഫോൺ വീണുപോയവരിൽ ചിലരും ചെയിൻവലിച്ചു നിർത്തിച്ചിട്ടുണ്ട്. പലരെയും താക്കീതുചെയ്തു വിട്ടു. കോച്ചിൽ ഫാൻ കറങ്ങുന്നില്ലെന്നും ടോയ്​ലറ്റിൽ വെള്ളമില്ലെന്നും പറഞ്ഞു ചെയിൻവലിച്ചു പ്രതിഷേധിച്ചവരെയും താക്കീതുചെയ്തു.

related stories