സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനായില്ല; കൂടുതല്‍ ട്രെയിനുകള്‍ ലഭിക്കില്ല: കണ്ണന്താനം

Alphons-Kannanthanam-4
SHARE

കൊച്ചി∙ സംസ്ഥാനം പകുതി ചെലവു വഹിക്കാതെ ശബരി പാതയും ആലപ്പുഴ വഴിയുളള പാത ഇരട്ടിപ്പിക്കലും യാഥാർത്ഥ്യമാകില്ലെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. റെയിൽ മേഖലയിൽ കേരളത്തിനുണ്ടായ നേട്ടങ്ങൾ വിശദീകരിക്കുന്ന പുതിയ റെയിൽവേ, പുതിയ കേരളം ലഘുലേഖ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങൾ റെയിൽവേ പദ്ധതികളുടെ പകുതി ചെലവു വഹിക്കുമ്പോൾ കേരളത്തിനു മാത്രമായി പ്രത്യേക നയം സാധ്യമല്ല. കോട്ടയം വഴിയുളള പാത ഇരട്ടിപ്പിക്കൽ തീരാതെ കേരളത്തിനു പുതിയ ട്രെയിനുകൾ ലഭിക്കില്ല. മുൻപു നടന്ന അവലോകന യോഗത്തിൽ ഭൂമിയേറ്റെടുത്തു കൈമാറാൻ 3 മാസം സമയം ചോദിച്ച സംസ്ഥാന സർക്കാർ ഒന്നര വർഷം കഴിഞ്ഞിട്ടും കോട്ടയം ജില്ലയിൽ 3.5 ഹെക്ടർ ഭൂമി ഏറ്റെടുത്തു നൽകിയിട്ടില്ല. നമ്മൾ ചെയ്യേണ്ട ജോലി ചെയ്യാതെ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല.

Alphons-Kannanthanam-Railway
കേരളത്തിലെ റെയിൽവേ നേട്ടങ്ങൾ വിശദീകരിക്കുന്ന പുതിയ റെയിൽവേ, പുതിയ കേരളം എന്ന ലഘുലേഖയുടെ പ്രകാശനം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം നിർവഹിക്കുന്നു.

2009 മുതൽ 2014 വരെ പ്രതിവർഷം 372 കോടി രൂപ വീതം കേരളത്തിലെ റെയിൽവേ പദ്ധതികൾക്കു ബജറ്റ് വിഹിതം ലഭിച്ചപ്പോൾ ബിജെപി സർക്കാർ കഴിഞ്ഞ 4 വർഷങ്ങളിൽ 923 കോടി രൂപ വീതമാണു കേരളത്തിന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ട്രെയിനുകൾക്കു കൂടുതൽ ആധുനിക കോച്ചുകൾ ലഭ്യമാക്കണമെന്നും കണ്ണന്താനം റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ശുചിത്വ റാങ്കിങ്ങിൽ ഒന്നാമതെത്തിയ എറണാകുളം – ബെംഗളൂരു ഇന്റർസിറ്റി ട്രെയിനിന്റെ അറ്റകുറ്റപ്പണിക്ക് നേതൃത്വം നൽകിയ അസി. ഡിവി. മെക്കാനിക്കൽ എൻജീനിയർ എം.കെ. സുബ്രഹ്മണ്യൻ, എം.എസ്. സുരേഷ്, എ. അരുൺ കുമാർ, പി.സി. ജോസഫ് എന്നിവരെ ചടങ്ങിൽ കേന്ദ്രമന്ത്രി ആദരിച്ചു. ഡിവിഷനൽ റെയിൽവേ മാനേജർ സിരീഷ് കുമാർ സിൻഹ, സീനിയർ ഒാപ്പറേഷൻസ് മാനേജർ വൈ.സെൽവിൻ, കൊമേഴ്സ്യൽ മാനേജർ ഡോ.രാജേഷ് ചന്ദ്രൻ, സ്റ്റേഷൻ ഡയറക്ടർ ആർ.ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA