Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമീറുല്ലിന്റെ വധശിക്ഷ: സ്ത്രീകളെ ആദരിക്കാനുമുള്ള ജനമുന്നേറ്റമാകട്ടെ, ഈ വിധി

jisha-amirul-court അമീറുൽ ഇസ്‍ലാം

കൊച്ചി∙ അമീറുൽ ഇസ്‍‌ലാമിനു വധശിക്ഷ നൽകിയ വിധിന്യായത്തിലെ പ്രധാന നിരീക്ഷണങ്ങൾ: 

ദൃക്സാക്ഷികളില്ലാത്ത ഈ കേസിൽ എന്തുകൊണ്ടു വധശിക്ഷ? 

വധശിക്ഷ ഭരണഘടനാവിരുദ്ധമെന്നു വിലയിരുത്തിയിട്ടില്ല. ലോ കമ്മിഷൻ റിപ്പോർട്ട് ഈ കേസിൽ ശിക്ഷ ഒഴിവാക്കാൻ മതിയായ കാരണമല്ല. ഡിഎൻഎ ടെക്നോളജി അടിസ്ഥാനമാക്കുന്ന ശാസ്ത്രീയ തെളിവുകളാണു കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയത്. യഥാർഥ പ്രതിയെ തിരിച്ചറിയാൻ പൂർണമായി ആശ്രയിക്കാവുന്ന രീതിയാണിത്. സാക്ഷികളുടെ നേരിട്ടുള്ള മൊഴിയേക്കാൾ വിശ്വാസ്യത ഇതിനുണ്ട്. കൊല്ലപ്പെട്ട യുവതിയുടെ വീട്ടിൽനിന്നു പ്രതി ഇറങ്ങിവരുന്നതു കണ്ടെന്ന് അയൽവാസി മൊഴി നൽകി. പെൺകുട്ടിയുടെ വാ പൊത്തിപ്പിടിച്ചപ്പോൾ വിരലിൽ കടിച്ചെന്നു അറസ്റ്റിലായശേഷം അമീറുൽ സമ്മതിച്ചിട്ടുണ്ട്. ആ നിലയ്ക്കു സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസാണിതെന്ന വാദം ശരിയല്ല. ദൃക്‌സാക്ഷിയില്ലാത്ത കേസുകളിൽ കുറ്റവാളികൾക്കു വധശിക്ഷ നൽകരുതെന്നു നിയമത്തിൽ പറയുന്നില്ല.

പ്രതികൂല ജീവിതസാഹചര്യങ്ങളോടുള്ള നിരന്തരമായ പോരാട്ടമായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടിയുടേത്. ദാരിദ്ര്യത്തിലും നാട്ടുകാരിൽ ചിലരുടെ കുത്തുവാക്കുകൾ അവരെ മരണം വരെ പിൻതുടർന്നു. കുഞ്ഞായിരുന്നപ്പോൾ പിതാവ് ഉപേക്ഷിച്ചുപോയി. എന്നിട്ടും ആ പെൺകുട്ടി ജീവിതത്തോടു പോരാടി. മകളെ ഒരു അഭിഭാഷകയാക്കണമെന്ന അമ്മയുടെ സ്വപ്നത്തിന്റെ തൊട്ടടുത്തുവരെ പെൺകുട്ടി എത്തിയപ്പോഴാണു പ്രതി അവരുടെ ജീവിതം തട്ടിയെടുത്തത്. 

മാനം അടിയറവു വയ്ക്കാതെ പ്രതിയോടു പൊരുതിയാണു പെൺകുട്ടി മരിച്ചത്. ക്രൂരത നിറഞ്ഞ 38 മുറിവുകൾ മൃതദേഹത്തിൽ കണ്ടെത്തി. ഇതിൽ എട്ടു മുറിവുകളിൽ ഏതും മരണകാരണമാവാൻ തക്ക ഗുരുതരമാണ്. 22 സെന്റിമീറ്റർ നീളമുള്ള കത്തിയാണു പ്രതി നിരായുധയായ യുവതിയുടെ ശരീരത്തിൽ പ്രയോഗിച്ചത്. 

മാനം കാക്കാൻ അവസാനം വരെ യുവതി നടത്തിയ പോരാട്ടം സ്ത്രീ സമൂഹം അർഹിക്കുന്ന നീതിക്കുവേണ്ടിയുള്ളതാണ്. അതാണ് അവരുടെ മരണം സമൂഹത്തിന്റെ പൊതുബോധത്തെ ഇത്രയും മുറിപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ പ്രതി ദയ അർഹിക്കുന്നില്ല. അർഹമായ ശിക്ഷ ലഭിക്കാത്തപക്ഷം പൊതുമനഃസാക്ഷി നൊമ്പരപ്പെടും. നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടും. 

സുപ്രീം കോടതി വിധിയെ ഉദ്ധരിച്ചു വിചാരണക്കോടതി വ്യക്തമാക്കുന്നു: ‘സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ഈ കേസിൽ വധശിക്ഷ നൽകേണ്ടതു കോടതിയുടെ കടമയാണ്. പകരം വധശിക്ഷ നൽകുന്ന കാര്യത്തിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ കണക്കിലെടുക്കാൻ കഴിയില്ല. വരുംതലമുറയ്ക്കു മൂല്യങ്ങളും മാർഗനിർദേശവും നൽകേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്നു നിർഭയ കേസിൽ സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.

സ്ത്രീകളോടുള്ള പെരുമാറ്റം കണക്കിലെടുത്തു രാജ്യത്തിന്റെ പുരോഗതി അളക്കാനാവുമെന്നു സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. അവർക്കെതിരായ അതിക്രമം സ്ത്രീകളുടെ അന്തസ്സിനെയും ആദരവിനെയും മാത്രമല്ല സാമൂഹിക പുരോഗതിയെയും ബാധിക്കും. സ്ത്രീകൾക്കെതിരായ അക്രമം ഇല്ലാതാക്കാനും അവരെ ആദരിക്കാനുമുള്ള ജനമുന്നേറ്റത്തിനുള്ള അറിയിപ്പായി ഈ വിധി മാറട്ടെയെന്നു പ്രത്യാശിക്കുന്നു.’ 

കുറ്റവും ശിക്ഷയും

∙ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) 302 - കൊലക്കുറ്റം: മരണം വരെ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കണം. പിഴ 25,000 രൂപ. പിഴയടച്ചില്ലെങ്കിൽ നിയമപ്രകാരം ഈടാക്കാനുള്ള നടപടി സ്വീകരിക്കണം.

∙ ഐപിസി 376 (എ) – മാനഭംഗത്തിനിടയിൽ മരണം സംഭവിക്കുന്നത്: *ജീവപര്യന്തം, പിഴ 25,000 രൂപ, പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധിക കഠിനതടവ്.

∙ ഐപിസി 376 - മാനഭംഗം: 10 വർഷം കഠിനതടവ്, പിഴ 25,000 രൂപ, പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക കഠിനതടവ്.

∙ ഐപിസി 342 - അന്യായമായി തടഞ്ഞുവയ്ക്കൽ: ഒരു വർഷം കഠിനതടവ്, പിഴ 1000 രൂപ, പിഴയടച്ചില്ലെങ്കിൽ ഒരുമാസം അധിക കഠിനതടവ്.

∙ ഐപിസി 449 - ഭവനഭേദനം: ഏഴുവർഷം കഠിനതടവ്, പിഴ 15,000 രൂപ. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക കഠിനതടവ്.

(ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നാൽ എല്ലാ കുറ്റങ്ങൾക്കുമുള്ള തടവുശിക്ഷ ഒരേസമയം അനുഭവിച്ചാൽ മതി.)