Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.സി.ജോർജിന്റെ ജനപക്ഷം പ്രവർത്തകർ കേരള കോൺഗ്രസ് ഓഫിസിനു കല്ലെറിഞ്ഞു

janapaksham കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമണത്തിന് ഉപയോഗിച്ച കല്ലുകൾ കേസന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ (ഇടത്ത്). ഓഫിസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് (എം) നടത്തിയ മാർച്ചിൽ പി.സി. ജോർജ് എംഎൽഎയുടെ ചിത്രത്തിൽ ഗോമൂത്രം തളിക്കുന്നു. ചിത്രം: മനോരമ

കോട്ടയം ∙ പി.സി.ജോർജ് എംഎൽഎ നേതൃത്വം നൽകുന്ന ജനപക്ഷം പാർട്ടിയുടെ പ്രകടനത്തിനിടെ കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ആക്രമണം. കല്ലേറിൽ ഓഫിസിന്റെ അഞ്ചു ജനൽച്ചില്ലുകൾ തകർന്നു. ‌ഓഫിസിനു നേരെ കുപ്പികളും ബൾബും എറിഞ്ഞെന്നും കേരള കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഓഫിസ് ആക്രമിച്ചെന്ന കേസിൽ ജനപക്ഷം നേതാക്കൾ ഉൾപ്പെടെ 14 പേരെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തു. 

കേരള കോൺഗ്രസ് (എം) കോട്ടയത്തു നടത്തിയ മഹാസമ്മേളനത്തെത്തുടർന്നുണ്ടായ ആരോപണ പ്രത്യാരോപണങ്ങളാണ് ഓഫിസ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. കേരള കോൺഗ്രസ് സമ്മേളനത്തിൽ 15,000 പേർ പങ്കെടുത്തെന്നു തെളിഞ്ഞാൽ പട്ടിക്കു ഭക്ഷിക്കാൻ ഇടുന്ന ചോറ് താൻ തിന്നുമെന്നു പി.സി.ജോർജ് പരസ്യമായി പറഞ്ഞിരുന്നു. ഇതിനെതിരെ കേരള കോൺഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് (എം) പ്രകടനം നടത്തി. പ്രകടനത്തിനൊടുവിൽ കെഎസ്ആർടിസി ബസ് സ്റ്റാൻ‌ഡിനു സമീപം പി.സി.ജോർജിന്റെ ചിത്രം പ്രദർശിപ്പിക്കുകയും നായയ്ക്കു പരസ്യമായി ഭക്ഷണം കൊടുക്കുകയും ചെയ്തു. 

ഇതിൽ പ്രതിഷേധിച്ചു ജനപക്ഷം പ്രവർത്തകർ ഇന്നലെ രാവിലെ കോട്ടയം നഗരത്തിൽ പ്രകടനം നടത്തി. കെ.എം.മാണിയെയും ജോസ് കെ. മാണിയെയും ആക്ഷേപിക്കുന്ന തരത്തിൽ വേഷങ്ങളുമായിട്ടായിരുന്നു പ്രകടനം. പ്രകടനം കഴിഞ്ഞു തിരിച്ചുവന്ന ജനപക്ഷം പ്രവർത്തകർ കേരള കോൺഗ്രസ് (എം) ഓഫിസിന്റെ ഭാഗത്തേക്കു പോകുകയും ഓഫിസിനു നേരെ കല്ലെറിയുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന പൊലീസിന് ഇവരെ തടയാൻ കഴിഞ്ഞില്ല. ഓഫിസിനു മുന്നിൽ വച്ചിരുന്ന ഫ്ലെക്സ് ബോർഡും കേടുവരുത്തി. 

ജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രൻ, മിൽട്ടൺ, മാത്യു ജോർജ്, ജിജോ ജയിംസ്, ജനീഷ്, മിഥിലാജ്, ജിജി ജോർജ്, പ്രവീൺ, റഷീദ്, ജോമി ഡൊമിനിക്ക്, അബ്ദുൽ ലത്തീഫ്, ലിൻസ്, സച്ചിൻ ജയിംസ്, റെജി ജോസഫ് എന്നിവരാണ് പാർട്ടി ഓഫിസ് ആക്രമിച്ച കേസിൽ അറസ്റ്റിലായത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന വകുപ്പുകൾ ചുമത്തിയാണു കേസ്. 

പാർട്ടി ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചു വൈകിട്ട് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പലിന്റെ നേതൃത്വത്തിൽ പി.സി.ജോ‍ർജിന്റെ ചിത്രത്തിൽ ചെരിപ്പുമാല അണിയിച്ചു ഗോമൂത്രാഭിഷേകം നടത്തി.