Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഒബി പന്തളം ശാഖയിൽ 3.06 കോടിയുടെ തട്ടിപ്പ്: മാനേജരടക്കം 9 പേർ അറസ്റ്റിൽ

money-fraud

തിരുവനന്തപുരം/കൊച്ചി∙ പന്തളം ഇന്ത്യൻ ഓവർസീസ് ബാങ്കിൽ (ഐഒബി) നിന്നു വ്യാജരേഖകളുപയോഗിച്ച് 3.06 കോടി രൂപ തട്ടിയ കേസിൽ ബാങ്ക് മാനേജരടക്കം ഒൻപതു പേരെ സിബിഐ അറസ്റ്റ് ചെയ്തു.

2013ൽ ഐഒബിയിൽ നടപ്പാക്കിയ ഭൂമിലക്ഷ്മി വായ്പാ പദ്ധതിയിലാണ് അറസ്റ്റിലായ അന്നത്തെ മാനേജർ ഷാജി തോമസിന്റെ നേതൃത്വത്തിൽ തട്ടിപ്പ് നടന്നത്. അറസ്റ്റിലായവരുടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ ഇന്നു ഹാജരാക്കും.

പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനായി ഇന്നു തന്നെ അപേക്ഷ സമർപ്പിക്കും. ഡപ്യൂട്ടി മാനേജർ സന്തോഷ്കുമാറും അസിസ്റ്റന്റ് മാനേജർ ലിസയും തട്ടിപ്പിനു കൂട്ടുനിന്നതായി കണ്ടെത്തിയെങ്കിലും ഇവർ രണ്ടു പേരും മുൻകൂർ ജാമ്യം നേടിയതിനാൽ അറസ്റ്റ് ചെയ്യാനായില്ല. പന്തളം ശാഖയിൽ അന്നു ഡപ്യൂട്ടി മാനേജരായിരുന്ന സന്തോഷ്കുമാർ ഇപ്പോൾ തിരുവനന്തപുരം നഗരൂർ ശാഖയിലെ സീനിയർ മാനേജരാണ്.

2011 ഓഗസ്റ്റിനും 2013 ഓഗസ്റ്റിനും ഇടയിലാണു തട്ടിപ്പു നടത്തിയത്. വായ്പയ്ക്കായി വ്യാജ ആധാരങ്ങൾ, ചെക്കുകൾ, രേഖകൾ എന്നിവയുണ്ടാക്കി. പണയത്തിനായി ബാങ്കിൽ ഈടുവച്ച പ്രമാണം ഉടമസ്ഥരറിയാതെ മാനേജരും ഉദ്യോഗസ്ഥരും ചേർന്ന് തിരിമറി നടത്തിയശേഷം മറ്റു വായ്പകളിലേക്ക് മാറ്റിയാണ് 3.06 കോടി തട്ടിയെടുത്തത്.

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് നടത്തിയ വിശദമായ പരിശോധനയിലാണ് ക്രമക്കേടു കണ്ടെത്തിയത്. എട്ടു പേർക്കു 1.07 കോടി രൂപ വായ്പ നൽകിയതിലാണ് ആദ്യം തിരിമറി ബോധ്യപ്പെട്ടത്. ഈടുവയ്ക്കുന്ന വസ്തു പരിശോധിച്ചു വില നിശ്ചയിക്കാതെയാണു വായ്പ നൽകിയത്. കാർഷിക ആവശ്യങ്ങൾക്കാണു വായ്പ നൽകിയതെങ്കിലും വായ്പയെടുത്തവർ കൃഷി ചെയ്തില്ലെന്നും അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടു. ഇത്തരം അക്കൗണ്ടുകളിലേക്കു വായ്പ കൈമാറിയ നടപടികളിലും ചട്ടലംഘനം കണ്ടെത്തി.

2017 മാർച്ചിലാണ് സിബിഐ അന്വേഷണം തുടങ്ങിയത്. സിബിഐ കൊച്ചി യൂണിറ്റ് എസ്.പി.ഷിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ 25 പേരടങ്ങുന്ന പ്രതിപട്ടിക സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു.

പന്തളം സ്വദേശികളായ സാബു ഖാൻ, ഭാര്യ ഷൈല, ഷാജഹാൻ, ഭാര്യ ഹഫീസ, അടൂർ സ്വദേശി സുനീഷ് ഫിലിപ് എന്നിവരെ നേരത്തേ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പിടിയിലായ ഭൂ ഉടമകളായ പലരും ഇംഗ്ലിഷ് അറിയാത്തതിനാൽ മാനേജർ പറഞ്ഞ കടലാസുകളിൽ ഒപ്പിട്ടു നിൽകുകയായിരുന്നു എന്നാണ് മൊഴി നൽകിയത്.

related stories