Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാളികേര വികസന പദ്ധതിക്കു 13 കോടി

Coconut-Tree

തിരുവനന്തപുരം∙ നാളികേര വർഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന നാളികേര വികസന ബോർഡിന്റെ സമഗ്ര നാളികേര വികസന പദ്ധതിക്കു 13 കോടി രൂപ അനുവദിച്ചു. 3000 ഹെക്‌ടറിലാണു നടപ്പിലാക്കുക. ഉൽപാദനക്ഷമത തീരെ കുറഞ്ഞതും രോഗം മൂർച്ഛിച്ചതുമായ തെങ്ങുകളുടെ മുറിച്ചുമാറ്റൽ, ഗുണമേന്മയുളള ഇനങ്ങളുടെ നടീൽ, സംയോജിത കീടനിയന്ത്രണം എന്നിവയ്‌ക്കാണു ധനസഹായം. മുറിച്ചുമാറ്റുന്ന തെങ്ങ് ഒന്നിന് 1000 രൂപ നൽകും. ഒരു ഹെക്‌ടറിനു പരമാവധി 32,000 രൂപയാണ് അനുവദിക്കുക.

ഗുണമേന്മയുളള തൈകൾ നട്ടുപിടിപ്പിക്കാൻ തെങ്ങ് ഒന്നിന് 40 രൂപ നിരക്കിൽ ഹെക്‌ടറിനു പരമാവധി 4000 രൂപ നൽകും. ഇതിനു പുറമെ സംയോജിത വളപ്രയോഗം, രോഗകീട നിയന്ത്രണം എന്നിവയ്‌ക്കും ധനസഹായമുണ്ട്. മണ്ണു പരിശോധിച്ചു വളപ്രയോഗം, ജലസേചനം, കീടനിയന്ത്രണം, ഇടവിള കൃഷി എന്നിവയ്‌ക്കായി ഹെക്‌ടറിനു 17,500 രൂപയാണു സഹായം. പരമാവധി നാലു ഹെക്‌ടറിനാണു വ്യക്തിഗത ആനുകൂല്യം. കൃഷിഭവൻ പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലാകണം പദ്ധതി നടപ്പാക്കുന്നത്.