Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൾസ് പോളിയോ വാക്സിൻ പരസ്യത്തിൽ മാത്രം; കേരളത്തിൽ മാർച്ച് 11ന്

polio

കോഴിക്കോട് ∙ അമിതാഭ് ബച്ചൻ പറഞ്ഞു കുട്ടികൾക്ക് ഇന്നലെ പൾസ് പോളിയോ വാക്സിൻ നൽകണമെന്ന്; സംസ്ഥാന സർക്കാർ പറഞ്ഞു വാക്സിൻ ഇന്നലെ നൽകേണ്ടെന്ന്. അമിതാഭ് ബച്ചൻ അഭിനയിച്ച പരസ്യം വിശ്വസിച്ച് ആശുപത്രിയിൽ പോയവർ വാക്സിൻ എടുക്കാതെ മടങ്ങി. രാജ്യമെങ്ങും ഇന്നലെ പോളിയോ വാക്സിൻ നൽകുന്ന ദിവസമായിരുന്നു.

കേരളത്തിൽ ഈ ഡോസ് നൽകേണ്ടെന്നു സംസ്ഥാന ടെക്നിക്കൽ അഡ്വൈസറി ഫോർ ഇമ്യൂണൈസേഷൻ തീരുമാനിച്ചിരുന്നു. എന്നാൽ, ദേശീയ തലത്തിൽ ബോധവൽക്കരണത്തിന്റെ ഭാഗമായി അമിതാഭ് ബച്ചനെ നായകനാക്കി ഇറക്കിയ പരസ്യത്തിന്റെ മലയാള പരിഭാഷ കേരളത്തിലെ ചാനലുകളിൽ സംപ്രേഷണം ചെയ്തിരുന്നു. ഇതിൽ കുഞ്ഞുങ്ങൾക്ക് വാക്സിൻ നിർബന്ധമായി നൽകണമെന്നു ബച്ചൻ അഭ്യർഥിക്കുന്നുണ്ട്. 

ഈ പരസ്യം കണ്ടവരാണ് വിവരം അറിഞ്ഞില്ലല്ലോ എന്ന പരിഭവത്തിൽ ആശുപത്രികളിലേക്കും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും പോയത്. വാക്സിൻ കൊടുക്കുന്നില്ലെന്ന അറിയിപ്പ് ലഭിച്ചതോടെ ഇവർ കുട്ടികളുമായി മടങ്ങി. മാർച്ച് 11ന് ആണ് കേരളത്തിൽ പൾസ് പോളിയോ വാക്സിൻ വിതരണം.

പോളിയോ വിതരണം സംബന്ധിച്ച് ഒരറിയിപ്പും ആരോഗ്യ വകുപ്പ് ഇറക്കിയിരുന്നില്ല. എന്നാൽ, മലയാളത്തിൽ ചാനൽ പരസ്യം വന്നതോടെ ആശയക്കുഴപ്പമായി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യ സ്ഥിതി മെച്ചമായതിനാലാണ് ഈ ഡോസ് ഒഴിവാക്കിയതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.