Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറമ്പിൽനിന്ന് പഞ്ചനക്ഷത്ര പദവിയിലേക്ക്

jack-fruit

ആരും തിരിഞ്ഞുനോക്കാനില്ലാത്ത പറമ്പുകളിൽ മൂത്തുപഴുത്തു താഴെ വീണു ചീഞ്ഞുകിടന്നിരുന്ന ചക്ക ഇരുട്ടിവെളുത്തപ്പോൾ സൂപ്പർതാരം. പ്ലാവിനെയും ചക്കയെയും മലയാളികൾ ഇനി പൊന്നുപോലെ നോക്കും. ഒരു സീസണിൽ ഏകദേശം 28 കോടി ചക്കകൾ കേരളത്തിൽ വിളയുന്നുണ്ടെന്നാണു കണക്ക്. ഇതിൽ മലയാളികൾ ഇപ്പോൾ ഉപയോഗിക്കുന്നത് 2.1 ശതമാനം മാത്രം. 

പറമ്പിൽ വീണു പക്ഷികളും പ്രാണികളും മാത്രം ആവശ്യക്കാരായുണ്ടായിരുന്ന ചക്കയെത്തേടി ബഹുരാഷ്ട്ര കമ്പനികളെത്തിയ നല്ലകാലം തുടങ്ങിയത് അടുത്തിടെയാണ്. രുചിയുടെ രസക്കൂട്ടുകളുമായി നാടുകടന്നുചെന്നു പണം വാരുന്ന ചക്കയിപ്പോൾ നാട്ടുകാർക്കു കിട്ടാനില്ലാത്ത സ്ഥിതിയുമുണ്ട്.

60 മുതൽ 100 രൂപ വരെയാണു നാട്ടിൽ ചക്കയ്ക്കു വില. ഗൾഫ് രാഷ്ട്രങ്ങളിലെ സൂപ്പർ മാർക്കറ്റുകളിൽ വില അയ്യായിരത്തിലും മുകളിൽ. പാകമാകും മുമ്പേയുള്ള ഇടിച്ചക്കയ്ക്കാണു വില കൂടുതൽ‌. ഫുഡ് സപ്ലിമെന്റിന്റെയും ഹെൽത്ത് ഡ്രിങ്കിന്റെയും അവശ്യഘടകമായി ഇടിച്ചക്കയാണ് ഉപയോഗിക്കുന്നത്. കിഴക്കൻ മേഖലയിൽ എവിടെ നോക്കിയാലും ചക്കകൾ കയറ്റിപ്പോകുന്ന വാഹനങ്ങളാണിപ്പോൾ.

ഇതരസംസ്ഥാനങ്ങളിൽ ചക്കയിൽനിന്ന് ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങളും രുചിയേറും വിഭവങ്ങളും നിർമിക്കുന്നുണ്ട്. ജാക്ക് ജാഗറി സ്വീറ്റ്, സ്പൈസി ജാക്ക് റോസ്റ്റ്, ഗോൾഡൻ ജാക്ക് മിക്സ്ചർ എന്നിവയൊക്കെ സ്റ്റാർ ഹോട്ടലിലെ വിഭവ പട്ടികയിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. ജാക്ക് ഫ്രൂട്ട് കൗൺസിൽ, കൃഷി വിജ്ഞാൻ കേന്ദ്ര തുടങ്ങിയ ഏജൻസികളുടെ നിരന്തരമായ പരിശ്രമഫലമായിട്ടാണു ചക്കയുടെ പ്രിയവും വിപണിമൂല്യവും വർധിച്ചിരിക്കുന്നത്.

സത്യത്തിലാരും തിരിച്ചറിഞ്ഞില്ല!

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ പഴവർഗം; ഔഷധമൂല്യം... മുറ്റത്തെ മുല്ലയ്ക്കു മണമില്ലാത്തതുപോലെ, മലയാളികൾ അവഗണിച്ചിട്ടിരുന്ന ചക്കയ്ക്കു സംസ്ഥാനത്തിന്റെ ഔദ്യോഗികഫലമായുള്ള പ്രഖ്യാപനത്തോടെ സുവർണകാലം വരുന്നു. കൊച്ചിയിൽനിന്നു മാത്രം രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്കു പ്രതിദിനം കയറ്റി അയയ്ക്കുന്നത് 200 ടൺ ചക്ക. ഏകദേശം 150 ചക്കകളുണ്ടെങ്കിൽ ഒരു ടണ്ണാകും. ദിവസവും 30,000 ചക്കകൾ അയയ്ക്കും. ഒരു ചക്കയ്ക്ക് 6.50 രൂപയാണു മൊത്തവില.

ജീവിതശൈലീരോഗങ്ങൾ 30% കുറയ്ക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം കൂടിയാവുമ്പോൾ ചക്കയുടെ ശാസ്ത്രീയ ഗുണങ്ങളും മലയാളികൾ തിരിച്ചറിയാ‍ൻ തുടങ്ങുമെന്നാണു കാർഷിക രംഗത്തുള്ളവരുടെ വിശ്വാസം. ‘പനസം മധ്യപക്വം ലവണാതിയുക്തം’ എന്നു സംസ്കൃതത്തിൽ പറയുന്നതുപോലെ പകുതി പാകമായ (പുഴുക്ക് ഉണ്ടാക്കാനുള്ള പരുവം) ചക്ക ലവണങ്ങളാൽ സമൃദ്ധമാണെന്ന് ആരോഗ്യ വിദഗ്ധർ കരുതുന്നു. ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള കേരളം ചക്കയുടെ ഗുണം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും അവർ വ്യക്തമാക്കി. 

ചക്ക

ഏതു കാലാവസ്ഥയിലും വളരും. പരിസ്ഥിതി സംരക്ഷകൻ കൂടിയാണ്. കേരളത്തിൽ പ്രതിവർഷം 36 ലക്ഷം ടൺ ചക്ക ഉൽപാദിപ്പിക്കുന്നുവെന്നാണു കണക്ക്. ഏപ്രിൽ മുതൽ ജൂലൈവരെയാണു സീസൺ. 

ചക്കയുടെ നാട്

തായ്‌ലൻഡും വിയറ്റ്നാമുമാണു പ്രധാന ചക്ക ഉൽപാദക രാജ്യങ്ങൾ. ഇന്ത്യ, ബംഗ്ലദേശ്, നേപ്പാൾ, ശ്രീലങ്ക, മലേഷ്യ, ഇന്തൊനീഷ്യ, ഫിലിപ്പീൻസ്, ബ്രസീൽ, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും ചക്ക വിളയുന്നു. ത്രിപുര, ഒഡീഷ, ബംഗാൾ, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും ചക്കയുണ്ട്. കേരളത്തിൽ എറണാകുളം ജില്ലയാണു ചക്കയുൽപാദനത്തിൽ മുന്നിൽ. ഇന്ത്യയിൽ ഏറ്റവും അധികം ചക്ക ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ത്രിപുരയാണ്. 

മുലപ്പാലിന് തുല്യം

ലബോറട്ടറി പരിശോധനയിൽ ചക്കപ്പഴത്തിൽ 3.65% ലോറിക് ആസിഡ് അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുലപ്പാലിൽ ഇത് 6.2 %വും പശുവിൻപാലിൽ 2.9%വും ആട്ടിൻപാലിൽ 3.1% മാത്രമാണുള്ളത്. വൈറ്റമിൻ എ, ബി, സി, പൊട്ടാസ്യം, കാൽസ്യം, അയേൺ തുടങ്ങിയവ ചക്കയിൽ സമൃദ്ധമായുണ്ട്. തീരെ കുറഞ്ഞ അളവിൽ കൊഴുപ്പും ഉയർന്ന അളവിൽ നാരുകളും അടങ്ങിയിരിക്കുന്നു. പച്ചച്ചക്കയുടെ സ്ഥിരമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുമെന്നും ചക്കയുടെ മടലും ചകിണിയും ചേർന്ന ഭാഗം കൊളസ്ട്രോൾ നില കുറയ്ക്കാൻ ഉത്തമമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

ചക്ക ഉൽപന്നങ്ങൾ

ചക്ക ചോക്ലേറ്റ്, ടോഫി, ബർഫി, ഉണക്കച്ചക്ക, ചക്കപ്പൊടി, ചക്കപ്പഴം ഉണക്കിയത്, ചക്കത്തെര, ചക്ക പപ്പടം, ചക്കമടൽ അച്ചാറ്, ഇടിച്ചക്ക അച്ചാറ്, ഇടിച്ചക്ക കട്ട്ലറ്റ്, ഇടിച്ചക്ക ലഡ്ഡു, ചക്ക കുമ്പിളപ്പം, ചക്ക ജെല്ലി, ചക്ക വറ്റൽ, ചക്ക സിപ് അപ്, ചക്ക ഐസ്ക്രീം, ചക്കക്കുരു പൊടി, ചക്ക ചകിണി മിക്സ്ചർ, ചക്കക്കുരുകൊണ്ടുള്ള അവലോസുപൊടി, ചക്കയുടെ മുള്ളുകൾ ഉണക്കി ദാഹശമിനിയായി ഉപയോഗിക്കാം.

ഇടച്ചക്കകൊണ്ടുള്ള തോരൻ, മെഴുക്കുപുരട്ടി, കട്‌ലറ്റ്, സമോസ, പഫ്സ്, പച്ചച്ചക്കയിൽനിന്നു വിവിധയിനം ചിപ്സുകൾ, മിക്സ്ചർ, പഴച്ചാറുള്ള ചക്കയിൽനിന്നു സ്ക്വാഷ്, വൈൻ, ഹൽവ, ചക്കവരട്ടിയത്, ചക്കക്കുരുകൊണ്ടുള്ള വിവിധ കറികൾ, ചമ്മന്തിപ്പൊടി തുടങ്ങിയവ തയാറാക്കാം. കേരളത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങൾ 200 ൽ അധികം മൂല്യവർധിത ചക്ക ഉൽപന്നങ്ങൾ നിർമിക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ വീട്ടമ്മമാർ ചക്കവരട്ടി, ചക്കത്തെര, കുമ്പിളപ്പം, ചക്ക വറുത്തതു തുടങ്ങിയ ഉൽപന്നങ്ങൾ നിർമിച്ചു വിൽപന നടത്തുന്നുണ്ട്. ചക്കകൊണ്ടു സ്വാദിഷ്ടമായ നൂഡിൽസും ബിരിയാണിയും വരെ ഉണ്ടാക്കാമെന്നു തെളിയിച്ചിട്ടുണ്ട്.

ചക്കമഹത്വം തിരിച്ചറിയണം

'കേരളത്തിലാണു പ്രമേഹരോഗികൾ ഏറ്റവും കൂടുതലുള്ളത് എന്നതിനാൽ ചക്കയ്ക്കു സംസ്ഥാനത്തു തന്നെയാണു പ്രചാരം കിട്ടേണ്ടത്. ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്ന ചക്കയ്ക്ക് ഇവിടെത്തന്നെ ഡിമാൻഡ് ഉണ്ടാവണം. ചക്ക കർഷകർക്കു ലഭിക്കുന്ന മൊത്തവില വർധിച്ചു. കിലോ അഞ്ചുരൂപ ഉണ്ടായിരുന്നത് എട്ടു രൂപയായി. പച്ചക്കറിക്കടകളിലും സൂപ്പർ മാർക്കറ്റുകളിലും കിലോ 20 രൂപ മുതൽ 30 രൂപ വരെ ചക്കയ്ക്കു വിലയുണ്ട്.' - ജയിംസ് ജോസഫ് (മൈക്രോസോഫ്റ്റ് ഇന്ത്യ മുൻ ഡയറക്ടർ. ചക്ക പ്രചാരകനും ജാക്ക്ഫ്രൂട്ട് 365.കോം സ്ഥാപകനും

ഔദ്യോഗികമായി പറഞ്ഞാൽ....

കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം - തെങ്ങ് 

ഔദ്യോഗിക പുഷ്പം– കണിക്കൊന്ന 

ഔദ്യോഗിക മൃഗം– ആന 

ഔദ്യോഗിക പക്ഷി– മലമുഴക്കി വേഴാമ്പൽ 

സംസ്ഥാന മത്സ്യം– കരിമീൻ