Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒൻപതു ജില്ലകൾ വരൾച്ചബാധിതം

Draught Water Scarcity

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഒൻപതു ജില്ലകൾ വരൾച്ച ബാധിതമായി പ്രഖ്യാപിക്കുന്നു. ആലപ്പുഴ, കണ്ണൂർ, ഇടുക്കി, കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളാണു വരൾച്ചബാധിതമായി പ്രഖ്യാപിക്കാൻ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചത്.

ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനു സംസ്ഥാന റിലീഫ് കമ്മിഷണർക്ക് അതോറിറ്റി നിർദേശം നൽകി. മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം മുതലായ സൂചികകൾ കണക്കിലെടുത്താണു ജില്ലകളെ വരൾച്ചബാധിതമായി പ്രഖ്യാപിക്കുന്നത്. 

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരം 2017 ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള വടക്കു കിഴക്കൻ കാലവർഷക്കാലത്ത് ഈ ജില്ലകളിൽ മഴയുടെ അളവു കാര്യമായി കുറഞ്ഞിട്ടുണ്ട്. ഇവിടെയൊക്കെ കടുത്ത ശുദ്ധജലക്ഷാമം ഉണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ  മുന്നറിയിപ്പുമുണ്ട്. ഇടുക്കി ജില്ലയിൽ നിലവിൽ വരൾച്ചയുടെ സാഹചര്യമില്ല. എന്നാൽ മലയോര മേഖലകളിലെ പ്രധാന ജലസ്രോതസുകളായ നീർച്ചാലുകൾ വേനൽ കടുക്കുമ്പോൾ വറ്റുകയും ശുദ്ധജലം കണ്ടെത്താൻ ജനങ്ങൾ ബുദ്ധിമുട്ടുകയും ചെയ്യും. 

വരൾച്ചബാധിത ജില്ലകളിൽ ജലവിതരണത്തിന് അടിയന്തര നടപടി ഉണ്ടാകും. ടാങ്കറുകൾ ഉപയോഗിച്ചു വാട്ടർ കിയോസ്‌ക്കുകളിൽ വെള്ളം എത്തിക്കും. 

മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, വി.എസ്.സുനിൽകുമാർ, ചീഫ് സെക്രട്ടറി പോൾ ആന്റണി, റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ, അതോറിറ്റി മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.