Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എട്ടംഗ സംഘം വനത്തിൽ കുടുങ്ങി; രാത്രി മുഴുവൻ മുൾമുനയിലായി ഗ്രാമം

Silent valley സൈലന്റ് വാലി വനത്തിൽ വഴിതെറ്റിയലഞ്ഞ യുവാക്കളുടെ സംഘത്തിനായി ഇന്നലെ പകൽ നാട്ടുകാരും പൊലീസ്– വനം അധികൃതരും തിരച്ചിൽ തുടങ്ങിയപ്പോൾ.

മണ്ണാർക്കാട്∙ ഹർത്താൽ ദിനത്തിൽ പാത്രക്കടവിലേക്കു പോയ എട്ടംഗ സംഘം തിരിച്ചെത്താൻ വൈകിയതു നാട്ടിൽ ആശങ്ക പരത്തി. തത്തേങ്ങലം ഗ്രാമത്തെ ഒരു രാത്രിയും പകലും ആശങ്കയുടെ മുൾമുനയിൽ നിർത്തി സംഘം ഇന്നലെ വൈകിട്ട് ആറരയോടെ തിരിച്ചെത്തി. വഴി തെറ്റി കാട്ടിൽ കുടുങ്ങുകയായിരുന്നുവെന്നു സംഘം പറഞ്ഞു. സംഘത്തെ തിരഞ്ഞ് ഇന്നലെ പകൽ മുഴുവൻ നാട്ടുകാരും വനം വകുപ്പ് അധികൃതരും വനത്തിലൂടെ അലഞ്ഞെങ്കിലും കണ്ടെത്താനാകാതിരുന്നതു കൂടുതൽ ആശങ്ക പരത്തിയിരുന്നു.

മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്തുകൂടിയാണു സംഘം പോയതെന്ന വാർത്ത പ്രചരിച്ചത് നാട്ടുകാരിലും ബന്ധുക്കളിലും ഭീതി പരത്തി. എല്ലാ ആശങ്കകൾക്കും അറുതി വരുത്തി സംഘം സുരക്ഷിതമായി തിരിച്ചെത്തിയതോടെയാണ് ആശങ്ക അകന്നത്.

തത്തേങ്ങലം താഴത്തെ വീട്ടിൽ മണികണ്ഠൻ (38), പുല്ലൂന്നിയിൽ സുദേവന്റെ മകൻ വിഷ്ണു (17), തെങ്കര കൽക്കടിയിൽ ഉണ്ണിയുടെ മകൻ അനിൽ (26), മണലടി വലിയവീട്ടിൽ ബാലകൃഷ്ണന്റെ മകൻ ബൈജു (23), തത്തേങ്ങലം വകയിൽ ഹംസയുടെ മകൻ റഷീദ് (29), അർണിക്കൽ രാജന്റെ മകൻ അർജുൻ റാണ (19), പുത്തൻപുരയിൽ അബാസിന്റെ മകൻ സലീം (21), മലയിൽ മണിയുടെ മകൻ ജിജു (23) എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണു സംഘം വനത്തിൽ പ്രവേശിച്ചത്. വൈകിട്ടോടെ തിരിച്ചെത്താനായിരുന്നു പരിപാടി. ഭക്ഷണമായി അവിലും പഴവുമാണു കരുതിയിരുന്നത്. കാട്ടിലൂടെയുള്ള യാത്രയിൽ വൈകിട്ടോടെ പാത്രക്കടവിലെത്തിയെന്ന് ഇവർ പറഞ്ഞു. തിരിച്ചുള്ള യാത്രയ്ക്കിടെ വഴി തെറ്റി സൈരന്ധ്രിയിലെത്തി. വെളിച്ചം പോയതോടെ യാത്ര അസാധ്യമായി. തുടർന്നു പുഴയോരത്തെ പാറയിൽ അഭയം തേടി. രാവിലെ വീണ്ടും നടപ്പു തുടങ്ങി. രാത്രിയോടെ മൊബൈൽ ഫോണുകളിലെ ചാർജ് തീർന്നിരുന്നു. പല സ്ഥലത്തും റേഞ്ചും ഉണ്ടായിരുന്നില്ല. ഇന്നലെ ഉച്ചയ്ക്കു ശേഷം മണികണ്ഠന്റെ മൊബൈൽ ഫോൺ ഓണായപ്പോൾ വീട്ടിലേക്കു വിവരമറിയിച്ചു. രാവിലെ പുഴ ഒഴുകുന്ന ഗതി നോക്കി താഴേക്ക് നടക്കുകയായിരുന്നു. വൈകിട്ട് ആറരയോടെ സംഘം തത്തേങ്ങലത്തു വനം വകുപ്പിന്റെ ഔട്ട് പോസ്റ്റിലെത്തി.

വനം വകുപ്പും പൊലീസും എട്ടു പേരെയും വെവ്വേറെ ചോദ്യം ചെയ്തു. എല്ലാവരുടെയും മൊബൈൽ ഫോണുകളും പരിശോധിച്ചു. ഇവരെ കാണാതായതിൽ ദുരൂഹത ഇല്ലെന്ന് ഡിവൈഎസ്പി സൈതാലി അറിയിച്ചു. പ്രഥമ ദൃഷ്ട്യാ ദുരൂഹതയൊന്നും ഇല്ലെങ്കിലും വനത്തിൽ അതിക്രമിച്ചു കയറിയതിനു കേസെടുക്കുമെന്നു വനം വകുപ്പ് അറിയിച്ചു. ഇവരെ കൂടുതൽ ചോദ്യം ചെയ്യും.

സൈലന്റ് വാലി ഡിഎഫ്ഒ ശിൽപ വി.കുമാർ, റേഞ്ച് ഓഫിസർ എൻ.ഗണേശൻ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ വിനോദ്കുമാർ, ഫോറസ്റ്റർമാരായ ബാലമുരളി, ഗിരീഷ് തുടങ്ങി വനം വകുപ്പ് അധികൃതരും ഡിവൈഎസ്പി സെയ്താലി, ഒറ്റപ്പാലം സിഐ അബ്ദുൽ മുനീർ, എസ്ഐ ഷിജു എബ്രഹാം തുടങ്ങി പൊലീസും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്ത്, പഞ്ചായത്തംഗം ഹംസ തുടങ്ങിയവരും തിരച്ചിലിനു നേതൃത്വം നൽകി. 

Your Rating: