Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് നടപടികൾ രാഷ്ട്രീയം നോക്കാതെ വേണമെന്നു മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം∙ കുറ്റകൃത്യങ്ങൾ ആരു നടത്തിയാലും പൊലീസ് നിഷ്പക്ഷ നടപടിയെടുക്കണമെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയമോ, മറ്റു പരിഗണനകളോ നോക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. രാഷ്ട്രീയക്കാരുമായി ബന്ധപ്പെടുമ്പോൾ പൊലീസ് ഇടപെടൽ നിഷ്പക്ഷമായിരിക്കണമെന്നും പൊലീസ് ആസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാനുള്ള ശ്രങ്ങൾക്കെതിരെ പൊലീസ് ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. നാട്ടിലെ ക്രമസമാധാനം തകർക്കാൻ ചില കക്ഷികൾ പ്രവർത്തിക്കുന്നുണ്ട്. വർഗീയ സംഘർഷമാണ് അവരുടെ മാർഗം. വർഗീയ നീക്കങ്ങൾക്കെതിരെ വിട്ടുവീഴ്ച പാടില്ല. അണിയറയിൽ നടക്കുന്നതു മനസ്സിലാക്കാൻ പൊലീസിനു കഴിഞ്ഞാലേ അത്തരം പ്രവർത്തനങ്ങൾ തടയാനാകൂ.

കാപ്പ, യുഎപിഎ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. പ്രതിപക്ഷത്ത് ഉള്ളവർക്കെതിരെ കാപ്പ ചുമത്തുന്ന സമീപനം കഴിഞ്ഞ സർക്കാരിനുണ്ടായിരുന്നു. ഇനി അതു പാടില്ല.

ലോക്കപ്പ് മർദനം കർശനമായി ഒഴിവാക്കണം. ലോക്കപ്പ് മർദനങ്ങൾ പാടില്ലെന്നാണു സർക്കാർ നയം. അത്തരം സംഭവമുണ്ടായാൽ കർശന നടപടി വരും. സ്ത്രീ സുരക്ഷയ്ക്ക് അങ്ങേയറ്റം പ്രാധാന്യം നൽകണം, സൈബർ കുറ്റകൃത്യങ്ങൾ തടയണം, റോഡ് അപകട നിരക്കു കുറയ്ക്കാൻ പൊലീസ് ഫലപ്രദമായി ഇടപെടണം എന്നീ നിർദേശങ്ങളും മുഖ്യമന്ത്രി നൽകി. വിവിധ ജില്ലകളിലെ പൊലീസിന്റെ പ്രവർത്തനം വിലയിരുത്തി. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരും പങ്കെടുത്തു.

Your Rating: