Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടരാജ പിള്ളയോട് ബഹുമാനം മാത്രമെന്ന് പിണറായി; ഭൂമി തിരിച്ചെടുത്തു ഏൽപിക്കുക അസാധ്യം

pinarayi-vijayan

കൊച്ചി ∙ ലോ അക്കാദമി ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് മുൻമന്ത്രി പി.എസ്. നടരാജ പിള്ളയെ താൻ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹത്തോടു ബഹുമാനമേ ഉള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോ അക്കാദമി പ്രവർത്തിക്കുന്ന ഭൂമി തിരിച്ചെടുത്തു നടരാജയുടെ പിള്ളയുടെ കുടുംബാംഗങ്ങളെ ഏൽപിക്കുക സാധ്യമല്ലെന്നും പിണറായി വ്യക്തമാക്കി.

ഡിവൈഎഫ്ഐ ദേശീയ സമ്മേളനത്തിന്റെ സമാപന റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘‘ലോ അക്കാദമിയുടെ ഭുമി പ്രശ്നവുമായി ബന്ധപ്പെട്ടു കോഴിക്കോട്ട് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ പേരു എന്റെ നാവിൽ വന്നില്ല. ‘ഏതോ ഒരു പിള്ളയുടെ ഭൂമി’ എന്നു പറഞ്ഞപ്പോൾ മാധ്യമ പ്രവർത്തകർ തന്നെ നടരാജ പിള്ള എന്നു പറഞ്ഞുതന്നു. എന്നാൽ, ഞാൻ പറയാൻ ഉദ്ദേശിച്ചതു ഭൂമിയുടെ യഥാർത്ഥ അവകാശിയായ അദ്ദേഹത്തിന്റെ പിതാവിന്റെ പേരാണ്.

നടരാജ പിള്ളയെ അപമാനിച്ചു എന്നു പരാതിവരാൻ ഇടയാക്കിയത് ഇതാണ്. ‘നടരാജ പിള്ള രാജ ഭരണത്തിനെതിരെ സമരം നയിച്ചപ്പോൾ അതിലുള്ള വിദ്വേഷം വച്ച് ദിവാൻ സർ സി.പി. രാമസ്വാമി അയ്യരാണ് അദ്ദേഹത്തിന്റെ പിതാവിന്റെ ഭൂമി ഏറ്റെടുത്തത്.

നടരാജ പിള്ള നല്ല രീതിയിൽ പൊതു പ്രവർത്തനം നടത്തിയ ആളാണ്. ഭൂമി ഏറ്റെടുക്കാനുള്ള യഥാർത്ഥ കാരണം ഇതാണെങ്കിലും നടരാജ പിള്ളയുടെ പിതാവു നടത്തിയിരുന്ന ഓയിൽ കമ്പനി നികുതി കൊടുക്കുന്നതിൽ വീഴ്ചവരുത്തിയതിനു ഭൂമി ഏറ്റെടുത്തു എന്നാണു രേഖകളിൽ എഴുതിവച്ചിരിക്കുന്നത്.

‘ഭൂമി ഏറ്റെടുക്കലിനു ശേഷം ഒട്ടേറെ സർക്കാരുകൾ വന്നു. പട്ടം താണുപിള്ള മന്ത്രിസഭയിൽ നടരാജ പിള്ള ധനമന്ത്രിയായി. അപ്പോഴും ഭൂമി സർക്കാരിന്റെ കയ്യിൽ തന്നെയായിരുന്നു. കേരളം രൂപംകൊണ്ട ശേഷം ഇൗ ഭൂമി കൃഷി വകുപ്പിന്റെ കൈവശമായിരുന്നു. ഇൗ ഭൂമി ലോ അക്കാദമി സ്ഥാപിക്കാൻ പാട്ടത്തിനു കൊടുത്തത് അന്നു കൃഷി വകുപ്പു കൈകാര്യം ചെയ്ത എം.എൻ. ഗോവിന്ദൻ നായരാണ്.

കോൺഗ്രസ് അംഗമായിരുന്ന എൻ.ഐ. ദേവസിക്കുട്ടി നിയമസഭയിൽ ഇതു ചോദ്യം ചെയ്തപ്പോൾ നല്ല ഉദ്ദേശ്യത്തോടെ തുടങ്ങിയ സ്ഥാപനമായതിനാലാണു ഭൂമി നൽകിയതെന്നായിരുന്നു ഗോവിന്ദൻ നായർ മറുപടി നൽകിയത്. എതിർപ്പുണ്ടായിരുന്നെങ്കിൽ അന്നു രേഖപ്പെടുത്തേണ്ടതായിരുന്നു. അതുണ്ടായില്ല. ‘പിന്നീട് 1984ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ വിപണി വില ഇൗടാക്കി ഏഴ് ഏക്കർ സ്ഥലം പതിച്ചുകൊടുക്കുകയായിരുന്നു.

അന്നും എതിർപ്പിന്റെ ശബ്ദം ആർക്കും ഉണ്ടായില്ല. പിന്നീടും മാറിമാറി സർക്കാരുകൾ വന്നു, ആർക്കും എതിർപ്പില്ലായിരുന്നു.’’ അത്തരമൊരു ഭൂമി പിടിച്ചെടുത്തു നടരാജ പിള്ളയുടെ കുടുംബത്തെ ഏൽപിക്കുക സാധ്യമല്ലെന്നാണു താൻ കോഴിക്കോട്ട് പറഞ്ഞതെന്നും പിണറായി വിശദീകരിച്ചു.

‘അച്ഛൻ പതിച്ചുകൊടുത്ത ഭൂമി തിരിച്ചെടുക്കാൻ മകന്റെ സമരം’

അച്ഛൻ പതിച്ചുകൊടുത്ത ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു മകൻ നിരാഹാരം കിടക്കുന്നതു വിചിത്രമാണെന്നു കെ. മുരളീധരന്റെ സമരത്തെ പരാമർശിച്ച് പിണറായി വിജയൻ പറഞ്ഞു. ലോ അക്കാദമി പ്രവർത്തിക്കുന്ന സ്ഥലം അവർക്കു പതിച്ചുകൊടുത്തതു കെ. കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്. ആ ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണു മകൻ കെ. മുരളീധരൻ നിരാഹാരം കിടക്കുന്നത്. ‘അച്ഛനെതിരെ പലതും പറഞ്ഞിട്ടുള്ള ആളാണിത്. ഇവരൊക്കെ ആത്മാവിൽ വിശ്വസിക്കുന്നവരാണല്ലോ? അച്ഛന്റെ ആത്മാവു മുകളിൽ നിന്നു നോക്കുമ്പോൾ ഇതെല്ലാം കാണുന്നുണ്ടാവും’ – പിണറായി പറഞ്ഞു.

related stories