Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോ അക്കാദമി ഭൂമി ഏറ്റെടുക്കുന്ന നടപടികൾ റവന്യൂവകുപ്പ് അവസാനിപ്പിക്കുന്നു

The Law Academy

തിരുവനന്തപുരം∙ ലോ അക്കാദമിയുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ റവന്യുവകുപ്പ് അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച്  രണ്ടരമാസമായിട്ടും നിയമവകുപ്പ് നിയമോപദേശം നൽകാത്ത സാഹചര്യത്തിലാണിത്. അക്കാദമി ബൈലോയിൽ ഭേദഗതി വരുത്തിയതിനു നിയമസാധുതയുണ്ടെന്ന് റജിസ്ട്രേഷൻ െഎജി റിപ്പോർട്ട് കൂടി നൽകിയതോടെ തുടർനടപടികൾ നിലച്ച മട്ടാണ്.

ചട്ടം ലംഘിച്ച് നിർമ്മാണം നടത്തിയ ഭൂമി ഉൾപ്പടെ തിരിച്ചുപിടിക്കണമെന്ന റവന്യുപ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്.കുര്യന്റെ  ശുപാർശയിൽ നിയമോപദേശം തേടിയിട്ട് മൂന്നുമാസം കഴിഞ്ഞു. ഇതുവരേയും നിയമവകുപ്പ് മറുപടി നൽകിയിട്ടില്ല. നടപടികൾ ത്വരിതപ്പെടുത്തുന്നതിൽ റവന്യുവകുപ്പിനു താൽപര്യവുമില്ല. 1984 ൽ അക്കാദമിക്കു സർക്കാർ ഭൂമി അനുവദിച്ചതിനുശേഷം ഭരണസമിതിയിൽനിന്ന് സർക്കാർ പ്രതിനിധികളെ ഒഴിവാക്കിയതെന്നായിരുന്നു ആക്ഷേപം. 

എന്നാൽ 1975 ൽ തന്നെ  ബൈലോ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും ഇതിനു മുൻകാല പ്രാബല്യത്തോടെ ജനറൽബോഡി അംഗീകരിച്ചിട്ടുണ്ടെന്നുമാണ് ഇത് അന്വേഷിച്ച റജിസ്ട്രേഷൻ വകുപ്പിന്റെ റിപ്പോർട്ട്. ഇതുകൂടി ലഭിച്ചതോടെ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച തുടർനടപടികൾ റവന്യുവകുപ്പ്  ഉപേക്ഷിച്ച മട്ടാണ്. അതേസമയം, വിദ്യാർഥിയെ ജാതിപ്പേര് വിളിച്ചെന്ന് ആരോപിച്ച് പ്രിൻസിപ്പൽ ലക്ഷ·്മി നായർക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് ഒത്തുതീർപ്പാനുള്ള ശ്രമത്തിലാണ് പൊലീസ്. 

അക്കാദമി മാനേജ്മെന്റ് കള്ളപ്പണം മാറിയെടുത്തെന്ന പരാതി പരാതിയായി തന്നെ നിൽക്കുന്നു. അക്കാദമിക്ക് അഫിലിയേഷൻ ഉണ്ടോയെന്ന കാര്യത്തിലും ഇപ്പോഴും ആരും വ്യക്തത വരുത്തിയിട്ടില്ല. മൂന്നുമാസത്തിനിടെ ആകെയുണ്ടായ നടപടി പുറമ്പോക്ക് ഭൂമിയിൽ അക്കാദമി നിർമ്മിച്ച പ്രധാനകവാടം പൊളിച്ചുമാറ്റിയത് മാത്രമാണ്.