Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കൽ: നിയമോപദേശം വൈകും

The Law Academy

തിരുവനന്തപുരം∙ ലോ അക്കാദമി ലോ കോളജിന്റെ വിനിയോഗിക്കപ്പെടാത്ത 10 ഏക്കർ ഭൂമി തിരിച്ചുപിടിക്കണമെന്ന റവന്യൂ സെക്രട്ടറിയുടെ ശുപാർശയിൽ നിയമോപദേശം വൈകും. ഫയൽ ഇതുവരെ നിയമസെക്രട്ടറിക്കു ലഭിച്ചിട്ടില്ല. രണ്ടു ദിവസം അവധിയായിരുന്നതിനാൽ നാളെയേ ഫയൽ അയയ്ക്കൂ. നിയമസഭാ സമ്മേളനം 23നു തുടങ്ങുന്നതിനാൽ ഒട്ടേറെ ബില്ലുകൾ നിയമവകുപ്പിന്റെ പരിഗണനയിലുണ്ട്. ഇതിന്റെ തിരക്കുകൾക്കു ശേഷമേ ലോ അക്കാദമിയുടെ ഫയൽ നിയമവകുപ്പ് പരിഗണിക്കാൻ സാധ്യതയുള്ളൂവെന്നാണു സൂചന.

അക്കാദമിക്കു ഭൂമി പതിച്ചുനൽകുമ്പോൾ അവിടെ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ യാഥാർഥ്യമാക്കാൻ പ്രത്യേക സമയപരിധിയൊന്നും വച്ചിട്ടില്ലെന്നതാണു നിയമവകുപ്പിനെ കുഴയ്ക്കുന്ന പ്രശ്നം. ഇക്കാര്യം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പതിച്ചുനൽകുമ്പോഴത്തെ വ്യവസ്ഥകളിൽ, ആദ്യത്തേതിന്റെ ഗൗരവമല്ലാത്ത ലംഘനം നടന്നിട്ടുണ്ടെന്നാണു പി.എച്ച്.കുര്യൻ തന്നെ വ്യക്തമാക്കുന്നത്. 6000 ചതുരശ്ര അടി കെട്ടിടത്തിലെ പകുതിയോളം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണു ചട്ടലംഘനമായി പ്രിൻസിപ്പൽ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നത്. രണ്ടു സർവേ നമ്പറുകളിലായി അനുവദിച്ച 11.53 ഏക്കർ ഭൂമിയിൽ ആദ്യ സർവേ നമ്പറിലുള്ള 1.02 ഏക്കർ ഭൂമിയിൽ അക്കാദമി കെട്ടിടങ്ങൾ അടുത്തടുത്തായി നിർമിച്ചിരിക്കുന്നതും രണ്ടാം സർവേ നമ്പറിലെ പത്തര ഏക്കറോളം ഭൂമി വിനിയോഗിക്കാതെ ഇട്ടിരിക്കുന്നതുമാണു നിയമവകുപ്പ് പ്രധാനമായും പരിശോധിക്കുക.

അക്കാദമിയുടെ നിയമാവലിയിൽ സർക്കാർ പ്രതിനിധികളെ ഒഴിവാക്കി വരുത്തിയ മാറ്റങ്ങളും ഭൂമി വിനിയോഗത്തിലെ പ്രത്യേകതയും കൂട്ടിവായിക്കണമെന്നാണു റവന്യൂ ഉന്നതരുടെ നിലപാട്. യുജിസി നിയമാവലി കണക്കിലെടുത്താൽ പോലും അഞ്ചര ഏക്കറോളം ഭൂമി അക്കാദമിക്ക് അധികമായി നൽകിയിട്ടുണ്ട്. ഇതിൽ തന്നെ, മൂന്നര ഏക്കറോളം കാടുപിടിച്ചു കിടക്കുന്നു. പദ്ധതികൾക്കായി ഭൂമി ലഭിക്കാനില്ലാത്ത തലസ്ഥാനത്തു കണ്ണായ സ്ഥലത്തു തന്നെ ഇത്രയും ഭൂമി വെറുതെ കിടക്കുന്നതിൽ റവന്യൂ വകുപ്പിന് അതൃപ്തിയുണ്ട്. അതേസമയം, പതിറ്റാണ്ടുകൾക്കു മുമ്പ് പതിച്ചുകൊടുത്ത ഭൂമി തിരിച്ചെടുക്കാൻ തന്റെ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയതും കണക്കിലെടുത്തായിരിക്കും നിയമവകുപ്പ് അഭിപ്രായം രേഖപ്പെടുത്തുക.

related stories
Your Rating: