Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷയ്ക്കായി ഇന്ത്യ – യുഎസ് ഒന്നിക്കുന്നു; ധാരണ ഡോവലിന്റെ സന്ദർശനത്തിനുപിന്നാലെ

india-us

വാഷിങ്ടൺ ∙ സുരക്ഷാ രംഗത്ത് ഇന്ത്യ–അമേരിക്കൻ കൂട്ടുകെട്ടു ശക്തമാകുന്നു. ഭീകരപ്രവർത്തനങ്ങളും കടൽവഴിയുള്ള ഭീഷണിയും തടയാൻ ഇരുരാജ്യങ്ങളും ഒരുമിച്ചുനീങ്ങാൻ ധാരണയായി. ഇന്ത്യയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അമേരിക്കൻ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ചർച്ചയിലാണു തീരുമാനം. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്, ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജോൺ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലഫ്. ജനറൽ എച്ച്.ആർ.മക്മാസ്റ്റർ എന്നിവരുമായാണു ഡോവൽ ചർച്ച നടത്തിയത്.

ദക്ഷിണേഷ്യയിലെ ഭീകരവാദ ഭീഷണിയെ ഫലപ്രദമായി നേരിടാൻ ഇരുരാജ്യങ്ങളും തോളോടുതോൾ ചേർന്നു നീങ്ങണമെന്നു ചർച്ചയിൽ തീരുമാനമായി. ഈയിടെ നിലവിൽ വന്ന പ്രതിരോധ രംഗത്തെ സഹകരണം വളർത്തിയെടുക്കണമെന്നു തീരുമാനിച്ചതായി പെന്റഗൺ വക്താവ് പറഞ്ഞു. ചർച്ച ഫലപ്രദവും സൃഷ്ടിപരവും ആയിരുന്നുവെന്ന് ഇന്ത്യൻ വക്താവും പറഞ്ഞു. പ്രതിരോധ, രഹസ്യാന്വേഷണ രംഗത്തെ ചുമതല വഹിക്കുന്ന സെനറ്റർമാരായ ജോൺ മക്‌കെയിൻ, റിച്ചാർഡ് ബർ എന്നിവരുമായും ഡോവൽ ചർച്ച നടത്തി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമതലയേറ്റശേഷം രണ്ടാം തവണയാണ് അജിത് ഡോവൽ അമേരിക്കയിലെത്തുന്നത്.

ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങളും പദ്ധതികളും ചർച്ചചെയ്തെന്നാണു സൂചന. നോട്ടു റദ്ദാക്കലും ജിഎസ്ടി നികുതി നിലവിൽവന്നതും ചർച്ചാവിഷയമായി. ഇന്ത്യയുടെ വളരുന്ന സാമ്പത്തിക മേഖലയോട് അമേരിക്കയ്ക്കുള്ള താൽപര്യം വ്യക്തമാക്കുന്നതായിരുന്നു ഈ ചർച്ചയെന്നു പേരുവെളിപ്പെടുത്താൻ വിസമ്മതിച്ച അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ കാര്യത്തിൽ ഇന്ത്യയ്ക്കുള്ള കാഴ്ചപ്പാട് ചർച്ചാവിഷയമായി. പ്രത്യേക ചർച്ചയുണ്ടായില്ലെങ്കിലും മേഖലയിലെ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട ചർച്ചയിൽ പാക്കിസ്ഥാന്റെ പേരും കടന്നുവന്നു. പാക്കിസ്ഥാനെ ഭീകരവാദവുമായി ബന്ധപ്പെട്ടാണു ട്രംപ് ഭരണകൂടം വീക്ഷിക്കുന്നതെന്നു വ്യക്തമാക്കുന്നതായിരുന്നു ചർച്ചയെന്നും വക്താവു പറഞ്ഞു.

Your Rating: