Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവയവമാറ്റം: കേരളത്തില്‍ ലൈസന്‍സുള്ള 23 ആശുപത്രികളും നിയമം പാലിക്കുന്നില്ല

hospital-operation-theatre Representational image

തിരുവനന്തപുരം∙ അവയവമാറ്റ ശസ്ത്രക്രിയ നിയമങ്ങൾ ആശുപത്രികൾ അട്ടിമറിക്കുന്നു. 24 മണിക്കൂറിനകം അവയവദാനത്തിന്റെ പൂർണ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥ പാലിക്കുന്നില്ല. അവയവദാനത്തിന്റെ ചെലവു പരസ്യപ്പെടുത്തണ നിയമവും ആശുപത്രികൾ ലംഘിച്ചു. സംസ്ഥാനത്ത് അവയവമാറ്റത്തിനു ലൈസൻസുള്ളത് നാലു സർക്കാർ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ 23 ആശുപത്രികൾക്കാണ്. മുഴുവൻ ആശുപത്രികളുടെയും വെബ്സെറ്റിൽ നോക്കിയെങ്കിലും അവയമാറ്റമാറ്റ ശസ്ത്രക്രിയകൾ സംബന്ധിച്ച ഒരു വിവരവും നൽകിയിട്ടില്ല.

കേന്ദ്രസർക്കാരിന്റെ ട്രാൻസ്പ്ലാന്റേഷൻ ഒാഫ് ഹ്യൂമൻ ഒാർഗൻ ആക്ടിൽ 2008ൽ വരുത്തിയ ഭേദഗതി അനുസരിച്ച് അവയവമാറ്റ ശസ്ത്രക്രിയയുടെ പൂർണ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണം. അവയവ ദാതാവിനെയും സ്വീകർത്താവിനെയും കുറിച്ചുള്ള വിവരങ്ങൾ, ശസ്ത്രക്രിയയ്ക്കു ചെലവായ തുക, വിജയമോ പരാജയമോ തുടങ്ങിയ കാര്യങ്ങളാണു നിർബന്ധമായും പ്രസിദ്ധപ്പെടുത്തേണ്ടത്.

ശസ്ത്രക്രിയാ സംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ആശുപത്രി വിട്ടാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും യോഗ്യതാ പരിശോധനകൾ വീണ്ടും നടത്തുകയും വേണം. ഈ നിയമവും പാലിക്കുന്നില്ല. ഡയറക്ടർ ഒാഫ് മെഡിക്കൽ എഡ്യൂക്കേഷനാണു നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടത്. നിബന്ധനകൾ ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കാൻവരെ നിയമത്തിൽ വ്യവസ്ഥയുണ്ട്.