Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഞങ്ങൾക്ക് പണമില്ലാത്തതുകൊണ്ടല്ലേ ഇതൊക്കെ വേണ്ടിവന്നത്’

organ-donation-4

പാലക്കാട് ∙ ‘അവയവങ്ങൾ എടുത്തതിനെക്കുറിച്ച് ആരേ‍ാടും പരാതി പറഞ്ഞിട്ടില്ല. ഞങ്ങൾക്കു പണമില്ലാത്തതുകെ‍ാണ്ടാണല്ലേ‍ാ ഇതെ‍ാക്കെ വേണ്ടിവന്നത്. രണ്ടര ലക്ഷം രൂപയേ‍ാളം സേലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാചെലവ് വേണം. അതുകെ‍ാടുക്കാൻ കഴിഞ്ഞില്ല’– പെരുമാട്ടി നെല്ലിമേട് സ്വദേശി മണികണ്ഠന്റെ ബന്ധുക്കളുടെ ചോദ്യം കൂരമ്പുകളാകുകയാണ്. അവയവ അപഹരണ ലോബിയുടെ ക്രൂരതയിലേക്കുള്ള കൂരമ്പുകൾ.  

ചികിത്സാച്ചെലവ് ഈടാക്കാൻ സേലത്തെ സ്വകാര്യ ആശുപത്രി അധികൃതർ പെരുമാട്ടി നെല്ലിമേട് പേച്ചുമുത്തുവിന്റെ മകൻ പി.മണികണ്ഠന്റെ അവയവങ്ങൾ എടുത്തെന്ന ആരോപണത്തിൽ സേലത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ഉന്നതതല അന്വേഷണമാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്കു കത്തെഴുതി. തുടർന്നു തമിഴ്നാട് ഉദ്യോഗസ്ഥർ ഇന്നലെ ചിറ്റൂർ പെരുമാട്ടിയിൽ മണികണ്ഠന്റെ വീട്ടിലെത്തി. സംഭവത്തെക്കുറിച്ചു ജില്ലാ കലക്ടർ രണ്ടു ദിവസത്തിനുളളിൽ സർക്കാരിനു റിപ്പേ‍ാ ർട്ട് നൽകും. മൃതദേഹം കെ‍ാണ്ടുവരാൻ ആംബുലൻസിന് 25,000 രൂപയാണ് കൂലി ചേ‍ാദിച്ചതെന്നു മണികണ്ഠന്റെ  ബന്ധുക്കൾ പറഞ്ഞകാര്യം  

ചിറ്റൂർ തഹസിൽദാർ വി.കെ. രമ കലക്ടർക്കു നൽകിയ പ്രാഥമിക റിപ്പേ‍ാർട്ടിലുണ്ട്. സംഭവത്തിന്റെ എല്ലാ വശവും പരിശേ‍ാധിക്കുന്നതായി കലക്ടർ ഡേ‍ാ. പി. സുരേഷ്ബാബു പറഞ്ഞു. 

ബന്ധുക്കളുടെ സമ്മതം ഉൾപ്പെടെ, അവയവദാന നിയമമനുസരിച്ചുള്ള മുഴുവൻ നടപടി സ്വീകരിച്ചെന്നാണ് ആശുപത്രി അധികൃതർ കലക്ടറെ അറിയിച്ചിട്ടുള്ളത്. 

കണ്ണ്, ഹൃദയം, വൃക്ക, കരൾ, പാൻക്രിയാസ്, ചെറുകുടൽ, വൻകുടൽ എന്നിവയാണു ദാനമായി ആശുപത്രി അധികൃതർ എടുത്തതത്രെ. ബന്ധുക്കളുടെ സമ്മതത്തേ‍ാടെ അവയവദാനം നടത്തിയെന്നു കാണിച്ച് അധികൃതർ  നൽകിയ സർട്ടിഫിക്കറ്റ്  മണികണ്ഠന്റെ വീട്ടുകാരുടെ വശമുണ്ടെന്നു തഹസിൽദാർ പറഞ്ഞു. മൃതദേഹം കെ‍ാണ്ടുപേ‍ാകാൻ നിവൃത്തിയില്ലാതെ നിൽക്കുമ്പേ‍ാൾ വാഹനാപകടക്കേസ് നടത്തുന്നയാൾ എന്നു പറഞ്ഞെത്തിയ ഒരു അഭിഭാഷകനാണ് ഈ സംഭവത്തിൽ ഇടനിലക്കാരനായി നിന്നതെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു.   കെ.കൃഷ്ണൻകുട്ടി എംഎൽഎയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഒ‍ാഫിസാണു പരാതി അന്വേഷിക്കാൻ അധികൃതർക്കു നിർദേശം നൽകിയത്.