Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്തിഷ്ക മരണം: സ്വകാര്യ ആശുപത്രികൾ റിപ്പോർട്ട് ചെയ്യുന്ന ‘മെനക്കേട്’ നിർത്തി

brain-death

കൊച്ചി ∙ സ്വകാര്യ ആശുപത്രികൾ മസ്തിഷ്ക മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അവസാനിപ്പിച്ചു. അവയവദാനത്തിലെ വിവാദങ്ങളെ തുടർന്നു സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണിത്. മുൻവർഷങ്ങളിൽ ശരാശരി എഴുപതോളം മസ്തിഷ്ക മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഈ വർഷം ഇതേവരെ റിപ്പോർട്ട് ചെയ്തത് 15 കേസുകൾ മാത്രം. അതും ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി. ‘മൃതസഞ്ജീവനി’ പദ്ധതിയിൽ റജിസ്റ്റർ ചെയ്തു രണ്ടായിരത്തോളം രോഗികൾ അവയവങ്ങൾക്കായി കാത്തിരിക്കുമ്പോൾ സംസ്ഥാനത്ത് അവയവദാനം കുത്തനെ ഇടിയുകയാണ്. 

നാലായിരത്തിലേറെപ്പേർ ഒരുവർഷം റോഡപകടങ്ങളിൽ മരിക്കുന്നു. ഇതിൽ അഞ്ഞൂറോളം പേരുടെയെങ്കിലും അവയവങ്ങൾ മറ്റു രോഗികൾക്കു പുതുജീവൻ നൽകാൻ പര്യാപ്തമാകുമായിരുന്നു. മസ്തിഷ്ക മരണങ്ങൾ സ്ഥിരീകരിക്കാൻ ഇരുന്നൂറിലേറെ സർക്കാർ ഡോക്ടർമാരുടെ പാനലിനു രൂപംനൽകിയെങ്കിലും ഇവർക്കിപ്പോൾ കാര്യമായ ജോലിയില്ല. 

മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിൽ ചില ആശുപത്രികൾ തട്ടിപ്പു കാണിക്കുന്നുവെന്ന വിവാദമാണു തിരിച്ചടിയായത്. 

നിലവിലെ നിയമം: മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ ആശുപത്രിക്കു പുറത്തുള്ള രണ്ടു ഡോക്ടർമാരും ഒരു സർക്കാർ ഡോക്ടറും ഉൾപ്പെടെ നാലു ഡോക്ടർമാർ വേണം. ആറു മണിക്കൂർ ഇടവിട്ടു മൂന്നുതവണ പരിശോധിക്കണം, ഇതിന്റെ വിഡിയോ ചിത്രീകരിക്കണം, വെന്റിലേറ്റർ നീക്കം ചെയ്യുന്നതിനു മുൻപും പ്രത്യേക നടപടിക്രമങ്ങൾ പാലിക്കണം. 

മൃതസഞ്ജീവനിയിൽ റജിസ്റ്റർ ചെയ്ത് അവയവങ്ങൾക്കായി കാത്തിരിക്കുന്നവർ 

വൃക്ക: 1614 

കരൾ: 316 

കൈ, കാൽ തുടങ്ങി വിവിധ അവയവങ്ങൾ: 22 

ഹൃദയം: 35 

മറ്റ് അവയവങ്ങൾ: എട്ട് 

ആകെ 1995 അപേക്ഷകർ 

മസ്തിഷ്കമരണം ഇതേവരെ 

(വർഷം, മസ്തിഷ്കമരണം, എടുത്ത അവയവങ്ങൾ എന്ന ക്രമത്തിൽ) 

2012 – 9 – 22 

2013 – 36 – 88 

2014 – 58 – 156 

2015 – 76 – 217 

2016 – 72 – 201 

2017 ഇതേവരെ – 15 – 41.