Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒപിഎസ് പറഞ്ഞു, പളനിസാമി കേട്ടു; ശശികലയുടെ ചിത്രങ്ങളും ബാനറുകളും നീക്കി

Sasikala

ചെന്നൈ∙ പാർട്ടി ആസ്ഥാനത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കുന്നതിനു വേണ്ടി അണ്ണാ ഡിഎംകെ ആസ്ഥാനത്തുനിന്നു ശശികലയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന ഒപിഎസ് വിഭാഗത്തിന്റെ ആവശ്യത്തിന് പച്ചക്കൊടി. അണ്ണാ ‍ഡിഎംകെയുടെ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തുനിന്നും ശശികലയുടെ ചിത്രങ്ങടങ്ങിയ ബാനറുകളും നോട്ടീസുകളും പ്രവർത്തകർ എടുത്തു മാറ്റി. ഒപിഎസ് വിഭാഗം നേതാവ് ഇ മധുസൂദനാണ് എത്രയും വേഗം ചിത്രങ്ങൾ എടുത്തു മാറ്റണമെന്ന ആവശ്യം ഉയർത്തിയത്.

ഒപിഎസ് വിഭാഗത്തിന്റെ ആവശ്യത്തെ പളനിസാമി വിഭാഗം എതിർത്തതുമില്ല. പുതിയ നീക്കം പ്രചോദനവും സന്തോഷവും നൽകുന്നുവെന്നും പ്രവർത്തകർ സന്തോഷത്തിലാണെന്നും പനീർസെൽവം പക്ഷം മാധ്യമ ഉപദേഷ്ടാവ് കെ. സാമിനാഥൻ പറഞ്ഞു. ബാനർ നീക്കം ചെയ്തതോടെ പാർട്ടി ആസ്ഥാനത്തിന്റെ പവിത്രത തിരികെ ലഭിച്ചതായി ഒപിഎസ് വിഭാഗം നേതാവ് ഇ. മധുസൂദൻ പറഞ്ഞു.

ശശികലയ്ക്കു തൊട്ടുപിന്നാലെ രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായിരുന്നു ടി.ടി.വി ദിനകരൻ കേസിൽപ്പെട്ടതോടെയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനത്തിന് വഴി തുറന്നത്.

വി.കെ. ശശികല, ടി.ടി.വി. ദിനകരൻ എന്നിവരുൾപ്പെടെയുള്ള മന്നാർഗുഡി സംഘത്തെ അണ്ണാ ഡിഎംകെയിൽനിന്നു പുറത്താക്കിയതായി ഇരുവിഭാഗങ്ങളും വ്യക്തമാക്കിയിരുന്നു. ലയന ചർച്ചയിൽ പനീർസെൽവം പക്ഷത്തിനു നേതൃത്വം നൽകുന്നത്‌ മുൻ മന്ത്രിയായ കെ.പി. മുനിസ്വാമിയാണ്‌.