Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിഎല്ലിൽ വീണ്ടും വാതുവയ്പ്; രണ്ട് ഗുജറാത്ത് ലയൺസ് താരങ്ങൾ സംശയനിഴലിൽ

കാൺപുർ∙ സുപ്രീം കോടതി നേരിട്ട് ഇടപെട്ട് നടത്തിയ ശുദ്ധീകരണപ്രക്രിയകൾക്കു പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും വാതുവയ്പ് വിവാദം. ഐപിഎൽ വാതുവയ്പുമായി ബന്ധപ്പെട്ട് മൂന്നു പേരെ കഴിഞ്ഞ ദിവസം കാൺപുർ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവർക്ക് രണ്ടു ഗുജറാത്ത് ലയൺസ് താരങ്ങളുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതോടെയാണ് ഐപിഎൽ വീണ്ടും വാതുവയ്പു വിവാദത്തിന്റെ കരിനിഴലിലായത്.

താനെയിൽനിന്നുള്ള വ്യവസായിയായ രമേശ് നയൻ ഷാ, പ്രദേശവാസികളായ രമേഷ് കുമാർ, വികാസ് കുമാർ എന്നിവരെയാണ് വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തത്. ഐപിഎൽ മൽസരത്തിനായി നഗരത്തിലെത്തിയ ഗുജറാത്ത് ലയൺസ്, ഡൽഹി ഡെയർഡെവിൾസ് ടീമംഗങ്ങൾ താമസിച്ചിരുന്ന അതേ ഹോട്ടലിൽനിന്നാണ് മൂന്നുപേരെയും പിടികൂടിയത്. ഇവരിൽനിന്ന് 41 ലക്ഷം രൂപയും പിടിച്ചെടുത്തു. കാൺപുർ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ ബാനറുകൾ സ്ഥാപിക്കുന്നതിന്റെ കരാർ എടുത്തയാളാണ് രമേഷ് കുമാർ. ഇയാളാണ് സംഘത്തിലെ പ്രധാനിയായ രമേഷ് ഷായ്ക്കായി ഹോട്ടലിൽ മുറി ബുക്കു ചെയ്തത്.

പൊലീസ് പിടിയിലാകുന്നതിനു മുൻപ് മൂവരും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ബിസിസിഐ അറിയിച്ചു. അഴിമതി വിരുദ്ധ വിഭാഗത്തിന്റെ സഹായത്തോടെയാണ് ഉത്തർപ്രദേശ് പൊലീസിലെ ക്രൈം ബ്രാഞ്ച് വിഭാഗം മൂവരെയും വലയിലാക്കിയത്. അജ്മീറിൽനിന്നുള്ള ‘ബണ്ടി’ എന്ന വിളിപ്പേരുള്ള വാതുവയ്പുകാരനുമായി ഇവർ സ്ഥിരമായി ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പിടികൂടാനായി അജ്മീറിന്റെ വിവിധ ഭാഗങ്ങളിൽ പൊലിസ് തിരച്ചിൽ ആരംഭിച്ചു.

ഇവരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഗുജറാത്ത് ലയൺസിന്റെ രണ്ടു താരങ്ങൾ പൊലീസ് നിരീക്ഷണത്തിലാണെന്ന് കാൻപുർ എസ്പി അറിയിച്ചു. എന്നാൽ, ഇവർ വാതുവയ്പുകാരുമായി ബന്ധപ്പെട്ടെന്നതിന് സ്ഥിരീകരണമില്ല.

related stories