Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒപ്പം നിൽക്കാൻ ശശികല നൽകിയത് 6 കോടിയുടെ സ്വർണം: എംഎൽഎമാർ

Sasikala

ചെന്നൈ∙ എടപ്പാടി പളനി സാമി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ അണ്ണാഡിഎംകെ(അമ്മ) ജനറൽ സെക്രട്ടറി ശശികലയും സംഘവും കോഴ നൽകിയെന്ന്  എംഎൽഎമാർ. സൂളൂർ എംഎൽഎ ആർ.കനകരാജ്, മധുര സൗത്ത് എംഎൽഎ എസ്.എസ്.ശരവണൻ എന്നിവരാണു സർക്കാരിന്റെ നിലനിൽപ് തന്നെ പ്രതിസന്ധിയിലാക്കുന്ന നിർണായക വെളിപ്പെടുത്തൽ നടത്തിയത്. ടിവി ചാനലിന്റെ ഒളിക്യാമറാ ഓപ്പറേഷനിലാണു തുറന്നുപറച്ചിൽ. 

എടപ്പാടി സർക്കാരിനെ പിന്തുണയ്ക്കുന്നതിനു തനി അരസ്, കരുണാസ്, തമീമുൽ അൻസാരി എന്നീ എംഎൽഎമാർ 10 കോടി രൂപ വാങ്ങിയെന്നു ശരവണൻ ക്യാമറയിൽ സമ്മതിക്കുന്നു. സഖ്യകക്ഷി നേതാക്കളായ ഇവർ അണ്ണാഡിഎംകെ ചിഹ്നത്തിൽ മൽസരിച്ചു ജയിച്ചവരാണ്. 

എംഎൽഎമാരെ പാർപ്പിച്ചിരുന്ന കൂവത്തൂർ റിസോർട്ടിൽ നിന്നു സാഹസികമായി ചാടി രക്ഷപ്പെട്ടു പനീർസെൽവത്തോടൊപ്പം ചേർന്ന എംഎൽഎയാണു ശരവണൻ. കനകരാജ് എടപ്പാടി പക്ഷത്താണ്.  ഒപ്പം ചേരാൻ പനീർസെൽവം എംഎൽഎമാർക്ക് ഒരു കോടി വാഗ്ദാനം ചെയ്തെന്നു ശരവണൻ സമ്മതിക്കുന്നു.

മറ്റു വെളിപ്പെടുത്തലുകൾ:  ‘ശശികല സംഘം ആറു കോടി വീതമാണ് എംഎൽഎമാർക്കു നൽകിയത്. പിന്നീട് ഇതിനു തുല്യമായ സ്വർണം നൽകി. കിട്ടാതെ വന്ന ചിലരാണു മറുപക്ഷത്തേക്കു പോയത്. തനിക്കൊപ്പം പോന്നാൽ മന്ത്രിസ്ഥാനം നൽകാമെന്നും പനീർസെൽവം പറഞ്ഞു. കൂവത്തൂർ റിസോർട്ടിൽ മദ്യം സുലഭമായി ഒഴുകി.’

അതിനിടെ, ജയലളിതയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് അന്നത്തെ ഡിജിപി കെ.രാമാനുജം നൽകിയ വ്യാജ റിപ്പോർട്ടാണ് അവർ തന്നെ അവിശ്വസിക്കാൻ കാരണമെന്ന ആരോപണവുമായി ശശികലയുടെ ഭർത്താവ് എം.നടരാജൻ രംഗത്തെത്തി. എംജിആറിന്റെ മരണ ശേഷം ജയലളിതയെ രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ സഹായിച്ചതു താനാണെന്ന അവകാശവാദവും തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഉന്നയിക്കുന്നു.

അതേസമയം, രണ്ടില ചിഹ്നം വിട്ടുകിട്ടുന്നതിനായി ജില്ലാ ഭാരവാഹികളിൽ നിന്നു ശേഖരിച്ച സത്യാവാങ്മൂലം ശശികല പക്ഷം തിരഞ്ഞെടുപ്പു കമ്മിഷന് അയച്ചുകൊടുത്തു. നാലു ലോറികളിലായാണു രേഖകൾ അയച്ചത്.