Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടനിൽ സഖ്യചർച്ചകൾ നീളുന്നു; ടോറികൾക്ക് മുന്നറിയിപ്പുമായി ഡിയുപി

britain പ്രധാനമന്ത്രി തെരേസ മേയ്ക്കും ഡിയുപിക്കുമെതിരെ പ്ലക്കാർഡുകളുമായി പ്രതിഷേധിക്കുന്നവർ

ലണ്ടൻ∙ ബ്രിട്ടനിൽ തിരഞ്ഞെടുപ്പു കഴിഞ്ഞ് ഒരാഴ്ചയായിട്ടും പുതിയ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ അനിശ്ചിതമായി നീളുന്നു. ഭൂരിപക്ഷത്തിന് ഏഴംഗങ്ങളുടെ കുറവുള്ള തെരേസ മേയുടെ കൺസർവേറ്റീവ് പാർട്ടിക്ക് (ടോറികൾ) പത്തു സീറ്റുള്ള അയർലൻഡിലെ പ്രാദേശിക പാർട്ടിയായ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡിയുപി) പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇവർ തമ്മിലുള്ള സഖ്യചർച്ചകൾ തീരുമാനത്തിലെത്താതെ അനിശ്ചിതമായി നീളുകയാണ്. ഇതിനിടെ സഖ്യം ഉറപ്പിക്കുന്ന ഉടമ്പടിയിൽ എത്താതെ തങ്ങളുടെ പിന്തുണ ഉറപ്പാണെന്നു കരുതേണ്ടന്ന് ഡിയുപി ടോറികൾക്ക് മുന്നറിയിപ്പു നൽകി. 

വ്യക്തമായ വ്യവസ്ഥകളോടെയുള്ള സഖ്യമാണ് ഡിയുപി മുന്നോട്ടുവയ്ക്കുന്നത്. ഇതിനായി ടോറികൾക്ക് തങ്ങളുടെ പല പ്രഖ്യാപിത നയങ്ങളിൽനിന്നും നിലപാടുകളിൽനിന്നും പിറകോട്ടുപോകേണ്ടിവരും. ബ്രെക്സിറ്റിന്റെ കാര്യത്തിൽ മാത്രമാണ് ഇരു പാർട്ടികളും തമ്മിൽ അഭിപ്രായഭിന്നത ഇല്ലാത്തത്. ഹാർഡ് ബ്രെക്സിറ്റ് എന്ന നയമാണ് രണ്ടുകക്ഷികൾക്കും. എന്നാൽ മറ്റു പല ആഭ്യന്തര- വിദേശ നയപരിപാടികളിലും ഇരുപാർട്ടികളും വിഭിന്ന ധ്രുവങ്ങളിലാണ്. ഇതിന്മേലുള്ള സമവായത്തിനായാണ് ഇപ്പോഴത്തെ ചർച്ചകൾ. 

രാജ്ഞിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമുമ്പ്  ഇരുപാർട്ടികളും തമ്മിൽ ധാരണയിലെത്തി കർമ പരിപാടികൾ  പ്രഖ്യാപിക്കേണ്ടതുണ്ട്. 28നാണ് രാജ്ഞിയുടെ പ്രസംഗത്തിന്മേലുള്ള വോട്ടെടുപ്പ്. തെരേസ മേയുടെ ന്യൂനപക്ഷ സർക്കാരിന്റെ വിശ്വാസപ്രകടനം കൂടിയാണിത്. ഡിയുപിയുമായി ഇതിനുമുമ്പ് വ്യക്തമായ ധാരണയും സഖ്യവും ഉണ്ടായില്ലെങ്കിൽ സർക്കാർതന്നെ നിലംപൊത്താം. ഇത് രാഷ്ട്രീയ അനിശ്ചിതത്വത്തിനും ഭരണസ്തംഭനത്തിനും ഇടയാക്കും.