Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രശ്നപരിഹാരത്തിന് സൗദിയും കൂട്ടരും മുന്നോട്ടുവച്ച ഉപാധികൾ യുക്തിരഹിതം: ഖത്തർ

qatar

ദോഹ ∙ ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് ഗൾഫ് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നോട്ടുവച്ച ഉപാധികൾ യുക്തിയില്ലാത്തതാണെന്ന് ഖത്തർ. ഇതോടെ പ്രശ്ന പരിഹാരം ഉടൻ ഉണ്ടാകില്ലെന്നുറപ്പായി. ഖത്തറിന്റെ ഔദ്യോഗിക വാർത്താ ചാനലായ അൽ ജസീറ അടച്ചുപൂട്ടുകയെന്നതുൾപ്പെടെ 13 ഉപാധികളാണ് പ്രതിസന്ധി പരിഹരിക്കുന്നതിനായി സൗദിയും കൂട്ടരും മുന്നോട്ടുവച്ചത്. പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് വഴിയാണ് ഇവർ ഉപാധികൾ ഖത്തറിനു കൈമാറിയത്.

സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് പ്രശ്നപരിഹാരത്തിനു മധ്യസ്ഥത വഹിക്കുന്ന കുവൈത്തിനു മുന്നിൽ 13 ഉപാധികൾ വച്ചത്. ഉപാധികളിൻമേലുള്ള തീരുമാനം അറിയിക്കാൻ 10 ദിവസത്തെ സമയമാണ് ഇവർ ഖത്തറിനു നൽകിയിട്ടുള്ളത്. ഇതിനു പിന്നാലെയാണ് ഉപാധികൾ തള്ളിയും നിലപാട് കടുപ്പിച്ചും ഖത്തർ രംഗത്തെത്തിയത്.

അൽ ജസീറ ചാനലും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടുക, ഖത്തറിൽ തുർക്കി സൈന്യത്തിന്റെ സൈനികവിന്യാസം കുറയ്ക്കുക, ഇറാനുമായുള്ള നയതന്ത്രബന്ധം കുറയ്ക്കുക, തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായുള്ള ബന്ധം അവസാനിപ്പിക്കുക, തങ്ങളുടെ (സൗദി, ബഹ്റൈൻ, യുഎഇ, ഈജിപ്ത്) ആഭ്യന്തര കാര്യങ്ങളിൽ പരിധിവിട്ട് ഇടപെടാതിരിക്കുക, ഈ നാലു രാജ്യങ്ങളിൽനിന്നുള്ള പൗരൻമാർക്ക് ഖത്തർ പൗരത്വം നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ഉപാധികളാണ് പ്രശ്നപരിഹാരത്തിന് ഇവർ നിർദേശിച്ചിരുന്നത്.

എന്നാൽ, സൗദിയും കൂട്ടാളികളും മുന്നോട്ടുവച്ച ഉപാധികൾ യുക്തിരഹിതവും അപ്രായോഗികവുമാണെന്ന് ഖത്തർ പ്രതികരിച്ചു. ഇപ്പോഴത്തെ അവസ്ഥ വളരെ സുഖകരമാണ്. ഖത്തറിന്റെ ഇഷ്ടത്തിനനുസരിച്ച് തുടർന്നും പ്രവർത്തിക്കുമെന്നും അതിൽ യാതൊരു പ്രശ്നവുമില്ലെന്നും യുഎസിലെ ഖത്തർ സ്ഥാനപതി പ്രതികരിച്ചു. പ്രതിസന്ധി ഉടൻ പരിഹരിക്കാൻ ഖത്തറിനുമേൽ സമ്മർദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ പരമാധികാരവും സ്വതന്ത്രമാധ്യമ പ്രവർത്തനവും നിയന്ത്രിക്കാനുമാണ് സൗദിയും കൂട്ടരും ശ്രമിക്കുന്നതെന്ന് ഖത്തർ ആരോപിച്ചു. അവർ മറ്റുള്ളവരെ ഭയപ്പെടുത്തി അവരുടെ ആശയങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറിനുമേൽ ഉപരോധം ഏർപ്പെടുത്തിയത്.