Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിർത്തി സംഘർഷത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ പടക്കപ്പലുകൾ

china-ship Representative Image

ന്യൂഡൽഹി∙ അതിർത്തിയിൽ സംഘർഷം രൂക്ഷമാകവെ, ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ പടക്കപ്പലുകൾ. സിക്കിം അതിർത്തിയിലേക്ക് ഇന്ത്യ അയച്ച സൈനികരെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചൈനീസ് പടക്കപ്പലുകളുടെ അസാധാരണമായ സാന്നിധ്യം കണ്ടെത്തിയത്. രണ്ടു മാസത്തിനിടെ 13 ചൈനീസ് പടക്കപ്പലുകളെയാണ് പല സമയങ്ങളിലായി ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.

ഇന്ത്യയുടെ നാവിക സാറ്റലൈറ്റ് രുക്മിണി (ജിസാറ്റ്–7), പൊസീഡൻ–81 എന്ന ദീർഘദൂര നാവികവിമാനം എന്നിവയുടെ പരിശോധനയിലാണു മുങ്ങിക്കപ്പലുകൾ അടക്കമുള്ള ചൈനയുടെ നാവികസന്നാഹങ്ങൾ കണ്ടെത്തിയത്. ഏറ്റവും പുതിയ ലുയാങ്–3 വിഭാഗത്തിലുള്ള മിസൈൽ നശീകരണ മുങ്ങിക്കപ്പലുകൾ ഉൾപ്പെടെയുള്ളവ കൂട്ടത്തിലുണ്ടെന്നാണു വിവരം. കാര്യങ്ങൾ വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കിൽ അതിർത്തി സംഘർഷം യുദ്ധത്തിലേക്കു നീങ്ങാമെന്ന സൂചന ഔദ്യോഗിക പത്രമായ ഗ്ലോബൽ ടൈംസിലൂടെ ചൈന നൽകിയതിന്റെ പശ്ചാത്തലത്തിൽ, അതീവ ഗൗരവത്തോടെയാണ് ഇന്ത്യ സംഭവത്തെ കാണുന്നത്.

അതിർത്തിപ്രശ്നത്തിൽ ഇന്ത്യയ്ക്കെതിരെ ഒട്ടേറെ ആരോപണങ്ങളുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്. സിക്കിം അതിർത്തിയിൽ ചൈനയുടെ പട്ടാളം നിർമിക്കുന്ന പാതയുടെ പണി തടസ്സപ്പെടുത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ നീക്കം, നിലവിലെ ധാരണയെ വഞ്ചിക്കുന്നതാണെന്നു ചൈന ആരോപിച്ചു. ഇതോടെ അതിർത്തിയിൽ സംഘർഷം മുറുകുകയാണ്. ചൈനയുടെ പട്ടാളം നിർമിക്കുന്ന പാതയുടെ പണി തടസ്സപ്പെടുത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ പുതിയ നീക്കം ഇന്ത്യയിലെ സർക്കാരുകൾ തുടർച്ചയായി സ്വീകരിച്ചിരുന്ന നിലപാടുകളെ ഒറ്റിക്കൊടുക്കലാണെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജനറൽ ഷുവാങ് ചൂണ്ടിക്കാട്ടി.

2017 ലെ ഇന്ത്യ 1962 ലെ ഇന്ത്യയിൽനിന്നു വ്യത്യസ്തമാണെന്ന ഇന്ത്യൻ പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്ലിയുടെ പ്രസ്താവനയോട് ‘ചൈനയും പഴയ ചൈനയല്ലെ’ന്നും തങ്ങളുടെ പ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ചൈനയ്ക്ക് അറിയാമെന്നും ജനറൽ ഷുവാങ് പ്രതികരിച്ചു. 55 വർഷം മുൻപ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ യുദ്ധത്തിൽനിന്ന് ഇന്ത്യ ചരിത്രപരമായ പാഠം പഠിക്കണമെന്നു പറഞ്ഞു ചൈന നേരത്തേ 1962 ലെ യുദ്ധത്തിന്റെ കാര്യം പരാമർശിച്ചിരുന്നു. ഈഘട്ടത്തിലാണ് 1962 ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ എന്നോർക്കണമെന്ന് ജയ്റ്റ്ലി പറഞ്ഞത്.

∙ ഇന്ത്യയെ ഉന്നമിട്ട് സംയുക്ത നാവിക പരിശീലനം

ഇന്ത്യയെ ഉന്നമിട്ട് അറബിക്കടലിൽ ചൈനയും പാക്കിസ്ഥാനും ആഴ്ചകൾക്കു മുമ്പ് സംയുക്ത നാവികപരിശീലനം നടത്തിയിരുന്നു. നാലു ദിവസത്തെ പരിശീലനത്തിനായി ചൈനയുടെ മൂന്നു പടക്കപ്പലുകൾ അടക്കമുള്ള സേനയാണ് എത്തിയത്. നിയന്ത്രിത മിസൈൽ നശീകരണ കപ്പൽ 'ചാങ്ചുൻ', മിസൈൽശേഷിയുള്ള യുദ്ധക്കപ്പൽ ‘ജിൻസൗ’, യുദ്ധസാമഗ്രികളുടെയും മറ്റും വിതരണത്തിനുള്ള ‘ചൗഹുവാ’ എന്നീ കപ്പലുകളാണ് പങ്കെടുത്തത്. ഇരുരാജ്യങ്ങളുടെയും നാവികസേനകളുടെ അഞ്ച് ഉപരിതല കപ്പലുകളും രണ്ട് ഹെലികോപ്ടറുകളും പരിശീലന പരിപാടിയിൽ പങ്കെടുത്തു.