Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യൻ മീറ്റിൽ ഇന്ത്യയുടെ സുവർണക്കുതിപ്പ്; കേരളത്തിന് അഭിമാനമായി ചിത്ര, അനസ്

PU Chithra വനിതകളുടെ 1500 മീറ്ററിൽ സ്വർണം നേടിയ പി.യു. ചിത്ര. ചിത്രം: സമീർ എ. ഹമീദ്.

ഭുവനേശ്വർ ∙ ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ആതിഥേയരായ ഇന്ത്യയുടെ സുവർണക്കുതിപ്പ്. മീറ്റിന്റെ ആദ്യദിനമായ ഇന്നലെ രണ്ടു സ്വർണവും ഒരു വെള്ളിയും നാലു വെങ്കലവുമായി ചൈനയെ ഞെട്ടിച്ച് മെഡൽ പട്ടികയിൽ മുന്നിലെത്തിയ ഇന്ത്യ, തുടർച്ചയായ രണ്ടാം ദിനത്തിലും ഈ മികവു തുടർന്നു. ഇന്നു മാത്രം നാലു സ്വർണം നേടിയ ഇന്ത്യയുടെ ആകെ സ്വർണനേട്ടം ആറായി. ഇതിനു പുറമെ ഒരു വെള്ളിയും വെങ്കലവും ഇന്ത്യ ഇന്ന് സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 13 ആയി.

anas-home ഭുവനേശ്വറില്‍ നടക്കുന്ന ഏഷ്യന്‍ അത്‍ലറ്റിക് മീറ്റില്‍ 400 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ മുഹമ്മദ് അനസിന്റെ കൊല്ലം നിലമേലെ വീട്ടില്‍ ബന്ധുക്കൾ ആഹ്ളാദം പങ്കിടുന്നു. ചിത്രം: മനോരമ.

വനിതകളുടെ 1500 മീറ്ററിൽ സ്വർണം നേടിയ പി.യു. ചിത്ര, പുരുഷവിഭാഗം 400 മീറ്ററിൽ സ്വർണം നേടിയ മുഹമ്മദ് അനസ് എന്നിവർ മലയാളത്തിന്റെ അഭിമാനം വാനോളമുയർത്തി. 400 മീറ്ററിൽ ഇന്ത്യയുടെ തന്നെ ആരോക്യ രാജീവ് വെള്ളി നേടി. 400 മീറ്ററിന്റെ സെമിയുമായി ബന്ധപ്പെട്ട ചൈനയുടെ പരാതിയെ തുടർന്ന് സെമി മൽസരങ്ങൾ ഇന്നു വീണ്ടും നടത്തുകയായിരുന്നു. വനിതകളുടെ 400 മീറ്ററിൽ ഇന്ത്യയുടെ തന്നെ നിർമല സ്വർണം നേടിയപ്പോൾ ജിസ്ന മാത്യു വെങ്കലവും നേടി. പുരുഷൻമാരുടെ 1500 മീറ്ററിൽ ഇന്ത്യയ്ക്കായി അജയ് കുമാർ സരോജും സ്വർണം സ്വന്തമാക്കി.

Anas പുരുഷവിഭാഗം 400 മീറ്ററിൽ സ്വർണം നേടിയ മുഹമ്മദ് അനസ്. ചിത്രം: സമീർ എ. ഹമീദ്.

2015ൽ ചൈന ആതിഥ്യം വഹിച്ച മീറ്റിൽ നാലു സ്വർണവും അഞ്ചു വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ 13 മെഡലുകൾ നേടിയ ഇന്ത്യ, മൂന്നാം സ്ഥാനത്തായിരുന്നു. ആതിഥേയരായ ചൈന ഒന്നാം സ്ഥാനം നേടിയപ്പോൾ ഖത്തറായിരുന്നു രണ്ടാമത്. ഇപ്പോൾ തന്നെ കഴിഞ്ഞ തവണത്തെ മെഡൽ നേട്ടത്തിനൊപ്പമെത്തിയ ഇന്ത്യ, ഇത്തവണ സ്വപ്നക്കുതിപ്പാണു നടത്തുന്നത്. 1989ൽ ന്യൂഡൽഹിയിൽ നടന്ന ചാംപ്യൻഷിപ്പിൽ എട്ടു സ്വർണമടക്കം 22 മെഡൽ നേടി രണ്ടാമതെത്തിയതാണ് സ്വന്തം മണ്ണിലെ ഇന്ത്യയുടെ മികച്ച പ്രകടനം.

Nirmala, Jisna 400 മീറ്ററിൽ ഇന്ത്യയുടെ നിർമല സ്വർണം നേടുന്നു. വെങ്കലം നേടിയ ജിസ്ന മാത്യു ഇടത്. ചിത്രം: സമീർ എ. ഹമീദ്.

മീറ്റിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച, പഞ്ചാബുകാരി മൻപ്രീത് കൗർ ഷോട്ട്പുട്ടിലും, തമിഴ്നാടിന്റെ ജി.ലക്ഷ്മണൻ 5,000 മീറ്ററിലും സ്വർണം നേടിയിരുന്നു. രണ്ടാം ദിനമായ ഇന്ന് ആകെ പത്തു ഫൈനലുകളാണുള്ളത്.

Ajay Kumar Saroj പുരുഷൻമാരുടെ 1500 മീറ്ററിൽ സ്വർണം നേടുന്ന ഇന്ത്യയുടെ അജയ് കുമാർ സരോജ്. ചിത്രം: സമീർ എ. ഹമീദ്.
related stories