Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ ലോകകപ്പ് ക്രിക്കറ്റ്: കിവീസിനെ 186 റൺസിന് തകർത്ത് ഇന്ത്യ സെമിയിൽ

Jhulan Goswami

ഡെർബി ∙ വനിതാ ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മല്‍സരത്തില്‍ ന്യൂസിലൻഡിനെ 186 റൺസിന് തകർത്ത് ഇന്ത്യ സെമിഫൈനലിൽ കടന്നു. 266 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് കേവലം 79 റണ്‍സ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. ക്യാപ്റ്റൻ മിതാലി രാജ് നേടിയ തകർപ്പൻ സെഞ്ചുറിയാണ് (109) ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. അഞ്ചു വിക്കറ്റ് നേടിയ രാജേശ്വരി ഗയ്ഗേവാദാണ് കിവീസ് ബാറ്റിങ് നിരയെ വീഴ്ത്തിയത്. സ്കോർ: ഇന്ത്യ–265/7 (50), ന്യൂസിലൻഡ്–79 (25.3).

ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 123 പന്തിൽ 11 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് മിതാലി 109 റൺസ് നേടിയത്. 45 പന്തില്‍ 70 റണ്‍സ് നേടിയ വേദ കൃഷ്ണമൂര്‍ത്തിയുടെ പ്രകടനമാണ് ഇന്ത്യയുടെ റണ്‍റേറ്റ് ഉയര്‍ത്തിയത്. ഹര്‍മന്‍പ്രീത് കൗര്‍ 60 റണ്‍സെടുത്തു. കിവീസ് നിരയിൽ കസ്പാർക്ക് മൂന്നുവിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന്റെ ചിറകരിഞ്ഞത് 7.3 ഒാവറിൽ 15 റൺസ് മാത്രം വിട്ടുനൽകി അഞ്ചു വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗയ്ഗേവാദാണ്. ദീപ്തി ശർമ രണ്ടുവിക്കറ്റും ഇന്ത്യയ്ക്കായി നേടി. 26 റൺസെടുത്ത സറ്റെർവൈറ്റ് ആണ് കിവീസ് നിരയിലെ ടോപ് സ്കോറർ. 1.1 ഒാവറിൽ ആദ്യ വിക്കറ്റ് നഷ്ടമായ ന്യൂസിലൻഡ് 25.3 ഒാവർ ആയപ്പോഴേക്കും എല്ലാവരും പുറത്താവുകയായിരുന്നു.

related stories