Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലാം ദിനവും സനാ ഫാത്തിമ കാണാമറയത്ത്; സങ്കടക്കടലിൽ ഒരു കുടുംബവും നാടും

Sana

കാസർകോട് ∙ പാണത്തൂർ ബാപ്പുങ്കയത്ത് ഇബ്രാഹിമിന്റെ മകൾ സനാ ഫാത്തിമയെ കാണാതായിട്ട് നാലു ദിവസം പിന്നിടുന്നു. കുട്ടിക്കായി തിരച്ചിൽ ഊർജിതമാണെങ്കിലും തിരോധാനത്തിൽ ദുരൂഹത ഏറുകയാണ്. കുട്ടി ആരുടെയെങ്കിലും കയ്യിൽ അകപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിലാണ് ബന്ധുക്കൾ. കേസില്‍ വിപുലമായ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.

കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വ്യാജ വാട്സാപ്പ് സന്ദേശമയച്ചയാളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി. പാണത്തൂരിലെയും സമീപപ്രദേശങ്ങളിലേയും വീടുകളില്‍ തിരച്ചിൽ നടത്തണമെന്നും സനയുടെ ഉറ്റവര്‍ ആവശ്യപ്പെടുന്നു. സന ഒഴുക്കിൽപ്പെട്ടിരിക്കാം എന്ന അനുമാനം മാറ്റിവച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ നിലപാട്.

പ്രദേശത്തുള്ള ആരെങ്കിലും ദുരുദ്ദേശത്തോടെ കുട്ടിയെ തട്ടിയെടുത്തിട്ടുണ്ടാകാനുള്ള സാധ്യതയിലേക്ക് അവര്‍ വിരല്‍ചൂണ്ടുന്നു. സനയെക്കാണാതായി മണിക്കൂറുകൾക്കകം കുട്ടിയെ കണ്ടെത്തി എന്ന് പ്രദേശത്തെ വാട്സാപ്പ് ഗ്രൂപ്പുകളിൽ സന്ദേശം വന്നിരുന്നു. നൗഷാദ് ഇളയമ്പാടി എന്നയാളുടെ പേരിലായിരുന്നു സന്ദേശം. കുട്ടിയുടെ ബന്ധുക്കൾ ഉടന്‍ ഈ നമ്പറിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അല്‍പസമയം കഴിഞ്ഞ് ഇതേ നമ്പറിൽ നിന്ന് തെറ്റായ സന്ദേശം അയച്ചതിൽ ക്ഷമാപണവുമെത്തി.

കാണാതായത് വ്യാഴാഴ്ച വൈകുന്നേരം

വ്യാഴാഴ്ച വൈകുന്നേരമാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതായത്. അങ്കണവാടിയിൽ നിന്നും ഉമ്മയോടൊപ്പമാണ് കുട്ടി വീട്ടിലെത്തിയത്. മുറ്റത്തിറങ്ങി കളിക്കുന്നതിനിടയിൽ കുട്ടിയെ കാണാതാവുകയായിരുന്നു. വീടിനോട് ചേർന്ന് ഒരു ചെറിയ നീർച്ചാലുണ്ട്. മഴപെയ്തൊഴിഞ്ഞ സമയമായതിനാൽ നീർച്ചാലിൽ നല്ല ഒഴുക്കുണ്ടായിരുന്നു.  

കുട്ടി ഒഴുക്കിൽപ്പെട്ടു എന്നാണ് ആദ്യം കരുതിയത്. നീർച്ചാലിനോട് ചേർന്ന് കുട്ടിയുടെ കുട കണ്ടെത്തിയതും സംശയം ബലപ്പെടുത്തി. ഒരു കിലോമീറ്റർ അകലെ പുഴയിലാണ് ഈ നീർച്ചാൽ ചേരുന്നത്. റോഡിനോട് ചേർന്ന് പൈപ്പിലൂടെയാണ് നീർച്ചാലിലെ വെള്ളം കടന്ന് പോകുന്നത്. പൊലീസിന്റെയും നാട്ടുകാരുടേയും നേതൃത്വത്തിൽ പൈപ്പ് പൊട്ടിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. 

സമീപപ്രദേശങ്ങളിലെ വീടുകളിൽ പരിശോധന നടത്തണമെന്ന‌ ആവശ്യം അന്വേഷണ സംഘം പരിഗണിച്ചില്ലെന്ന് പരാതിയുണ്ട്. ഇപ്പോഴത്തെ അന്വേഷണത്തിൽ കുടുംബം തൃപ്തരല്ല. ദിവസങ്ങൾ പിന്നിടുന്തോറും സനയുടെ തിരോധാനത്തിലെ ദുരൂഹതയും ഏറുകയാണ്.

related stories