Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് വെടിവയ്പ്പ്: നിയന്ത്രണരേഖയിൽ 100 ബങ്കറുകളുടെ നിർമാണം ആരംഭിച്ചു

Indian Army soldiers

ജമ്മു∙ നിയന്ത്രണരേഖയ്ക്കു സമീപം രജൗറി ജില്ലയിൽ 100 ബങ്കറുകൾ നിർമിക്കാനുള്ള പ്രവർത്തനങ്ങൾ ജമ്മു കശ്മീർ സർക്കാർ ആരംഭിച്ചു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു നിരന്തരമുണ്ടാകുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങളിൽനിന്നു രക്ഷപ്പെടാനാണു പുതിയ നീക്കം. നൗഷേറ സെക്ടറിൽ ബങ്കറുകൾക്കുള്ള പ്രവർത്തനം ആരംഭിച്ചുവെന്നു ഡപ്യൂട്ടി കമ്മിഷണർ ഡോ. ഷഹീദ് ഇക്ബാൽ ചൗധരി പറഞ്ഞു.

കടുത്ത വെടിവയ്പ്പും ഷെല്ലാക്രമണം ഉണ്ടാകുമ്പോൾ 1,200–1,500 പേരെ ഈ ബങ്കറുകളിൽ സുരക്ഷിതമാക്കാൻ സാധിക്കും. നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി ഉദ്യോഗസ്ഥൻ പരിശോധിക്കുകയും ചെയ്തു. ജനങ്ങളുടെ സുരക്ഷയ്ക്കായി വിവിധ മേഖലകളിൽ 6121 ബങ്കറുകൾ നിർമിക്കാനാണു തീരുമാനം. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള വെടിവയ്പ്പും ഷെല്ലാക്രമണം രൂക്ഷമായ നിയന്ത്രരേഖയിലെ മറ്റുമേഖലകളിലും സമാനമായ രീതിയിൽ ബങ്കറുകൾ നിർമിക്കാൻ നീക്കമുണ്ട്.

2017ൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങളുടെ എണ്ണം വർധിച്ചുവെന്നാണു കണക്ക്. ഒാഗസ്റ്റ് ഒന്നുവരെ മാത്രം 285 തവണ വെടിനിർത്തൽ കരാർലംഘനം നടന്നു. 2016 മുഴുവൻ കണക്കിലെടുത്താൽ ഇത് 228 ആയിരുന്നു. എട്ട് സൈനികർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. എന്നാൽ, ജൂലൈ മാസത്തിൽ മാത്രം പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ഒൻപതു സൈനികർ ഉൾപ്പെടെ 11 പേരാണു മരിച്ചത്. 18 പേർക്കു പരുക്കേറ്റു.