Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൾഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻ വർധന; കൂട്ടിയത് ആറിരട്ടി വരെ

Air India Express

ന്യൂഡൽഹി∙ ഓണവും അവധിയും ആഘോഷിച്ചു മടങ്ങുന്ന മലയാളികളുടെ പോക്കറ്റിൽ കയ്യിട്ടു വാരാനൊരുങ്ങി വിമാനക്കമ്പനികൾ. കേരളത്തിൽനിന്ന് ഗൾഫ് നാടുകളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ആറിരട്ടിവരെ കൂട്ടി. മുപ്പത്തയ്യായിരം രൂപ മുതൽ ഒരു ലക്ഷം വരെയാണു വിവിധ കമ്പനികളുടെ നിരക്ക്. മൂന്നു വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനയാണിതെന്നു ട്രാവൽ ഏജൻസികൾ സാക്ഷ്യപ്പെടുത്തുന്നു.  

സാധാരണ സീസണിൽ 15,000 വരെയായിരുന്നു റിയാദിലേക്കുള്ള നിരക്കെങ്കിൽ ഇപ്പോഴത് 50,000 മുതൽ 85,000 വരെയായി. കുവൈത്തിലേക്കു പറക്കണമെങ്കിൽ 30,000 മുതൽ 88,000 വരെയും ബഹ്റനിലെത്താൻ 75,000 വരെയും കൊടുക്കണം. 5000 മുതൽ 10,000 രൂപ വരെയായിരുന്ന ദുബായ് ടിക്കറ്റ് നിരക്ക് എത്തിനിൽക്കുന്നത് നാൽപ്പതിനായിരത്തിലാണ്. ഏറ്റവും കൂടുതൽ നിരക്കീടാക്കുന്നത് എയിർ ഇന്ത്യയിലും. അബുദാബിക്കു പോകാൻ 30,000 മതൽ അറുപതിനായിരം വരെയാകുമ്പോൾ ഷാർജയിലെത്തുന്നതിനു നാൽപതിനായിരമാകും. ജിദ്ദ യാത്രയാണ് ഏറ്റവും കഠിനം. എത്തിഹാദ് വിമാനത്തിൽ ഒരു ലക്ഷമാണ് ടിക്കറ്റ് നിരക്ക്.

ഗൾഫ് നാടുകളിലിപ്പോൾ അവധിക്കാലമാണ്. അവധിയും ആഘോഷിച്ച് ഓണവും കൂടി മലയാളികൾ മടങ്ങുന്ന സമയമാണ് വിമാനക്കമ്പനികളുടെ ചാകരക്കാലം. അത് പരമാവധി മുതലാക്കുകയാണ് വർധനയുടെ ലക്ഷ്യം. എല്ലാ വർഷവും ഈ സീസണിൽ ടിക്കറ്റ് കൂടാറുണ്ടെങ്കിലും സമീപകാലത്തൊന്നും ഇത്രയുമുണ്ടായിട്ടില്ല. വിമാനനിരക്ക് നിയന്ത്രിക്കാൻ സർക്കാർ ഇടപെടലും അധികാരവും ഇല്ലാത്തതു പറന്നുയരുന്ന ചൂഷണത്തിന് ഊർജമാവുന്നു.