Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണത്തിന് കാന്തല്ലൂർ പച്ചക്കറിയില്ല; വില നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടി

Kanthalloor Vegetable Farm

തൊടുപുഴ∙ ഓണവിപണിയിൽ പച്ചക്കറി വില നിയന്ത്രിക്കാനുള്ള കൃഷിവകുപ്പിന്റെയും ഹോർട്ടികോർപ്പിന്റെയും ശ്രമങ്ങൾക്കു കനത്ത തിരിച്ചടി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇടുക്കിയിലെ ശീതകാലപച്ചക്കറിപ്പാടങ്ങളിൽ വിളവു ഗണ്യമായി കുറഞ്ഞു. കാന്തല്ലൂരിലെ 90% പാടങ്ങളിലും ഇത്തവണ പച്ചക്കറിയില്ല.

കഴിഞ്ഞ ഓണക്കാലം വരെ നൂറു മേനി വിളഞ്ഞ് പാടങ്ങളാണ് ശൂന്യമായി കിടക്കുന്നത്. ഓണം ലക്ഷ്യമിട്ടു വിത്തിറക്കിയതു മുതൽ കാന്തല്ലൂരിൽ കാലാവസ്ഥ വില്ലനായി. കൊടും വേനലിൽ പച്ചക്കറി തൈകളെല്ലാം കരിഞ്ഞുണങ്ങി. വെള്ളം വിലകൊടുത്തു വാങ്ങി ചില കർഷകർ വേനലിനെ അതിജീവിച്ചു. വിളവെടുപ്പിനു തൊട്ടു മുൻപു കാലംതെറ്റി പെയ്ത മഴയിൽ മിച്ചംവച്ച പച്ചക്കറികളും ചീഞ്ഞളിഞ്ഞു.

കഴിഞ്ഞ വർഷം കാന്തല്ലൂരിൽ 800 ഹെക്ടറിലായിരുന്നു പച്ചക്കറി കൃഷി. ഇത്തവണ ഇത് 120 ഹെക്ടറിലേക്കു ചുരുങ്ങി. തമിഴ്നാട്ടിലും ഉത്പാദനം കുറഞ്ഞതോടെ പച്ചക്കറിക്കെല്ലാം വില ഉയർന്നു. കർഷകർക്കു മുൻകൂർ പണം നൽകി പച്ചക്കറി സംഭരിക്കാൻ ഇടനിലക്കാരും ശ്രമം തുടങ്ങി. ദൗർലഭ്യം മുതലെടുത്ത് ഓണത്തിനു കൊള്ളലാഭം കൊയ്യുകയാണു ലക്ഷ്യം.