Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂളിൽ വൻ തീ പിടിത്തം; നയ്റോബിയിൽ ഏഴ് കുട്ടികൾ വെന്തുമരിച്ചു

Moi-Girls-School തീ പിടിത്തത്തിൽ കുട്ടികൾ മരിച്ച മോയ് ഗേൾസ് സ്കൂളിലേക്ക് എത്തിയ വിദ്യാർഥികളും രക്ഷിതാക്കളും. ചിത്രത്തിനു കടപ്പാട്: എംപാഷോ

നയ്റോബി∙ കെനിയയുടെ തലസ്ഥാനമായ നയ്റോബിയിലെ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ ഏഴ് കുട്ടികൾ കൊല്ലപ്പെട്ടു. പത്തു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച പുലർച്ചെ മോയ് ഗേൾസ് സ്കൂളിലാണ് അപകടമുണ്ടായത്. ഒരു ഡോർമിറ്ററി പൂർണമായും കത്തിയമർന്നതായി വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. ഡോർമിറ്ററികളിലൊന്നിൽ പുലർച്ചെ രണ്ടോടെ തീ പിടിക്കുകയായിരുന്നു. 1183 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണിത്. രാജ്യത്തെ ഏറ്റവും മികവുള്ള സ്കൂളിൽ ഒന്നാണിതെന്നും അപകടത്തിൽ വളരെ ദുഃഖമുണ്ടെന്നും വിദ്യാഭ്യാസ സെക്രട്ടറി ഫ്രെഡ് മതിയാംഗി പറഞ്ഞു.

പുലർച്ചെ ആയതിനാലാണ് മരണസംഖ്യ കൂടിയത്. സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. അന്വേഷണത്തിന്റെ ഭാഗമായി രണ്ടാഴ്ച സ്കൂൾ അടച്ചിടാനും സർക്കാർ തീരുമാനിച്ചു.