Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘രാജധാനിയും’ തട്ടിയെടുക്കാൻ തമിഴ്നാട്; ചുക്കാൻ പിടിക്കുന്നത് പൊൻ രാധാകൃഷ്ണൻ

Rajadhani Express

കൊച്ചി∙ കേരളത്തിന്റെ രാജധാനി ട്രെയിൻ തട്ടിയെടുക്കാൻ തമിഴ്നാട് എംപിമാരുടെ ശ്രമം. തിരുവനന്തപുരം - നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് കന്യാകുമാരി വരെ നീട്ടാൻ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനാണു സമ്മർദ്ദം ചെലുത്തുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയെ സംസ്ഥാന തലസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നവയാണ് രാജധാനി ട്രെയിനുകൾ. നിലവിൽ ആഴ്ചയിൽ മൂന്നു ദിവസമുള്ള രാജധാനി സർവീസ് പ്രതിദിനമാക്കണമെന്നു കേരളം ആവശ്യപ്പെട്ടു വരുന്നതിനിടയിലാണു ട്രെയിൻ കന്യാകുമാരിയിലേക്കു നീട്ടാൻ ശ്രമം നടക്കുന്നത്.

കേരളത്തിനുള്ളതുപോലെ തമിഴ്നാടിനും ചെന്നൈയിൽനിന്നു ഡൽഹിക്കു രാജധാനിയുണ്ട്. ഇതു കന്യാകുമാരിയിലേക്കു നീട്ടാതെ കേരളത്തിന്റെ സർവീസ് തട്ടിയെടുക്കാനാണു നീക്കം. ആദ്യം കന്യാകുമാരിയിലേക്കും പിന്നീടു മധുരയിലേക്കും ട്രെയിൻ നീട്ടുമെന്നാണു സൂചന. ഫലത്തിൽ യാത്ര ആരംഭിക്കുന്ന സ്റ്റേഷനിൽനിന്നുള്ള എമർജൻസി ക്വോട്ട ഉൾപ്പെടെ നഷ്ടമാകുന്നതു തിരുവനന്തപുരം മുതലുളള യാത്രക്കാർക്കു തിരിച്ചടിയാകും. വേഗം കൂടിയ ട്രെയിനുകളിലൊന്നായ രാജധാനി രാഷ്ട്രീയക്കാരുടെയും ജനപ്രതിനിധികളുടെയും പ്രിയപ്പെട്ട ട്രെയിനുകളിലൊന്നാണ്.

തമിഴ്നാടിന്റെ സ്റ്റേഷനുകളായ കോയമ്പത്തൂർ, നാഗർകോവിൽ, കന്യാകുമാരി, തിരുനെൽവേലി എന്നിവടങ്ങളിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ ഒരുകാലത്തും കേരളത്തിലേക്കു നീട്ടാൻ അവർ അനുവദിക്കാറില്ല. അതേസമയം, തിരുവനന്തപുരത്തു യാത്ര അവസാനിപ്പിക്കേണ്ട പരശുറാം, ഏറനാട്, ജയന്തി ജനത, ബിലാസ്പൂർ, ഹാപ്പ, ദാദർ എന്നിവ പല കാലങ്ങളിലായി നാഗർകോവിൽ, കന്യാകുമാരി, തിരുനെൽവേലി എന്നിവിടങ്ങളിലേക്കു നീട്ടുകയും ചെയ്തു. കേരളത്തിന്റെ ട്രെയിനുകളെല്ലാം വേണം താനും അവിടെനിന്നുള്ളവയൊന്നും കേരളത്തിനു തരാനും കഴിയില്ലെന്ന തീർത്തും അവസരവാദപരമായ നിലപാടാണ് ഈ വിഷയത്തിൽ തമിഴ്‌നാട്ടിലെ റെയിൽവേ യാത്രക്കാരുടെ സംഘടനകൾക്കും ജനപ്രതിനിധികൾക്കുമുള്ളത്.

കേരളത്തിന്റെ എംപിമാർ ഇടപെട്ടില്ലെങ്കിൽ രാജധാനിയും കേരളത്തിനു നഷ്ടമാകും. ഇന്നു രാജധാനി ചോദിക്കുന്നവർ നാളെ കേരള എക്സ്പ്രസ് തമിഴ്നാട്ടിലേക്കു ചോദിച്ചെന്നു വരാം. ഈ പ്രവണത മുളയില്ലേ നുള്ളിയില്ലെങ്കിൽ കേരളത്തിന്റെ പ്രധാന ട്രെയിനുകളെല്ലാം തമിഴ്നാട്ടിൽനിന്നു സർവീസ് ആരംഭിക്കുന്ന സ്ഥിതിയുണ്ടാകും.

തമിഴ്നാട്ടിൽനിന്നുള്ള ഏക ബിജെപി എംപിയെന്ന നിലയിലാണു പൊൻ രാധാകൃഷ്ണനു കേന്ദ്രത്തിൽ വലിയ പരിഗണന ലഭിക്കുന്നത്. പുതിയ റെയിൽവേ മന്ത്രിയായി പീയുഷ് ഗോയൽ ചുമതല ഏറ്റെടുത്തതിനു തൊട്ടുപിന്നാലെയുണ്ടായ നീക്കം കേരളത്തിന് അപായസൂചനയാണു നൽകുന്നത്.

തിരുവനന്തപുരം ഡിവിഷൻ വിഭജിച്ചു മധുര ഡിവിഷനിൽ ചേർക്കാനും തിരുനൽവേലി ആസ്ഥനമായി പുതിയ ഡിവിഷൻ രൂപീകരിക്കാനുള്ള നീക്കത്തിനും ഇദ്ദേഹമാണു ചുക്കാൻ പിടിക്കുന്നത്. ഇതിനുള്ള നീക്കം രണ്ടു മാസം മുൻപ് വിവാദമായതോടെ ഇപ്പോൾ റെയിൽവേ അതേക്കുറിച്ചു മിണ്ടുന്നില്ലെന്നു മാത്രമേയുള്ളൂ.

related stories