Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പളനിസാമിയിൽ ജനങ്ങൾക്കു വിശ്വാസമില്ല, സർക്കാരിനെ മറിച്ചിടും: ദിനകരൻ

TTV Dinakaran

ചെന്നൈ ∙ അണ്ണാ ഡിഎംകെയിൽനിന്നും ശശികല വിഭാഗത്തെ പുറത്താക്കിയതിനു പിന്നാലെ സംസ്ഥാന സർക്കാരിനെ മറിച്ചിടുമെന്ന ഭീഷണിയുമായി ടി.ടി.വി. ദിനകരൻ. പളനിസാമി സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് ദിനകരന്റെ ഭീഷണി. തനിക്കൊപ്പം ഇപ്പോഴും 21 എംഎൽഎമാരുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എത്രയും വേഗം പളനിസാമി സർക്കാർ രാജിവയ്ക്കണം. ഇല്ലെങ്കിൽ സർക്കാരിനെ മറിച്ചിടാനും മടിക്കില്ലെന്ന് ദിനകരൻ ഭീഷണി മുഴക്കി.

പളനിസാമി സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തി 21 എംഎൽഎമാർ ഒപ്പിട്ട കത്ത് ഗവർണർക്കു കൈമാറിയിട്ടുണ്ടെന്നും ദിനകരൻ വ്യക്തമാക്കി. സര്‍ക്കാര്‍ ന്യൂനപക്ഷമായിട്ടും ഗവര്‍ണര്‍ വിദ്യാസാഗർ റാവു നടപടിയെടുക്കുന്നില്ലെന്നും ദിനകരൻ വിമർശിച്ചു. പളനിസാമിക്ക് ഭരിക്കാനാവശ്യമായ 117 എംഎൽഎമാരുടെ പിന്തുണയില്ലെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണം. മുഖ്യമന്ത്രിയെയും മന്ത്രിസഭയേയും മാറ്റേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്ന് പാർട്ടിയെ കരകയറ്റേണ്ടതുണ്ട്. ഏതാനും ദിവസം കൂടി കാത്തിരിക്കാനാണ് ഗവർണർ നൽകിയ നിർദ്ദേശം. തനിക്കൊപ്പമുള്ള 21 എംഎൽഎമാരും വിശ്വാസവോട്ടെടുപ്പു വന്നാൽ പളനിസാമി സർക്കാരിനെതിരെ വോട്ടു ചെയ്യുമെന്നും ചെന്നൈയിൽ നടത്തിയ പത്രസമ്മേളനത്തിൽ ദിനകരൻ വ്യക്തമാക്കി. സർക്കാർ ന്യൂനപക്ഷമായി മാറിയ സാഹചര്യത്തിൽ ജനറൽ കൗൺസിൽ കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളെയും കോടതിയിൽ ചോദ്യം ചെയ്യുമെന്നും ദിനകരൻ അറിയിച്ചു. ഇപ്പോഴും ജനങ്ങൾ കൂടെയുണ്ടെന്ന് വിശ്വാസമുണ്ടെങ്കിൽ, രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ പളനിസാമി–പനീർസെൽവം വിഭാഗം തയാറാകണമെന്നും ദിനകരൻ ആവശ്യപ്പെട്ടു.

പാർട്ടിക്കു രണ്ടില ചിഹ്നം നഷ്ടമാകാൻ കാരണം പനീർസെൽവമാണ്. ജനങ്ങൾ ഞങ്ങൾക്കൊപ്പമാണ്. പനീർസെൽവത്തിനും പളനിസാമിക്കുമെതിരെ പോരാടാൻ ഞങ്ങൾക്ക് അവരുടെ പിന്തുണ മതി. അമ്മയുടെ (ജയലളിത) യഥാർഥ അനുയായി ഞാനാണെന്ന് ജനങ്ങൾക്കറിയാം. പളനിസാമിയെയും പനീർസെൽവത്തെയും അവർക്കു വിശ്വാസമില്ല.

പാർട്ടിയെയും തമിഴ്നാട്ടിലെ ജനങ്ങളെയും അവർ ചതിച്ചു. ഒരിക്കൽക്കൂടി തമിഴ്നാട്ടിലേക്ക് ‘അമ്മ’യുടെ ഭരണം കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. യഥാർഥ പോരാട്ടം ഞങ്ങളും ഡിഎംകെയും തമ്മിലാണ്. എടപ്പാടി പളനിസാമി മുഖ്യമന്ത്രി കസേരയിൽ ഇനിയും ഇരുന്നുകാണാൻ തനിക്കു താൽപര്യമില്ലെന്നും ദിനകരൻ വ്യക്തമാക്കി.

ശശികല വിഭാഗത്തിലെ നേതാക്കളെ പുറത്താക്കുന്നതിനായി പളനിസാമി വിളിച്ചുചേർത്ത ജനറൽ കൗൺസിൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിനകരനും സംഘവും ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് ഈ ആവശ്യം നിരാകരിച്ചതിനെ തുടർന്ന് ഡിവിഷൻ ബെഞ്ചിനെയും സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ച് വിധി ശരിവയ്ക്കുകയാണുണ്ടായത്. കോടതിയുടെ സമയം വെറുതെ കളഞ്ഞതിന് ഒരു ലക്ഷം രൂപ പിഴയുമിട്ടു. ഇതിനു പിന്നാലെ ചേർന്ന ജനറൽ കൗൺസിൽ ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും ദിനകരൻ ഉൾപ്പെടെയുള്ളവരെ പാർട്ടിയിൽനിന്നും പുറത്താക്കുകയും ചെയ്തിരുന്നു.