Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുണെയിൽ മലയാളിയായ ഹോട്ടൽ നടത്തിപ്പുകാരൻ അടിയേറ്റു മരിച്ചു

abdul-aziz-hotel-sagar ഹോട്ടൽ സാഗർ. ഇൻസെറ്റിൽ അബ്ദുൽ അസീസ്.

പുണെ∙ മലയാളിയായ ഹോട്ടൽ നടത്തിപ്പുകാരൻ മഹാരാഷ്ട്രയിലെ പുണെയിൽ അടിയേറ്റു മരിച്ചു. കണ്ണൂർ പരലശേരി സ്വദേശി അബ്ദുൽ അസീസാണു മരിച്ചത്. സംഭവത്തിനു പിന്നിൽ ഹോട്ടലിരിക്കുന്ന സ്ഥലത്തിന്റെ ഉടമയാണെന്നും ഇയാൾക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ആവശ്യപ്പെട്ട് അസീസിന്റെ കുടുംബവും മലയാളി സംഘടനാ പ്രവർത്തകരും രംഗത്തെത്തി.

പുണെയിലെ ശിവാപൂരിൽ കഴിഞ്ഞ 40 വർഷമായി സാഗർ എന്ന ഹോട്ടൽ നടത്തിവരികയായിരുന്നു അബ്ദുൽ അസീസ്. 99 വർഷത്തെ പാട്ടത്തിനു സ്ഥലമെടുത്തു ഹോട്ടൽ നടത്തിവരികയായിരുന്നു. എന്നാൽ, സ്ഥലമുടമ ഹോട്ടല്‍ വിട്ടുതരണമെന്നാവശ്യപ്പെട്ടു നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നതായി അസീസിന്റെ കുടുംബം പറയുന്നു. സ്ഥലമുടമ സഞ്ജയ് കോണ്ടെയുമായി ഇക്കാര്യത്തിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായുണ്ടായ സംഘർഷമാണ് അസീസിന്റെ മരണത്തില്‍ കലാശിച്ചതെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. ഹോട്ടലിലെത്തിയ സഞ്ജയ് കോണ്ടെ അസീസിനെ മർദിച്ചതായും നിലത്തിട്ടു ചവിട്ടിയതായും അസീസിന്റെ മകൻ റയീസ് പറഞ്ഞു.

സഞ്ജയ് കോണ്ടെയ്ക്കെതിരെ കൊലപാതകത്തിനു കേസെടുക്കണമെന്നു സ്ഥലത്തെ മലയാളിസംഘടനാപ്രവർത്തകർ ആവശ്യപ്പെട്ടു. സംഭവത്തിൽ, പ്രാഥമിക നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം, പുണെ സസൂൺ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ചായിരിക്കും പുനർനടപടികൾ.  

related stories